ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വീണ്ടും മലയാളി ബിഷപ്പ്: ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി ഫാദർ സാജു നിയമിതനായി

KE News Desk l London, UK

ലണ്ടൻ: ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മലയാളി വൈദികൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി അഭിഷിക്തനായി. 43 കാരനായ സാജു മുതലാളിയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റത്.
ചർച്ച് ഓഫ് ഇംഗ്ളണ്ടിലെ ബ്രാഡ്‌വെല്ലിലെ ബിഷപ്പ് ജോൺ പെരുമ്പലത്താണ് ആദ്യ മലയാളി ബിഷപ്പ്
മലങ്കര ഓർത്തഡോക്സ് സഭയുടെ ഭാഗമായിരുന്ന സാജു ബാംഗ്ലൂരിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്നും 2001-ൽ ദൈവശാസ്ത്രത്തിൽ (BTh) ബിരുദം നേടി. 2001-ൽ യുകെയിലെ ഓക്‌സ്‌ഫോർഡിലെ വൈക്ലിഫ് ഹാളിലുള്ള ഇവാഞ്ചലിക്കൽ ആംഗ്ലിക്കൻ ദൈവശാസ്ത്ര കോളേജിൽ വൈദിക പരിശീലനം നേടി. 2008-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (BTh) തുടർബിരുദം നേടി.

സാജു മുതലാളി 2008-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഡീക്കനായും 2009-ൽ വൈദികനായും നിയമിതനായി. 2008 മുതൽ 2011 വരെ ബ്ലാക്ക്ബേൺ രൂപതയിലെ ലാൻകാസ്റ്ററിലെ സെന്റ് തോമസ് പള്ളിയിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം കാർലിസ്ൽ രൂപതയിലേക്ക് മാറുകയും 2011 മുതൽ 2015 വരെ സെന്റ് തോമസ് ചർച്ച് കെൻഡൽ, സെന്റ് കാതറിൻസ് ചർച്ച് ക്രൂക്ക് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 2015 ൽ കെന്റിലെ റോച്ചസ്റ്റർ രൂപതയുടെ കീഴിലുള്ള സെന്റ് മാർക്ക് ചർച്ച് ജില്ലിങ്‌ഹാം ആൻഡ് സെന്റ് മേരിസ് ഐലന്റിന്റെ ചുമതലയുള്ള പുരോഹിതനായി. 2019-ൽ ജില്ലിങ്‌ഹാം സെന്റ് മാർക്ക്സ് ദേവാലയത്തിന്റെ വികാരിയായി നിയമിതനായി.

2021 നവംബർ 12-ന് ലെസ്റ്റർ രൂപതയുടെ സഫ്രഗൻ ബിഷപ്പായ ലോഫ്ബറോയിലെ പുതിയ ബിഷപ്പായി സാജു മുതലാളിയെ നിയമിച്ചതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി നിയമിതനായി.

യൂത്ത് ആൻഡ് കമ്മ്യൂണിറ്റിയിൽ സേവനമനുഷ്ഠിക്കുന്ന കാറ്റിയാണ് സാജുവിന്റെ ഭാര്യ. മക്കൾ: ജോനാ(8), എബ്രഹാം (9), സിപ്പ് (10), സെഫ് (12).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading