തണുത്തുവിറച്ച് ഉത്തരേന്ത്യ
ന്യൂഡൽഹി: അതിശൈത്യത്തിന്റെ പിടിയിൽ ഉത്തരേന്ത്യയും. പല നഗരങ്ങളിലും കൂടിയ താപനില 15 ഡിഗ്രിയായി താഴ്ന്നു. തലസ്ഥാന നഗരമടക്കം പലയിടത്തും കനത്ത മൂടൽമഞ്ഞു പടർന്നു. ഡൽഹിയിൽ ക്രിസ്മസ് ദിനത്തിൽ കുറഞ്ഞ താപനില 5.3 ഡിഗ്രിയായിരുന്നു. ഇന്നലെ അത് 3 ഡിഗ്രിയായി. കൂടിയ താപനില 16 ഡിഗ്രി. സാധാരണ ഈ കാലത്തുണ്ടാകുന്നതിലും 5 ഡിഗ്രിയോളം കുറവാണിത്. കാഴ്ചപരിധി 50 മീറ്ററിലും കുറയുന്ന വിധമുള്ള മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെ ബാധിച്ചു. പത്തോളം ട്രെയിനുകളും വൈകി.
പഞ്ചാബിലും ഹരിയാനയിലും കശ്മീരിലും രാജസ്ഥാൻ, യുപി എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലും കൊടും തണുപ്പാണ്. ഡൽഹിയിൽ ചില സ്കൂളുകൾ അവധി നേരത്തേയാക്കി. കശ്മീരിൽ തണുപ്പു കാരണം വെള്ളം കട്ടപിടിച്ച് ജലവിതരണം തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. ദാൽ തടാകത്തിൽ മഞ്ഞുറഞ്ഞത് പമ്പിങ്ങിനെ ബാധിച്ചു.
അടുത്ത 2 ദിവസം കൂടി ഇതേ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മുംബൈയിലും ശൈത്യം പിടിമുറുക്കുകയാണ്. ക്രിസ്മസ് ദിനത്തിൽ നഗരത്തിലെ കുറഞ്ഞ താപനില 15 ഡിഗ്രി വരെ താഴ്ന്നിരുന്നു.


- Advertisement -


Comments are closed.