കഥ:പരാജിതനായ മിഷണറി | ആഷേർ മാത്യു

”അതെ ! ഞാനൊരു പരാജയമാണ് ”
ചില വർഷങ്ങളായി ഇതേ വാചകങ്ങൾ തന്നെ ഉരുവിടുകയാണ് ദാനിയേൽ പാസ്റ്റർ.

ബീഹാർ !! നീണ്ട 18 വർഷങ്ങൾ !!
ബൈബിൾ സ്കൂളിലെ പഠനം അവസാനിക്കുന്ന സമയത്ത് നോർത്ത് ഇന്ത്യയിലേക്ക് പോകുവാൻ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ദാനിയേലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ബീഹാറിന് നേരെ വണ്ടി കയറി. കൂടെ എന്തിനും തയ്യാറായി ഭാര്യ ജെസ്സിയും.
ബീഹാറിലെ ജീവിത സാഹചര്യങ്ങൾ അപര്യാപ്തമായിരുന്നു.
വീട് എന്നുപറഞ്ഞാൽ ശരിയാകില്ല. ഒരു ചെറിയ കുടിൽ. അക്ഷരാർത്ഥത്തിൽ പട്ടിണിയുടെ നാളുകൾ.. നല്ല വിദ്യാഭ്യാസമില്ലാതെ മക്കൾ… ഭാവിയെ ഓർത്ത് ആകുലപ്പെടാൻ കാര്യങ്ങൾ ഏറെയുണ്ടായിരുന്നു.

അച്ചായാ നമുക്ക് തിരികെ പോകാം എന്ന് ജെസ്സി ഒന്നു രണ്ടു തവണ പറഞ്ഞു എന്നത് ശരിയാണ്. പക്ഷേ പിന്നീട് അതുണ്ടായില്ല.
ഈ ദേശത്ത് ആത്മാക്കളെ നേടണം… ഒരു സഭ ആരംഭിക്കണം ദാനിയേലിന്റെ സ്വപ്നം അതായിരുന്നു.

ഭാഷ പഠിക്കുക എന്ന ശ്രമകരമായ ജോലിയായിരുന്നു ആദ്യത്തെ കടമ്പ. ഹിന്ദിയും ബീഹാർ ഭാഷയുമൊക്കെ അവർ പതുക്കെ പഠിച്ചെടുത്തു. ഗ്രാമവാസികൾക്ക് അവർ സുപരിചിതരായി. മെലിഞ്ഞ് ഉണങ്ങിയ നീണ്ട താടിയുള്ള ദാനിയേൽ പാസ്റ്റർ.
”ദാടിവാലാ പാതിരി ” അങ്ങനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദാടിവാലാ പാതിരി ദാനിയേലും ഭാര്യയും ചേരികളിൽ കൂടി സുവിശേഷ പ്രതികളുമായി നടന്നു പോകുമ്പോൾ ചെറിയ കുട്ടികൾ ഓടിവരും. പാതിരി തന്റെ സഞ്ചിയിൽ അവർക്കായി കരുതിയിരിക്കുന്ന മിഠായി ദാനിയേൽ അവർക്ക് കൊടുക്കും. അതൊരു പതിവായിരുന്നു. ഗ്രാമവാസികൾക്ക് രോഗം വരുമ്പോൾ തന്റെ അടുത്ത് പ്രാർത്ഥിക്കാനായി അവർ വരുമായിരുന്നു.

പഴയ സംഭവങ്ങൾ ഓർത്തപ്പോൾ ദാനിയേലിനെ മുഖത്ത് അറിയാതെ ഒരു ചെറുപുഞ്ചിരി പടർന്നു. എത്ര മനോഹരമായ ഓർമ്മകൾ !!

ഇത്രയധികം സുന്ദര നിമിഷങ്ങൾ അനുഭവമായിയുള്ള ദാനിയേൽ പാതിരി…. എങ്ങനെയാണ് താങ്കൾ ഒരു പരാജയം ആകുന്നത്???

എന്തുകൊണ്ടാണ് താങ്കൾ ആ വരികൾ എപ്പോഴും ഉരുവിടുന്നത് ??കൂടെ ദൈവവേലക്ക് ഇറങ്ങിയ സുഹൃത്തുക്കൾ ഇന്ന് മെഗാ ചർച്ചുകളുടെ പാസ്റ്റർമാർ ആയതോ?? ചിലർ ലോകം അറിയപ്പെടുന്ന സഭാനേതാക്കൾ ആയതോ?? മിക്കവരും ആഡംബര കാറുകളിൽ സഞ്ചരിക്കുന്നതോ?? വലിയ വീടുകൾ വച്ചതോ??
ഇതൊന്നും സാധിക്കാതെ പോയതാണോ താങ്കളുടെ പരാജയം ??

അല്ല,ഒരിക്കലുമല്ല. ദാനിയേലിന് അങ്ങിനെയുള്ള യാതൊരു പരാതികളുമുണ്ടായിരുന്നില്ല. തന്റെ മക്കൾക്ക് അക്കാര്യത്തിൽ ചില പരിഭവമുണ്ടായിരുന്നു എന്നത് സത്യമാണ്. ബിഹാറിലെ പ്രവർത്തനം അവസാനിപ്പിച്ചു നാട്ടിൽ വന്ന അവർക്ക് നാട്ടിൽ ലഭിച്ച സ്വീകരണവും സൗകര്യങ്ങളും വ്യത്യസ്തമായിരുന്നില്ല. വീണ്ടും വാടക വീട്ടിലെ താമസം. തനിക്ക് ലഭിച്ചത് വിരലിലെണ്ണാവുന്ന വിശ്വാസികളുള്ള ഒരു സഭ… അതും ഏറെ ബദ്ധപ്പെട്ട്.. പേരും പ്രശസ്തിയുമുള്ള പാസ്റ്റർമാരെ ആണത്രേ സഭകൾക്ക് ഇപ്പോൾ വേണ്ടിയത് !!
അങ്ങനെ പല അവഗണനകൾ…

പക്ഷേ അതൊന്നുമായിരുന്നില്ല ദാനിയേൽ താനൊരു പരാജയമാണെന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ച കാരണം. പിന്നെ എന്താണ് എന്ന ചോദ്യത്തിന് ദാനിയേലിനെ പക്കൽ ഉത്തരമുണ്ട്.
”നീണ്ട വർഷങ്ങൾ ബീഹാറിൽ പ്രവർത്തിച്ച എനിക്ക് ഒരു ആത്മാവിനെപ്പോലും അവിടെ നേടാനായില്ല… ഒരാളെപ്പോലും…
ഞാൻ… ഞാൻ… ഒരു പരാജയമാണ്…..”
ഇത് പറയുമ്പോൾ ദാനിയേൽ പാതിരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

”നിരവധിതവണ എനിക്ക് മർദ്ദനമേറ്റു…ഞാൻ തളർന്നില്ല… പട്ടിണി കിടന്നു…ഞാൻ പതറിയില്ല… എന്റെ കർത്താവിനുവേണ്ടി ഒരു ആത്മാവിനെ എങ്കിലും നേടാൻ ഞാനാഗ്രഹിച്ചു.. പക്ഷേ എന്താണെന്നറിയില്ല… എനിക്ക് അതിന് സാധിച്ചില്ല…”
പാതിരി കരയുകയാണ്.
ആത്മാർത്ഥതയുള്ള, സാധുവായ ഒരു മനുഷ്യൻ.

ദാനിയേൽ പാതിരി മണിക്കൂറുകൾ പ്രാർത്ഥിക്കുമായിരുന്നു. എല്ലാ വീടുകളും സുവിശേഷവുമായി കയറിയിറങ്ങുമായിരുന്നു. രോഗങ്ങൾ വരുമ്പോൾ ഗ്രാമവാസികൾ ഓടിയെത്തുന്നത് പാതിരിയുടെ അടുത്തേക്കായിരുന്നു. ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്കായി സണ്ടേക്ലാസുകളും നടത്തിയിരുന്നു. ഒരുപക്ഷേ, ഗ്രാമ തലവന്മാരുടെ ഭീഷണി കൊണ്ടായിരിക്കണം, ആരും സ്ഥിരമായി സഭയിൽ വന്നില്ല. ഓരോ ഞായറാഴ്ചയും രാവിലെ പായ വിരിക്കുമ്പോൾ പാതിരിയുടെ മനസ്സിൽ പ്രതീക്ഷകൾ ഏറെയായിരുന്നു. വല്ലപ്പോഴും ചിലരൊക്കെ വരും. സ്ഥിരമായി ആരും വന്നില്ല…ആരും സ്നാനപ്പെട്ടതുമില്ല.

അതായിരുന്നു താനൊരു പരാജയമാണെന്ന് ദാനിയേൽ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നതിന്റെ കാരണം.

എന്നാൽ, ഒറ്റ ദിവസം കൊണ്ടായിരുന്നു ദാനിയേൽ പാതിരി വിജയിയായ ഒരു മിഷണറിയായി മാറിയത്. ഒരു ജനറൽ കൺവൻഷൻ രാത്രിയോഗം. ലോകം അറിയപ്പെടുന്ന ഒരു നോർത്തിന്ത്യൻ മിഷണറിയാണ് പ്രസംഗം. ബീഹാറിലെ പ്രവർത്തനങ്ങൾകൊണ്ടും ബീഹാറിലെ സുവിശേഷവേല കൊണ്ടും പ്രശസ്തനായ ദൈവദാസൻ പാസ്റ്റർ എബി. തന്റെ പ്രസംഗത്തിനിടയിൽ ബീഹാറിലെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ടായിരുന്നു. തന്റെ അനുഭവ സാക്ഷ്യത്തിൽ നിന്നുള്ള ചില വാചകങ്ങൾ കേട്ട് ദാനിയേൽ പാതിരി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
”ഞങ്ങൾ ബീഹാറിൽ ഒരു ഗ്രാമത്തിൽ ചെല്ലുമ്പോൾ അവിടെ ഒരു സഭ പോലുമില്ല. ഞങ്ങളുടെ പ്രവർത്തകർ അവിടെ വീടുകൾ കയറിയിറങ്ങി. ചില വീടുകളിൽ ചെന്നപ്പോൾ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അവർ ചോദിച്ചു. ദാടിവാലാ പാതിരിയെ അറിയുമോ?? നിങ്ങൾ പാതിരിയുടെ സുഹൃത്തുക്കളാണോ?? യേശു മസിഹിയെ അവർക്കറിയാമായിരുന്നു.
സുവിശേഷം അവർ കേട്ടിട്ടുണ്ടായിരുന്നു. പാതിരിയുടെ വാക്കുകളിലൂടെ. ദാനിയേൽ പാതിരി പോയശേഷം അവർ മറ്റൊരു പാതിരിയായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹം അവിടെ നിന്ന് പോയശേഷമാണ് പാതിരിയുടെ വില അവർ മനസ്സിലാക്കിയത്. ഞങ്ങൾക്ക് മുമ്പെ അവിടെ ചെന്ന് വചനത്തിന്റെ വിത്ത് വിതച്ച ആ ദാസനെ ഞങ്ങൾക്കറിയില്ല. പക്ഷേ ലോകം അറിയാതെ പോയ, പേരില്ലാത്ത, പ്രശസ്തിയില്ലാത്ത ചില ത്യാഗസന്നദ്ധരായ ദൈവ മനുഷ്യരുടെ കണ്ണുനീരാണ്, അവരുടെ അധ്വാനമാണ് ഇന്ന് നോർത്ത് ഇന്ത്യയിലെ വയലുകൾ വിളഞ്ഞുകിടക്കുന്നതിന്റെ കാരണം. ഒരുപക്ഷേ ലോകമറിയുന്നത് എന്നെ പോലെയുള്ള നേതാക്കളെ ആയിരിക്കാം. എന്നാൽ പേരില്ലാത്ത, പ്രശസ്തരല്ലാത്ത, ഒരു അംഗീകാരവും ലഭിക്കാത്ത അനേക പാതിരിമാർ നമുക്കുചുറ്റുമുണ്ട്. ഇന്ന് ഞങ്ങൾക്ക് ബീഹാറിൽ നൂറുകണക്കിന് സഭകളും ദൈവദാസന്മാരുമുണ്ട്….”

ദാനിയേൽ പാതിരിക്ക് തന്നെ തൻറെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. എഴുന്നേറ്റ് തുള്ളിച്ചാടണമെന്ന് തോന്നി.
താൻ വിതച്ച വിത്തുകൾ ഫലം കണ്ടിരിക്കുന്നു !!
ആ ഗ്രാമം യേശുവിനെ അറിഞ്ഞിരിക്കുന്നു!! ഞാനൊരു പരാജയമല്ല..!!

കൺവൻഷൻ പന്തൽ വിട്ടിറങ്ങുമ്പോൾ പാതിരി തന്റെ തല ഉയർത്തിപ്പിടിച്ചിരുന്നു.
ഒരു ജേതാവിനെപ്പോലെ !!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.