ലേഖനം: ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമായ യാഗം|പാസ്റ്റർ ഡോ. ബെൻസൺ യോഹന്നാൻ
പാസ്റ്റർ. ഡോ. ബെൻസൺ യോഹന്നാൻ
“നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമായ യാഗമായി സമർപ്പിപ്പിൻ” (റോമർ 12:1).
എഴുതപ്പെടുന്ന ഓരോ വചനചിന്തയും വായനക്കാരെ ദൈവവചനത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും, ആത്മീയ ജീവിതത്തിൽ പ്രായോഗികമായി നടപ്പിലാക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതാണ്. റോമർ 12:1 നമ്മോട് ചെയ്യുന്ന വിളി അതേ രീതിയിൽ വളരെ ശക്തമായതാണ്.
1.ജീവിച്ചിരിക്കുന്ന യാഗം ഒരു പുതുമയുള്ള വിളി
പഴയ നിയമകാലത്ത് യാഗം എന്നും മരണത്തിലൂടെയായിരുന്നു – പശു, ആട്, പക്ഷി എന്നിവയെ ബലിപീഠത്തിൽ കൊന്ന് സമർപ്പിക്കൽ. എന്നാൽ ക്രിസ്തുവിന്റെ സകലസർവോത്തമമായ യാഗത്തിനു ശേഷം, നമ്മിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് മരിച്ച യാഗമല്ല, ജീവിച്ചിരിക്കുന്ന യാഗമാണ്.
ജീവിച്ചിരിക്കുന്ന യാഗം എന്നു പറയുന്നത്, ദിവസേനയും നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും ദൈവത്തിന് പ്രസാദകരമായ രീതിയിൽ ജീവിക്കുക എന്നാണ്. സഭയിലെ ആരാധന മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളും ദൈവാരാധനയായിത്തീരുമ്പോഴാണ് യഥാർത്ഥ യാഗം സംഭവിക്കുന്നത്.
2.വിശുദ്ധി ക്രിസ്ത്യാനിയുടെ മുഖമുദ്ര
“വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല” (എബ്രായർ 12:14).
വിശുദ്ധി ഒരിക്കൽ കിട്ടുന്ന ഒരു അനുഗ്രഹമല്ല; അത് ദിനേന പാലിക്കേണ്ട ജീവിതശൈലിയാണ്.
ഇന്നത്തെ ലോകം വ്യാജവാഗ്ദാനങ്ങളും, അനാചാരങ്ങളും, അഴിമതിയും നിറഞ്ഞിരിക്കുന്നു. വിശ്വാസികൾക്കായി വലിയ വെല്ലുവിളിയാണിത്. എങ്കിലും, ലോകം അഴിമതി വഴികളിൽ നടക്കുമ്പോൾ, ക്രിസ്ത്യാനി വ്യത്യസ്തമായി, സത്യത്തിലും നീതിയിലും നടക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.
സഭയിലെ യുവാക്കളും കുട്ടികളും, തൊഴിൽ സ്ഥലങ്ങളിലെ വിശ്വാസികളും, കുടുംബങ്ങളിൽ മാതാപിതാക്കളും – എല്ലാവരും തന്നെയാണ് വിശുദ്ധിയുടെ പ്രതിഫലനം കാണിക്കേണ്ടവർ.
3.ശരീരം ദൈവത്തിന്റെ ആലയമാണ്
1കൊരിന്ത്യർ 6:19ൽ പറയുന്നത് പോലെ, നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. അതിനാൽ, നമ്മുടേതായ ഇഷ്ടത്തിനായി മാത്രമല്ല, ദൈവത്തിന്റെ ഇഷ്ടത്തിനായി ശരീരത്തെ ഉപയോഗിക്കണം.
ഇന്ന് സമൂഹം ശരീരത്തെ ഒരു വാണിജ്യ വസ്തുവായാണ് കാണുന്നത്. സൗന്ദര്യം, ലഹരി, ആസ്വാദനം – എല്ലാം ശരീരത്തെ ദൂഷിപ്പിക്കുന്ന വഴികളായി മാറിയിരിക്കുന്നു. എന്നാൽ വിശ്വാസികൾ അവരുടെ ശരീരത്തെ ശുദ്ധമായ യാഗമായി ദൈവത്തിന് സമർപ്പിക്കുമ്പോഴാണ് ലോകത്തിന് സാക്ഷ്യം നൽകുന്നത്.
4.ഇന്നത്തെ കാലഘട്ടത്തിലെ പ്രായോഗിക പ്രസക്തി
• നീതിയും സത്യവും പാലിക്കുക– അഴിമതി നിറഞ്ഞ ലോകത്ത് ക്രിസ്ത്യാനി വ്യത്യസ്തമായി നടക്കണം.
• ശുദ്ധമായ ബന്ധങ്ങൾ– സ്വാർത്ഥതയോ സ്വേച്ഛയോ അടിസ്ഥാനമാക്കിയല്ല, ദൈവഭക്തിയിൽ അധിഷ്ഠിതമായ ബന്ധങ്ങൾ ഉണ്ടാക്കണം.
• സേവന മനോഭാവം– സ്വാർത്ഥലാഭത്തിനായി മാത്രമല്ല, മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കണം.
• ആരോഗ്യകരമായ ജീവിതം– ശരീരം ദൈവത്തിന്റെ ആലയമാണെന്ന തിരിച്ചറിവോടെ, ഭക്ഷണത്തിലും ശീലങ്ങളിലും ആത്മനിയന്ത്രണത്തിലും ശ്രദ്ധ പുലർത്തണം.
• സോഷ്യൽ മീഡിയയിലെ വിശുദ്ധി– ഇന്നത്തെ തലമുറ ഏറെ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിലാണ്. അവിടെ പോലും ക്രിസ്ത്യാനിയുടെ സാക്ഷ്യം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത വേണം.5. ദൈവത്തിന് പ്രസാദകരമായ യാഗം. ദൈവത്തിന് പ്രസാദകരമായ യാഗം, ഞായറാഴ്ച സഭയിൽ ആരാധനയിൽ മാത്രം നടക്കുന്ന ഒന്നല്ല. അത് കുടുംബജീവിതത്തിലും, തൊഴിൽ സ്ഥലത്തും, സമൂഹത്തിനിടയിലും പ്രകടമാകേണ്ടതാണ്. • സ്നേഹത്തിലും കരുണയിലും ജീവിക്കുക •ക്ഷമയിലും സഹനത്തിലും നിലകൊള്ളുക •പ്രാർത്ഥനയിലും ആരാധനയിലും സ്ഥിരത പുലർത്തുക •മറ്റുള്ളവർക്ക് പ്രകാശവും ഉപ്പുമാകുക. റോമർ 12:1 നമ്മോട് ഓർമ്മിപ്പിക്കുന്നത്, ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് നമ്മുടെ മുഴുവൻ ജീവിത സമർപ്പണം ആണെന്ന്. യേശുവിന്റെ ക്രൂശിലെ യാഗം നമ്മെ രക്ഷിച്ചു. ഇപ്പോൾ നമ്മുടെ വിളി, നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമായ യാഗമായി സമർപ്പിക്കാനാണ്. സഭയിലെ ഓരോ കുടുംബവും, വിശ്വാസിയും, യുവാക്കളും ജീവിച്ചിരിക്കുന്ന യാഗമായി മാറുമ്പോൾ മാത്രമേ സമൂഹം യഥാർത്ഥത്തിൽ ദൈവത്തെ കാണുകയുള്ളു.


- Advertisement -

Comments are closed.