ദൈവമക്കളുടെ വിചാരങ്ങൾ പോലും ദൈവത്തിന് പ്രസാദമുള്ളതും വിശുദ്ധിയുള്ളതും ആയിരിക്കണം: ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്

റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ സമാപിച്ചു

എറണാകുളം: നമ്മൾ ഓരോരുത്തരുടെയും വിചാരങ്ങൾ പോലും ദൈവത്തിന് പ്രസാദമുള്ളതും വിശുദ്ധിയുള്ളതും ആയിരിക്കണം എന്ന് ദി പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ് പ്രസ്താവിച്ചു. സഭയുടെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ എറണാകുളം സെന്റർ വാർഷിക കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പണം, വിദ്യാഭ്യാസം, പദവി, വസ്തുവകകൾ എന്നിവ കൊണ്ട് ഒന്നും ദൈവീക സമാധാനം പ്രാപിക്കാൻ കഴിയുകയില്ല, ക്രമപ്പെടുത്തണ്ട കാര്യങ്ങൾ ക്രമപ്പെടുത്തി ക്രിസ്തുവിന്റെ വീണ്ടും വരവിനായി ഒരുങ്ങണം എന്ന് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ പറഞ്ഞു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടന്ന രാത്രി യോഗങ്ങളിൽ കോഴിക്കോട് സെന്റർ പാസ്റ്റർ എം.സി ബാബുകുട്ടി, പത്തനംതിട്ട സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി എന്നിവർ പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സുവിശേഷ പ്രസംഗം, പൊതുയോഗം, സംയുക്ത സഭായോഗം എന്നിവ ചന്തിരൂര്‍ ദി പാലസ് കൺവൻഷൻ സെന്ററിലും വേദപാഠം, കാത്തിരിപ്പ് യോഗം, പ്രത്യേക പ്രാർത്ഥന, യുവജന സമ്മേളനം എന്നിവ എൻ.എച്ച് 47 ന് സമീപമുള്ള എരമല്ലൂർ റ്റി.പി.എം സഭാഹാളിലും നടന്നു.
സഭയുടെ 2022 ലെ സെന്റർ കൺവൻഷനുകളുടെ തുടക്കമായ എറണാകുളം സെന്റർ കൺവൻഷനിൽ സഭയുടെ 2021 -22 ലെ പുതിയ 8 മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കി.
ഇന്ന് നടന്ന സംയുക്ത സഭായോഗത്തിൽ എറണാകുളം സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാജൻ എന്നിവർ സെന്റർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.