മാർച്ച് 13 പ്രത്യേക പ്രാർത്ഥന ദിനമായി വേർതിരിക്കാനുള്ള ആഹ്വാനവുമായി ഐ.പി.സി കേരള സ്റ്റേറ്റ്
കുമ്പനാട് : ലോകരാജ്യങ്ങളിൽ ആകമാനം ബാധിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വ്യാപിച്ചതിനാൽ അതീവ ജാഗ്രത പുലർത്തിയിരിക്കുന്ന ഈ അവസരത്തിൽ വിശ്വാസികൾ ശക്തമായ പ്രാർത്ഥനക്കായി മാർച്ച് 13ന് വെള്ളിയാഴ്ച പ്രാർത്ഥനാദിനമായി വേർതിരിയ്ക്കണമെന്ന് ഐ.പി.സി കേരളാ സ്റ്റേറ്റ് ആഹ്വാനം ചെയ്തു. മാർച്ച് 12ന് രാത്രി 12 മണി മുതൽ മാർച്ച് 13 രാത്രി 12 മണി വരെയാണ് പ്രാർത്ഥിയ്ക്കേക്കേണ്ടത്.
ശുശ്രൂഷകന്മാരും വിശ്വാസികളും അവരവരുടെ സാഹചര്യങ്ങളനുസരിച്ച് ഭവനങ്ങളിലൊ ചെറു സംഘങ്ങളായോ പ്രാർത്ഥിക്കണം. ഇതിനായി ലോക്കൽ, സെൻ്റർ തലങ്ങളിൽ ശുശ്രൂഷകന്മാർ ക്രമീകരണങ്ങളും നേതൃത്വവും നല്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി ഏബ്രഹാം, സംസ്ഥാന സെക്രട്ടറി ഇൻ ചാർജ് പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ എന്നിവർ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
കേരള സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും പാലിയ്ക്കണമെന്നും എല്ലാ വിശ്വാസികളും ജാഗരൂഗരായിരിയ്ക്കണമെന്നും വളരെ വിവേകത്തോട് പ്രവർത്തിക്കുകയും ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു. മാർച്ച് 10ന് കുമ്പനാട് കൂടിയ എക്സിക്യൂട്ടീവ് കമ്മിയാണ് ഈ തീരുമാനമെടുത്തത്.