ലേഖനം: പാലിംപ്സെസ്റ്റ് (Palimpsest) | പാ. സണ്ണി പി. സാമുവൽ

“ബാല്യത്തിൽ ന്യായപ്രമാണം പഠിക്കുന്നതു് പുതിയ പേപ്പറിൽ എഴുതുന്നതു പോലെയാണ്. എന്നാൽ വൃദ്ധനായ ശേഷം പഠിക്കുന്നതോ പാലിംസെസ്സിൽ എഴുതുന്നതിനു സമമാണ്.

-റബ്ബി എലീശാ ബെൻ അബൂയാഹ്

‘പാലിംപ്സെസ്റ്റ്’ നമുക്ക് അത്ര സുപരിചിതമായ വാക്കല്ല. അത് ഒരു സാങ്കേതിക പദമാണ്(Technical Term). പുരാതന കാലത്ത് കൈയെഴുത്തു പ്രതികൾ തയ്യാറാക്കുകയും പകർത്തിയെഴുതുകയും ചെയ്തിരുന്ന വിദഗ്ദ്ധ ശാസ്ത്രിമാരും(Ready Scribes) കൈയെഴുത്തു വിദ്യാ വിദഗ്ദ്ധരും(Calligraphers) സർവ്വ സാധാരണമായി ഉപയോഗിച്ചിരുന്ന ഒരു വാക്കാണ്. അച്ചടിവിദ്യ കണ്ടുപിടിക്കപ്പെട്ടിട്ടില്ലഞ്ഞ അക്കാലത്തു ഗ്രന്ഥങ്ങളും, ഔദ്യോഗിക രേഖകളും, വിധികളും, വിളംബരങ്ങളും, ഒക്കെ കൈയെഴുത്തു പ്രതികളായിട്ടായിരുന്നു (Manuscripts) തയ്യാറാക്കിയിരുന്നത്.
അന്ന് പേപ്പറിനു പകരം പാപ്പിറസ്, തോൽ എന്നിവ കൊണ്ട് ഉണ്ടക്കിയ ചുരുളുകൾ ആയിരുന്നുവല്ലോ എഴുതുവാൻ ഉപയോഗിച്ചിരുന്നത്. പ്രത്യേക അളവിൽ ഒരേ പോലെ മുറിച്ചെടുത്ത ചെറിയ പേജുകൾ നന്നായി കുത്തിക്കെട്ടിയെടുത്തായിരുന്നു ചുരുളുകൾ നിർമ്മിച്ചിരുന്നത്.

ഇന്ന് ‘പാർച്ചുമെന്റുകൾ’ (Parchments) എന്നു പറയപ്പെടുന്ന ചുരുളുകൾ അന്ന് പെർഗമാനെ (Pergamane) എന്നാണ് അറിയപ്പെട്ടിരുന്നത്. ചെമ്മരിയാട്, കോലാട്, പശു, മാൻ വർഗ്ഗത്തില്പെട്ട ശുദ്ധിയുള്ള മൃഗങ്ങളുടെ തോൽ ഊറയ്ക്കിട്ട് സംസ്കരിച്ചെടുത്താണ് തോൽ ചുരുൾ നിർമ്മിച്ചിരുന്നത്. പുരാതന കാലത്ത് ഈ വിദ്യയിൽ ഏറ്റവും മുന്നിട്ടു നിന്നിരുന്നത് ‘പെർഗമോസ്’ (Pergamos) എന്ന സ്ഥലമായിരുന്നു. ആകയാൽ അവിടെ നിർമ്മിച്ചു വിപണനം ചെയ്തിരുന്ന ചുരുളുകളെ സ്ഥലപ്പേര് ചേർത്തു വിളിച്ചു വന്നു. ഈ ചുരുളുകൾ ഗുണനിലവാരത്തിൽ അന്ന് ലോകോത്തരം ആയിരുന്നു. അതിനാൽ ക്രമേണ ‘പെർഗമാനെ’ എന്ന വാക്ക് ‘ഉന്നതനിലവാരമുള്ളത്’ എന്നർത്ഥം വരുന്ന പദമായി മാറി.

വില കൂടിയത് ആയിരുന്നതിനാൽ പെർഗമാനെയുടെ ലഭ്യത മാർക്കറ്റിൽ വളരെ കുറവായിരുന്നു. എന്നിരുന്നാലും, അതു ഒഴിവാക്കാനാവാത്തതും ആയിരുന്നു. ഗുണനിലവാരം, സാമ്പത്തിക ലാഭം എന്നിവ ലക്ഷ്യമിട്ട് പെർഗമാനെ ചുരുളുകളിൽ നിന്നും മുമ്പു എഴുതിയിരുന്ന ലിഖിതങ്ങളെ മുഴുവനായും ചുരണ്ടി കളയുകയോ, കഴുകി കളയുകയോ ചെയ്തിട്ട് അതിൽ പുതിയ പ്രമാണ രേഖകൾ എഴുതും. ഇങ്ങനെ പുനരുപയോഗം അഥവാ പുനരെഴുത്ത് നടത്തിയ ചുരുളുകളെയാണ് പാലിം പ്സെസ്റ്റ് എന്നു വിളിച്ചിരുന്നത്. ഒരു സ്മാരക സ്തംഭത്തിന്റെയോ തകിടിന്റെയോ (Monument) എഴുതിയിട്ടില്ലാത്ത പുറംവശത്ത് പുനർ മുദ്രണം ചെയ്യുന്നതിനെയും പാലിംപ്സെസ്‌റ്റ് എന്നു വിളിച്ചു വരുന്നു. ആർക്കിയോളജി, ജിയോ മോർഫോളജി, ആർക്കിടെ ക്ട് വിഭാഗങ്ങളാണ് ഇങ്ങനെ ഈ വാക്ക് അനൗപചാരിക (Colloqually) പദമായി ഉപയോഗിക്കുന്നത്.

പദോല്‌പത്തി
പുരാതന യവനായ ഭാഷയിൽ നിന്നും ലത്തീൻ ഭാഷയിലൂടെ ആംഗലേയ ഭാഷയിലേക്കു കുടിയേറിയ വാക്കാണ് പാലിംപ്സെസ്‌റ്റ്‌. “വൃത്തിയായി തുടച്ചു പുനരുപയോഗത്തിനായി തയ്യാറാക്കപ്പെട്ടതു്,” എന്നാണ് ആ വാക്കിന് ഗ്രീക്കു ഭാഷയിൽ അർത്ഥം. പുരാതന ഗ്രീക്കുകാർ മെഴുകു പുരട്ടി മിനുസ്സപ്പെടുത്തിയ ഫലങ്ങളിൽ (Tablets) പ്രത്യേക എഴുത്താണി(Stylus) ഉപയോഗിച്ചാണ് എഴുതിയിരുന്നത്. ഇത്തരം മെഴുകു ലേപിത ഫലകങ്ങൾ ഉപയോഗത്തിൽ ആധുനിക സ്ക്രാച്ചു പാഡുകൾക്കു സമമായിരുന്നു! ഇത്തരം ഫലകങ്ങൾ പുനരുപയോഗിക്കപ്പെട്ടിരുന്നു. ഫലകങ്ങളുടെ പുറത്ത് പൂശി ആവരണം ചെയ്തിരുന്ന മെഴുക് നന്നായി തൂത്ത് മിനുക്കിയെടുത്ത് അതിൽ വീണ്ടും എഴുതുമായിരുന്നു. ചരിത്രത്തിൽ, യവനായർക്കു പിന്നാലെ വന്ന റോമാക്കാരും ഈ സമ്പ്രദായം പിന്തുടർന്നിരുന്നു.

തുകൽ ചുരുൾ തുടയ്ക്കുന്ന വിധം

പാപിറസ്, പേപ്പർ എന്നിവയേക്കാൾ ഈടുറ്റതും ആയുസ്സുറ്റതും ആയിരുന്നു തുകൽ ചുരുളുകൾ. എന്നാൽ തുകലിന്റെ ഉയർന്ന വിലയും ലഭ്യതക്കുറവും സാധാരണക്കാരെ പാപിറസ്സിലേക്ക് അടുപ്പിച്ചു. എന്നിരുന്നുലും ജനങ്ങൾക്കും ആഭിമുഖ്യം തുകൽ ചുരുൾ തന്നെ ആയിരുന്നു. ഇതാണ് തുടച്ചെഴുത്തിലേക്കു നയിച്ച ഘടകം. പാപിറസ്സിൽ തുടച്ചെഴുത്ത് സുസാദ്ധമല്ലായിരുന്നു. എന്നിട്ടും റോമാക്കാർ അത് പരീക്ഷിച്ചു നോക്കി. അവർ പുനരെഴുത്തു നടത്തിയ പാപിറസ്സ് പാലിംപ്സെസ്റ്റുകൾ, കാലത്തെ അതിജീവിച്ചവ, കണ്ടെത്തിയിട്ടുണ്ട്.

ഓട്സിന്റെ തവിട് അഥവാ ഉമി, (Oats Bran)പാല് എന്നിവ ഉപയോഗിച്ചായിരുന്നു തുകൽ ചുരുളുകളിലെ എഴുത്തുകൾ കഴുകിയിരുന്നത്. തുടർന്ന് നന്നായി ഉണക്കിയെടുത്ത് അവ പുനരുപയോഗിക്കുമായിരുന്നു.

ന്യൂനതകൾ

ഇത്രയും ക്രമീകൃതരീതിയിൽ പുനരാലേഖനം നടത്തിയാലും കാലപ്പഴക്കത്തിൽ, ആദ്യം എഴുതി തുടച്ചു കളഞ്ഞ, അക്ഷരങ്ങൾ ക്രമേണ മങ്ങി തെളിഞ്ഞു വരിക പതിവായിരുന്നു. കീഴക്ഷരങ്ങൾ (Under writings) എന്നർത്ഥം വരുന്ന Scripto Inferior എന്നാണ് ഇങ്ങനെ തെളിഞ്ഞു വന്ന അക്ഷരങ്ങളെ വിളിച്ചിരുന്നത്. നൂറ്റാണ്ടുകൾ കഴിയുമ്പോൾ, പലകാരണങ്ങളാൽ, ഈ ചുരുൾ വായിച്ചെടുക്കുക ശ്രമകരമാണ്. കീഴക്ഷരങ്ങൾ തെളിയുകയും മേലക്ഷരങ്ങൾ മങ്ങുകയും ചെയ്യുന്നതാണ് അതിൽ പ്രധാനം. മാത്രമല്ല, എഴുത്തുകൾക്കിടയിലെ കാലദൈർഘ്യത്തിൽ ഭാഷയ്ക്കുണ്ടായ മാറ്റങ്ങളും വ്യത്യാസങ്ങളും മറ്റൊരു കാരണമാണ്. ഇങ്ങനെയുള്ള ചുരുളുകൾ വായിച്ചെടുത്ത് വ്യാഖ്യാനിക്കുന്ന (Decipher) വിദഗ്ദ്ധർ ഉണ്ടായിരുന്നു.

‘Strike while the iron is hot,’ എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. അവസരങ്ങളെ പ്രയോജനപ്പെടുത്തുക (Avail the opportunities) എന്നാണ് അതിന്നർത്ഥം. സൈദ്ധാന്തികനും മഹാജ്ഞാനിയും ഉപരി വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന എലീശാ ബെൻ അബൂയാഹ് പരന്ന വായനക്ക് ഉടമയും ആയിരുന്നു. നിരീക്ഷണത്തിലൂടെയും പ്രായോഗികതയിലൂടെയും അദ്ദേഹം ആർജ്ജിച്ചെടുത്ത് ലോകത്തിനു നല്കിയ മേല്പറഞ്ഞ വാക്കുകൾ ശിശുമന:ശാസ്ത്രത്തിലേക്കു വിരൽ ചൂണ്ടുന്നു. അത് എത്ര കൃത്യമാണ്. കതിരിൽ വളമിടുവാൻ പാടില്ലല്ലോ. ദൈവവചനം ഹൃദയത്തിന്റെ മാംസപ്പലകയിൽ മഷി കൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ തന്നെ എഴുതപ്പടേണ്ടിയിരിക്കുന്നു(2കൊരി:3:3). ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിൽ എഴുതും (യിരെ:31:33). നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും… (2തിമൊ:3:14,15). ശിശുഹൃദയം തൂവെള്ള പേപ്പർ പോലെയാണ്. അതിൽ ദൈവവചനം എഴുതുവാൻ നിയോഗിക്കപ്പെട്ടവർ എത്ര ഭാഗ്യമുള്ളവർ. അവർ തങ്ങളുടെ ദൗത്യം നിർവ്വഹണത്തിൽ ഉറ്റിരിക്കട്ടെ. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം കഴിഞ്ഞ് ഹൃദയത്തിൻ പുതിയതൊന്ന് എഴുതിയാലും ക്രമേണ പഴയ എഴുത്തുകൾ തെളിഞ്ഞു വരാൻ സാദ്ധ്യതയുണ്ട്. അത് Decipherചെയ്യുക ദുരൂഹം ആയിരിക്കും. കുട്ടികൾ നാളെ അനേകർ വായിച്ചറിയുന്ന പത്രങ്ങളായി തീരുമല്ലോ.

പാ. സണ്ണി പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply