തുറന്നെഴുത്ത്: നിങ്ങള്‍ ഒരു വര്‍ഗ്ഗീയ വാദിയാണോ?

ജെ.വി

വര്‍ഗ്ഗീയ വാദം, അസഹിഷ്ണത തുടങ്ങിയ പദങ്ങള്‍ മാധ്യമങ്ങളില്‍ക്കൂടി ആവശ്യമുള്ളിടത്തും ഇല്ലാത്തയിടത്തുമൊക്കെ പ്രചരിക്കുന്ന നാളുകളാണല്ലോ ഇത്. വേര്‍പെട്ടവര്‍ എന്നും ന്യൂന പക്ഷങ്ങള്‍ എന്നും അവകാശപ്പെടുന്ന ക്രൈസ്തവ സമൂഹവും വിശേഷാല്‍ പെന്തകൊസ്തു സമൂഹവും ഈ വാക്കുകള്‍ തുടര്ച്ചായ് ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ നമ്മുക്കൊന്ന് പരിശോധിക്കാം…

എന്താണ് വര്‍ഗീയത ?

പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയിലാണ് ഈ പദത്തിന് മാര്‍ക്കറ്റ്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് മുദ്രകുത്തപ്പെട്ടിട്ടും ഉണ്ട്. ഒരു പ്രസ്ഥാനത്തെ അല്ലെങ്കില്‍ വ്യക്തിയെ വര്‍ഗീയവാദി എന്ന് വിളിക്കപ്പെടാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. ഇതര അഭിപ്രായങ്ങളോട്,  മതങ്ങളോട്, വിശ്വസങ്ങളോടൊക്കെയുള്ള  അസഹിഷ്ണത അതില്‍ പ്രധാനമാണ്.

ഭാരത സംസ്കാരത്തിന്‍റെ ശ്രേഷ്ട്ടത എല്ലാത്തിനെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു സമൂഹം എന്നതിലായിരുന്നു. എന്നാല്‍ അടുത്തകാലത്തായി ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇതിനു വിരുദ്ധമായി വന്നിട്ടുണ്ടെന്നതും വിസ്മരിക്കുന്നില്ല. ചില തീവ്ര മതവാദികളുടെ ഇംഗിതങ്ങള്‍ ന്യൂനപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ക്ക് ഭരണ കൂടത്തിന്റെ മൌനാനുമതി ഉണ്ടെന്നതും സത്യമാണ്.

ഹിന്ദു വര്‍ഗീയത , മുസ്ലിം വര്‍ഗീയത എന്നൊക്കെ നാം പലപ്പോഴും കേള്‍ക്കാറുണ്ടെങ്കിലും ക്രിസ്ത്യന്‍ വര്‍ഗീയത എന്ന വാക്ക് അത്ര സുപരിചിതമല്ല. അല്ലെങ്കില്‍ തന്നെ ജാതി മത വത്യസമെന്ന്യേ സഹ ജീവികളോടു കരുണ കാണിക്കാന്‍ മാതൃക കാണിച്ചു തന്ന യേശുവിന്‍റെ മാര്‍ഗ്ഗത്തിന് വിദ്വേഷം പഠിപ്പിക്കാന്‍ സമയമെവിടെ?

എങ്കിലും നമ്മള്‍ക്കൊന്നു പരിശോധിക്കാം; വര്‍ഗ്ഗീയ വാദികള്‍ക്ക് നമ്മള്‍ ആ പട്ടം ചാര്‍ത്തികൊടുക്കാന്‍ കാരണമാകുന്ന അസഹിഷ്ണത നമ്മളിലും ഉണ്ടോയെന്നു:

  • ആഭരണം ഇടാത്ത നിങ്ങള്‍ക്ക് ആഭരണം ഇട്ടവരോടോത്തു സഭായോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അസഹിഷ്ണത അനുഭവപ്പെടുന്നുണ്ടോ?
  • ഭാരതം ഒരു മതേതര രാജ്യം ആണെന്നിരിക്കെ, അന്യ ദേവ സ്തുതികള്‍ നമ്മുടെ കാതുകളില്‍ കേള്‍ക്കുമ്പോള്‍ അസഹിഷ്ണത അനുഭവപ്പെടുന്നുണ്ടോ?
  • വേര്പെട്ടവന്‍ എന്ന വാക്ക് ദുരുപയോഗം ചെയ്ത്; കുടുംബ, സഹോദര്യ ബന്ദങ്ങളില്‍വിള്ളല്‍ വീഴ്ത്തി വിശ്വാസത്തില്‍ വരാത്ത മറ്റു കുടുംബാംഗങ്ങളുടെ ആഘോഷ വേളകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നീ നിന്നെ തടയുന്നുണ്ടോ?
  • ഇതര സമുദായത്തില്‍പെട്ട, മതത്തില്‍പെട്ട അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, തുടങ്ങിയവരുടെ ഭവനത്തില്‍ നടക്കുന്ന വിവാഹം മറ്റു വിശേഷ കര്‍മ്മങ്ങളില്‍ ക്ഷണം ലഭിച്ചിട്ടും സഹകരിക്കാന്‍ കഴിയാത്ത രീതിയില്‍ മനസ് ഇടുക്കമാണോ?
  • പ്രതികാര ദാഹം വല്ലാതെ കൂടുന്നുണ്ടോ? സഭയിലോ കൂട്ടു സഹോദരനിലോ ഒരു തെറ്റുണ്ടായാല്‍ ക്ഷമിക്കാന്‍ മനസില്ലാതെ വല്ലാതെ പ്രതികരിക്കാന്‍, സോഷ്യല്‍ മീഡിയ വഴി വിഴുപ്പലക്കാന്‍  മനസ് വെമ്പുന്നുണ്ടോ?
  • വളര്‍ന്നു വരുന്ന ന്യൂ ജെനറെഷന്‍ സഭകളോടും, വിട്ടു പോന്ന പൌരോഹിത്യ സഭകളോടും ഒരു പുച്ഛം തോന്നാറുണ്ടോ?

ഇതിനെല്ലാം yes എന്നാണു ഉത്തരമെങ്കില്‍ ; എന്നിട്ടും നിങ്ങള്‍ ഒരു വര്‍ഗീയ വാദി അല്ല എന്നാണോ നിങ്ങള്‍ വിശ്വസികുന്നത്:

  • ആഭരണ ധാരിയായ സഹ വിശ്വാസിയെ ഉള്‍ക്കൊള്ളാന്‍ മനസില്ലാത്ത നിനക്ക് ബീഫ് കഴിക്കുന്നതിനെ എതിര്‍ക്കുന്ന സംഘടനയെ വര്‍ഗീയ സംഘടന എന്ന് എങ്ങനെ വിളിക്കാന്‍ സാധിക്കും?
  • ന്യൂന പക്ഷങ്ങള്‍ക്ക് ആരാധന സ്വാതന്ത്ര്യം നഷ്ട്ടപ്പെടുന്നു എന്ന് പുലമ്പുന്ന നിനക്ക് മറ്റുള്ളവര്‍ അവരുടെ ദേവനെ പാടി സ്തുതിക്കുന്ന അന്ന്യ ദേവ സ്തുതികള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നെങ്കില്‍ നിങ്ങള്‍ എങ്ങനെ വര്‍ഗ്ഗീയ വാദി അല്ലാതാകും?
  • വിശ്വാസത്തിന്റെ പേരില്‍ ബന്ധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാന്‍ തയ്യാറാകുന്ന നിനക്ക് മതം എങ്ങനെ പ്രാധാന്യം ഇല്ലാത്തതാകും?
  • സാമൂഹ്യ ജീവിതത്തിനും , സഹോദര്യ ബന്ധത്തിനും പ്രാധാന്യം നല്‍കാതെ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ സമൂഹത്തില്‍ ഒറ്റപ്പെടല്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്ക്ക് നിങ്ങളെ പോലെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ എങ്ങനെ സാധിക്കും?
  • ഒരു ചെറിയ തെറ്റു  പോലും ക്ഷമിക്കാനും സ്നേഹിക്കാനും മനസ്സില്ലാതെ സഭയേയും സഹോദരനെയും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പൊതു വേദികളില്‍കൂടി  അപമാനിക്കാന്‍ തുനിയുന്ന നീ…. ക്രൂശില്‍ പിടയുമ്പോളും ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച യേശുവിന്‍റെ ശിക്ഷ്യനാണോ?
  • ഞാന്‍ മാത്രം ശരി, എന്‍റെ സഭ മാത്രം ശരി….എന്ന ചിന്ത വച്ച് പുലര്‍ത്തുന്ന വ്യക്തി ആണെങ്കില്‍ നിങ്ങളും ഒരു വര്‍ഗീയ വാദിയും തമ്മിലുള്ള വത്യാസം എന്താണ്?

ഇനിയൊന്നു മനസ്സിരുത്തി ചിന്തിക്കൂ…. ഞാനൊരു വര്‍ഗ്ഗീയവാദിയാണോ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.