ചെറു ചിന്ത:ദൈവം അരിഷ്ടനെ തന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു | ഷാന്റി പി ജോൺ

ഏതു മനുഷ്യനെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നാളയെ കുറച്ചുള്ള പ്രതീക്ഷകൾ ആണ്. ജീവിതത്തിൽ ആകസ്മീകമായ് തകർച്ചകൾ ഉണ്ടാകുമ്പോൾ എൻ്റെ വിധി എന്ന് പറഞ്ഞു പരിതപിക്കുന്നവർ ആണ് നമ്മിൽ ഭൂരിപക്ഷം പേരും. സങ്കടം അനുഭവിക്കുമ്പോൾ തന്നെ ആ തപ്ത അനുഭവങ്ങൾക്ക് ആക്കം കൂട്ടുന്ന തിക്താനുഭവങ്ങൾ ജീവിതത്തിൽ കടന്നു വരാറുണ്ട്. ജീവിതത്തിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ പ്രശ്നങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു വരുമ്പോൾ നാം തളർന്നു പോകാറും ഉണ്ട്. ഇയ്യോബിന്റെ പുസ്തകത്തിൽ പറയുന്നത് പോലെ കഷ്ടത്തിൽ അകപ്പെടാതിരിക്കാൻ നമ്മുടെ നിലവിളിയും ശക്തമായ പരിശ്രമങ്ങളും ഒക്കെ മതിയാകാതെ വരാരും ഉണ്ട്. അരിഷ്ടത അല്ലെങ്കിൽ കഷ്ടത അനുഭവിക്കാൻ ആരും ഇഷ്ടപെടാറില്ല. ഭൂരിപക്ഷം ആളുകളും ആഡംബര ജീവിതം ആഗ്രഹിക്കുന്നില്ലെങ്കിലും കഷ്ടത ഇല്ലാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്

ഒരു മുള്ളു കൊണ്ട് മുള്ളെടുക്കുന്നു എന്ന് പഴമക്കാർ പറയുന്നത് പോലെ ദൈവം അരിഷ്ടനെ തന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു.കഷ്ടത അനുഭവിക്കുന്ന വ്യക്തിയുടെ കഷ്ടത മാറ്റാൻ ദൈവം മറ്റൊരു കഷ്ടതയിലൂടെ കടത്തിവിടുന്നു. ഒരു കഷ്ടതയുടെ ഭാരം തന്നെ സഹിക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ കൂനിന്മേൽ കുരു എന്ന മലയാള പ്രയോഗം അർത്ഥമാക്കുന്നത് പോലെ മറ്റൊരു കഷ്ടത ജീവിതത്തിൽ കടന്നു വരുന്നു. അത്തരം സാഹചര്യങ്ങളിൽ നാം പലപ്പോഴും പറയുന്ന വാക്കുകൾ ആണ് ഞാൻ നേരത്തെ സൂചിപ്പിച്ചതു പോലെ എൻ്റെ വിധി ആണ്,എൻ്റെ ഭാഗ്യക്കേടാണ്, എൻ്റെ ഗ്രഹപ്പിഴ തുടങ്ങിയ വാക്കുകൾ.

എൻ്റെ ഒരു സഹോദരിയുടെ ജീവിതാനുഭവം ഇതിനോട് കൂടെ ചേർക്കട്ടെ . സാമ്പത്തികമായി വളരെ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സമയം. ഭർത്താവ് സ്ഥലത്തില്ലാതിരിക്കുന്ന സാഹചര്യം. മൂന്നു മാസം ഗർഭവതിയായ തനിക്കും 2കുഞ്ഞുങ്ങൾക്കും ആഹാരത്തിനു പോലും പ്രയാസം അനുഭവിക്കുന്ന കാലം. ഒഴിച്ച് കൂടാൻ വയ്യാത്ത സാഹചര്യത്തിൽ കുറച്ചു യാത്രചെയ്യുകയും തന്മൂലം ബ്ലീഡിങ് ഉണ്ടാകുകയും ചെയ്തു. കയ്യിൽ പണമില്ലാത്തതിനാൽ സുഹൃത്തുക്കളുടെ സഹായത്താൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്തു. എന്നാൽ നാളുകൾക്കു മുൻപ് സഹോദരിയുടെ
ഭർത്താവ് സാമ്പത്തീകമായി സഹായിച്ച ഒരു വ്യക്തി വിവരം അറിയുകയും അവർക്കു കൊടുക്കാനുള്ള പൈസയുമായി എത്തുകയും ചെയ്തു. സ്കാൻ ചെയ്തു നോക്കിയപ്പോൾ ഗർഭസ്ഥ ശിശുവിനു ഒരു കുഴപ്പവും ഇല്ല എന്ന് അറിയുവാൻ ഇടയായി. അവൾ അനുഭവിച്ച പ്രയാസത്തിൽ തക്ക സമയത്തു ലഭിച്ച പണം അവൾക്കു ഭർത്താവ് തിരിച്ചു വരുന്നതിനു വരെയുള്ള ഉപജീവനത്തിന് മതിയാകുന്നതായിരുന്നു. ആ സഹോദരിയുടെ ആഹാരത്തിനു പോലുമുള്ള ബുദ്ധിമുട്ട് മാറ്റാൻ ദൈവം മറ്റൊരു വലിയ പ്രയാസത്തിലേക്കു കടത്തിവിട്ടു. നോക്കുക നമ്മുടെ ദൈവത്തിന്റെ പ്രവർത്തികൾ. അത് എന്നും പുതിയത് ആണ്. ദൈവത്തിന്റെ വഴികൾ തികവുള്ളതാണ്. മരുഭൂമിയിൽ ഇസ്രായേൽ ജനത്തെ നടത്തിയ ദൈവത്തെ പ്രസംഗിക്കാൻ എളുപ്പമാണ്. ഇസ്രായേൽ ജനം കടന്നു പോയത് പോലെയുള്ള പരീക്ഷകൾ സഹിക്കാൻ ബുദ്ധിമുട്ടാണ്. ജീവിതത്തിൽ അടിക്കടി പ്രശ്നങ്ങൾ വരുമ്പോൾ നീക്കു പൊക്കുനൽക്കുന്ന ദൈവത്തെ… അരിഷ്ടനെ അരിഷ്ടതയാൽ വിടുവിക്കുന്ന ദൈവത്തെ… പീഡനത്തിൽ ചെവികളെ തുറക്കുന്ന ദൈവത്തെ ആശ്രയിക്കാം. കഷ്ടതയിലും പിതാവിനോടുള്ള അനുസരണം തികഞ്ഞവനായ യേശുവിനെ അനുഗമിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.