ലേഖനം: ക്രിസ്തുമസിന്റെ വെളിച്ചവും സന്ദേശവും | രാജി ബെന്നി

ക്രിസ്തുമസ് വെളിച്ചവും പ്രതീക്ഷയും പങ്കുവെക്കുന്ന ദിനമാണ്; പക്ഷേ അത് ഒരു ദിവസത്തെ ആഘോഷമായി മാത്രം ഒതുങ്ങാൻ ഇടയാകരുത്. ദൈവം മനുഷ്യനായി വന്നത് നമ്മുടെ ജീവിതത്തിലെ ഇരുട്ടിൽ വെളിച്ചമാകാനാണ് , മനുഷ്യചരിത്രത്തിലേക്ക് ദൈവം തന്നെ ഇറങ്ങിവന്ന അത്ഭുത സംഭവമാണ് യേശുവിൻറെ ജനനം

“വചനം ദേഹിയായി നമ്മുടെ ഇടയിൽ പാർത്തു” (യോഹന്നാൻ 1:14)

ദൈവം ദൂരത്ത് നിന്നു മനുഷ്യനെ രക്ഷിക്കാനല്ല, മനുഷ്യനായി നമ്മുടെ ഇടയിലേക്ക് വന്ന് മനുഷ്യനെ വീണ്ടെടുക്കാനാണ് തിരഞ്ഞെടുത്തത്. അതാണ് ക്രിസ്തുമസിന്റെ അത്ഭുതം. യേശുക്രിസ്തുവിന്റെ ജനനം അധികാരത്തിന്റെയോ സമ്പത്തിന്റെയോ പ്രദർശനമായിരുന്നില്ല. ബെത്ലഹേമിലെ ഒരു പുൽക്കൂട്ടിൽ, സമൂഹം അവഗണിച്ച ഇടയന്മാർക്കിടയിൽ, സ്വർഗ്ഗത്തിന്റെ രാജാവ് ജനിച്ചു.

“അവൻ ദരിദ്രനായിത്തീർന്നു; നിങ്ങൾ അവന്റെ ദാരിദ്ര്യത്തിലൂടെ സമ്പന്നരാകേണ്ടതിന്ന്” (2 കൊരിന്ത്യർ 8:9)

ഈ വിനയവും താഴ്മയും തന്നെയാണ് ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം.

ക്രിസ്തുമസ് ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ തുടക്കമാണ്; അത് കുരിശിലൂടെയും പുനരുത്ഥാനത്തിലൂടെയും പൂർണ്ണതയിൽ എത്തി.

“പാപികളെ രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത്” (ലൂക്കോസ് 19:10)

ഈ രക്ഷ സകല മനുഷ്യർക്കും ലഭിക്കുന്ന കൃപയാണ്. അതുകൊണ്ടുതന്നെയാണ് ദൂതന്മാർ വിളിച്ചു പറഞ്ഞത്:

“സകല ജനത്തിനും ഉണ്ടായിരിക്കേണ്ട മഹാസന്തോഷത്തിന്റെ വാർത്ത” (ലൂക്കോസ് 2:10)

ഇന്ന് നമ്മൾ ചിന്തിക്കേണ്ടത്: നാം ക്രിസ്തുവിനെ ഒരു ആഘോഷവിഷയമായി മാത്രം കാണുന്നുണ്ടോ, അതോ ജീവിതത്തിന്റെ കർത്താവായി സ്വീകരിക്കുന്നുണ്ടോ?

“ഞാൻ ലോകത്തിന്റെ വെളിച്ചമാണ്; എന്നെ അനുഗമിക്കുന്നവൻ ഇരുട്ടിൽ നടക്കുകയില്ല” (യോഹന്നാൻ 8:12)

ക്രിസ്തുമസിൽ വിളക്കുകളുടെ വെളിച്ചം മാത്രം മതിയാകില്ല. ഹൃദയത്തിന്റെ ഇരുട്ടിൽ ക്രിസ്തുവിന്റെ വെളിച്ചം തെളിയുമ്പോഴാണ് ക്രിസ്തുമസ് പൂർണ്ണമാകുന്നത്. സമാധാനം ഒരു ആശംസയല്ല, അനുഭവമാകുകയും സ്നേഹം ഒരു വാക്കല്ല, ജീവിതമാകുകയും ചെയ്യണം.

യേശു ജനിച്ചതിന്റെ സന്ദേശം ഒരു ദിവസത്തിൽ മാത്രം ഒതുങ്ങരുത്; അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും ജീവിക്കപ്പെടേണ്ട സത്യമായിരിക്കണം. ബേത്ലഹേമിലെ ശിശു ഒരു ആഘോഷചിഹ്നമല്ല; മനുഷ്യനെ പുതുക്കുന്ന രക്ഷകനാണ്.

അതിനാൽ ക്രിസ്തുമസ് ദിനത്തിൽ മാത്രം ഓർക്കപ്പെടുന്ന യേശുവല്ല, നമ്മുടെ ദൈനംദിന തീരുമാനങ്ങളിലും ബന്ധങ്ങളിലും മൂല്യങ്ങളിലും ജീവിക്കുന്ന ക്രിസ്തുവാണ് ലോകത്തിന് ഇന്ന് ആവശ്യം.

അലങ്കാരങ്ങളും വിളക്കുകളും അഴിച്ചുവെച്ചാലും, ഹൃദയത്തിൽ തെളിഞ്ഞ ക്രിസ്തുവിന്റെ വെളിച്ചം അണയരുത്.

കാരണം ക്രിസ്തുമസ് ഒരു ദിവസത്തിന്റെ ഓർമ്മയല്ല ജീവിതം മുഴുവൻ നിറഞ്ഞു നിൽക്കേണ്ട ദൈവസാന്നിധ്യമാണ്.

രാജി ബെന്നി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading