ലേഖനം: ബലം ദൈവത്തിലുള്ളവർ ഭാഗ്യവാന്മാർ | ജോസ് പ്രകാശ്

മനുഷ്യർ സാധാരണയായി ഈ ലോകത്തിലെ ക്ഷണികമായ വസ്തുക്കളിലും വ്യക്തികളിലും ഒക്കെയാണ് ബലം കണ്ടെത്തുന്നത്. എന്നാൽ ഇഹത്തിലെ ബലമൊന്നും ശാശ്വതമല്ലായ്കയാൽ അതിൽ ആശ്രയിക്കുന്നവർ നിർഭാഗ്യരാകുന്നു.

പക്ഷെ മോക്ഷപുരി ലക്ഷ്യമാക്കി മുന്നോട്ടു ഓടുന്ന നമ്മുടെ ജീവന്റെ ബലം സാക്ഷാൽ നിത്യനായ ജീവനുള്ള ദൈവമാണ്. ദൈവത്തിൽ നിന്നും പകരപ്പെടുന്ന ബലം ജീവപര്യന്തം നിലനിൽക്കുന്നതാണ് അത് കണ്ടെത്തിയ നാം നിച്ഛയമായും ഭാഗ്യമുള്ളവരാണ്.

തങ്ങളുടെ ബലത്തിന്റെ സ്രോതസ്സ് ദൈവത്തിലുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടാകും. അവരുടെ ചിന്തയും ലക്ഷ്യവും സ്വർഗ്ഗ സീയോൻ ആയതുകൊണ്ട് അനുദിന ജീവിതത്തിലും അത് പ്രതിഫലിക്കും. ബലം സീകരിക്കുന്നതു നിത്യനായ ദൈവത്തിൽ നിന്നായതുകൊണ്ടു
വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും നിത്യാനന്ദപൂരിതമായ സീയോൻപുരത്തെക്കുറിച്ചായിരിക്കും.

●ബലത്തിന്റെ ഉറവിടം:
ബലം ദൈവത്തിന്നുള്ളതെന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ട്. യിസ്രായേലിന്റെ ദൈവമാണ് തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നത്. നമുക്ക് ബലം കല്പിക്കുന്നതും ദൈവമാണ്.

●ബലം വരുന്ന വഴി:
നിരന്തര ദൈവീക സാമിപ്യത്തിൽ വസിക്കുന്നവരും ദൈവത്തെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കുന്നവരുമാണ് ഈ ബലം പ്രാപിക്കുന്നത്. ബലമില്ലാത്തവർക്കു ദൈവം ബലം വർദ്ധിപ്പിക്കും.

അതിരാവിലെ ദാഹത്തോടെ ദൈവീകബലവും മഹത്വവും കാണേണ്ടതിനു പതിവായി പ്രാർത്ഥനയോടെ ദൈവമുഖത്തേക്ക് നോക്കിയിരിക്കുന്നവരും ഇത് കണ്ടെത്തും.

●ബലത്തിന്റെ ആവശ്യകത:
കണ്ണുനീർ താഴ്വരയും കൂരിരുൾ (മരണ) താഴ്വരയും കരുത്തോടെ കടക്കുവാൻ ഈ ബലം അത്യന്താപേക്ഷിതമാണ്.

ക്ഷീണിച്ചു പോകാതെ സീയോൻ യാത്ര പൂർത്തിയാക്കേണ്ടതിനു ദിനവും
മേല്ക്കുമേൽ ഈ ബലം പ്രാപിക്കേണം. കൈവെടിപ്പുള്ളവർ മേല്ക്കുമേൽ ബലം പ്രാപിക്കും.

വഴിയാത്രയിലെ ബലഹീനതകളിൽ വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, ദൈവത്തിന്റെ മഹിമാസന്നിധിയായ സീയോനിൽ ചെന്നെത്തുന്നതുവരെ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ
പ്രയാണം തുടരുവാനും ഈ ബലം സർവ്വപ്രധാനമാണ്.

ഇപ്പോഴത്തെ വൈഷമ്യങ്ങളെ തരണം ചെയ്ത്,
നാം പ്രത്യാശ വെച്ചിരിക്കുന്ന സ്വർഗ്ഗസീയോനിൽ ചെന്നെത്തുന്നത് വരെ ബലവാനായ ദൈവത്തിൽ നിന്നും ആത്മീക ബലം പ്രാപിച്ച് മുന്നേറാം.
” ബലം യഹോവയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ…”
മാറാനാഥ.

തുടർ ധ്യാനത്തിന് : സങ്കീർത്തനങ്ങൾ 84:4-7

ജോസ് പ്രകാശ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading