കെ.ഇ. സെർവ് ’26 – സിൻടെക് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ജേഴ്‌സി പ്രകാശനം നടന്നു
ഷാർജ: യു.എ.ഇ.യിലെ ക്രൈസ്തവ കായികപ്രേമികളെ ഒരേ കുടക്കീഴിൽ അണിനിരത്തി ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ. ചാപ്റ്റർ പ്രോജക്ട് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെ.ഇ. സെർവ് ’26 – സിൻടെക് കപ്പ് ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2-ന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം നടന്നു.

ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 6-ൽ നടന്ന പരിപാടിയിൽ കെ.ഇ. മാനേജ്‌മെന്റ് കൗൺസിൽ അംഗവും ഇഗ്‌നൈറ്റർ ചീഫ് എഡിറ്ററുമായ പാസ്റ്റർ റിബി കെന്നത്ത് അധ്യക്ഷത വഹിച്ചു. കെ.ഇ. യു.എ.ഇ. ചാപ്റ്റർ പ്രസിഡന്റ് ബ്രദർ ജിൻസ് ജോയ് സ്വാഗതം ആശംസിച്ചു. കെ.ഇ. പ്രോജക്ട് ജനറൽ വൈസ് പ്രസിഡന്റും മാനേജ്‌മെന്റ് പ്രതിനിധിയുമായ ബ്രദർ ജോൺസൺ വെടിക്കാട്ടിൽ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
തുടർന്ന് 2026 ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ഐ.പി.സി. യു.എ.ഇ. റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ഡോ. കെ.ഒ. മാത്യുവിന് നൽകി നിർവഹിച്ചു. കെ.ഇ. യു.എ.ഇ. ചാപ്റ്റർ പ്രോജക്ട് വൈസ് പ്രസിഡന്റ് ബ്രദർ റോബിൻ ലാലച്ചൻ സെർവ് 26 – സിൻടെക് കപ്പ് ടൂർണമെന്റിന്റെ ലഘുവിവരണം നൽകി.
യു.പി.എഫ്. പ്രസിഡന്റ് പാസ്റ്റർ സക്കറിയ എബ്രഹാം, പി.വൈ.പി.എ. യു.എ.ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ രൂഫസ് ജോസഫ്, യു.പി.എഫ്. സെക്രട്ടറി ബ്രദർ ഫിന്നി രാജു , എ.ജി.എം.ഡി സി. സെക്രട്ടറി: പാസ്റ്റർ നിഷാന്ത്. എം. ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
കെ.ഇ. സെർവ് 26-ന്റെ സ്പോൺസർമാരായ സിൻടെക് ടെക്നിക്കൽ സർവീസസ്, ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജി, മണിയാട്ട് ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികൾ ജേഴ്‌സി പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. യു.എ.ഇ. ചാപ്റ്റർ ട്രഷറർ ബ്രദർ ക്രിസ്റ്റി ചെറിയാൻ സ്പോൺസർമാരെ പരിചയപ്പെടുത്തി. യു.എ.ഇ. ചാപ്റ്റർ സീനിയർ എക്സ്-ഒഫീഷ്യൽ പാസ്റ്റർ ബിജു വർഗീസും യു.എ.ഇ. ചാപ്റ്റർ മീഡിയ വൈസ് പ്രസിഡന്റ് ബ്രദർ ജോമോൻ പറക്കാട്ടും പ്രാർത്ഥിച്ചു. യു.എ.ഇ. ചാപ്റ്റർ സെക്രട്ടറി ബ്രദർ റോബിൻ മാത്യു ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
ക്രൈസ്തവ സമൂഹത്തിലെ കായികപ്രതിഭകളെ ഒരുമിപ്പിച്ച് വിവിധ സംഘടനകളുടെ മതിൽക്കെട്ടുകൾക്കപ്പുറം സഭകൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ഐക്യവും വളർത്താൻ ഈ ടൂർണമെന്റിലൂടെ കഴിയുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. കായികക്ഷമതയ്ക്കും കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകുന്ന ഇത്തരം കായികമേളകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാസ്റ്റർ കെ.ഒ. മാത്യു ഓർമിപ്പിച്ചു.
വിവിധ സഭകളിൽ നിന്നുള്ള കായികപ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്ന ഈ ടൂർണമെന്റ് ഇതിനോടകം തന്നെ യു.എ.ഇ.യിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജിയുടെയും മണിയാട്ട് ഗ്രൂപ്പിന്റെയും സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിന്റെ യോഗ്യതാ മത്സരങ്ങൾ നവംബർ 8-ന് അൽ ഐനിലും നവംബർ 15-ന് ഷാർജയിലും നവംബർ 22-ന് അബുദാബിയിലും നടക്കും. നവംബർ 29-ന് ഷാർജയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും. സീസൺ ഒന്നിന്റെ ഗംഭീര വിജയത്തിനു ശേഷം എത്തുന്ന ഈ ടൂർണമെന്റിൽ 60-ലധികം ടീമുകൾ മാറ്റുരയ്ക്കും.
ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടുക: +971 55 800 1720, +971 56 149 4886

- Advertisement -


Comments are closed.