ലേഖനം:കുനിഞ്ഞിരിക്കുന്ന തലമുറ | ഷിബു കെ ജോൺ കല്ലട

റായ്പ്പൂരിലെ ഒരു വലിയ സഭയിൽ വി.ബി.എസ്സും യൂത്ത് സെഷൻസും നടത്തുവാനായി ചെന്ന സമയം. രണ്ടാം ദിവസം രാവിലെ പിൻവാതിലിലൂടെ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ മുമ്പിൽ കുറച്ച് കുഞ്ഞുങ്ങൾ ഇരിപ്പുണ്ട്. അവരുടെ പിൻനിരയിൽ മുഴുവൻ യൗവനക്കാർ നിരന്നിരിക്കുന്നു. എല്ലാവരും കുനിഞ്ഞിരിക്കുകയാണ്. ഇവർ രാവിലെ തന്നെ വാട്ട്സ്ആപ്പും ഫെയ്സ് ബുക്കുമായി കടിപിടി തുടങ്ങിയല്ലോ എന്ന് ചിന്തിച്ച് പിന്നിലൂടെത്തന്നെ ഒന്നെത്തി നോക്കി. പക്ഷെ പ്രതീക്ഷിച്ചതൊന്നുമല്ല കണ്ടത്. ഹിന്ദിക്കാരായ ആ കൗമാരക്കാർ ബൈബിൾ വായിക്കുകയും അന്യോന്യം വചനം പറഞ്ഞു കൊടുക്കുകയും ചെയ്യുകയാണ് – അതും ആരും നിർബന്ധിക്കാതെ ! സ്വാഭാവികമായും നമ്മുടെ നാട്ടിലെ കൗമാരക്കാരെ ഓർത്തു പോയി. അവരും കുനിഞ്ഞിരിക്കുകയാണ് – സഭയിലും വീട്ടിലും സ്കൂളിലുമൊക്കെ. പക്ഷെ ഒരു വ്യത്യാസം മാത്രം – അവരുടെ കൈകളിൽ ബൈബിളല്ല മറിച്ച് ഒരു മൊബൈലോ ടാബോ ആയിരിക്കും ഉള്ളത്. ഒരു ന്യൂനപക്ഷം കൗമാരക്കാർ ആത്മീയ കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ടെന്നുള്ളതും വിസ്മരിക്കുന്നില്ല. എന്നാൽ ഭാവി വാഗ്ദാനങ്ങളായ നമ്മുടെ ഭൂരിഭാഗം കൗമാരക്കാർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? ഈ ടെക്നോ- മാനിയ അവരെ എവിടേക്കാണ് നയിക്കുന്നത്? ഒരുപാട് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണിതെന്ന് നമുക്കറിയാം. അതു തന്നെ ഈ വിഷയത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഗൗരവമേറിയ രണ്ട് കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്:

1. വചനത്താൽ പോഷിപ്പിക്കപ്പെടേണ്ട സമയം
ഒരു കാളക്കൂറ്റൻ തീറ്റയാൽ പോഷിപ്പിക്കപ്പെടുന്നതു പോലെ യൗവനക്കാർ ‘ തോറ ‘ യാൽ (എബ്രായ ബൈബിൾ ) പോഷിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് റബ്ബിമാരുടെയിടയിൽ ചൊല്ലുണ്ട്. ദൈവവചനത്തിന്റെ ആഴമായ പഠനം ഒന്നുകൊണ്ട് മാത്രമേ നമ്മുടെ കൗമാരക്കാർ ജീവിതത്തെപ്പറ്റി ശരിയായ കാഴ്ചപ്പാട് പ്രാപിക്കുകയുള്ളു. രക്ഷപ്രാപിക്കുവാനും വിശുദ്ധ ജീവിതം നയിപ്പാനും കർത്താവിനെ ആഴമായി സ്നേഹിപ്പാനും മാത്രമല്ല ശരിയായി ജീവിപ്പാനും വേദപുസ്തകത്തിന്റെ സഹായം കുടിയേ കഴിയൂ. ഉപ്പ് ദാഹം വർധിപ്പിക്കുന്നതുപോലെ മുതിർന്നവർ കുഞ്ഞുങ്ങൾക്ക് ദൈവവചനത്തോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങളായിത്തീരേണ്ടതുണ്ട്. ദൈവവചനമെന്ന അക്ഷയഖനിയുടെ സാധ്യതകൾ കൗമാരക്കാർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ബയോളജിയുടെയോ കെമിസ്ട്രിയുടെയോ പുസ്തകങ്ങളെക്കാൾ അവർ അതിനെ എത്രയധികം സ്നേഹിക്കുമായിരുന്നു!! തിരുവചനത്തിൽ അടിസ്ഥാനപ്പെട്ട ഒരു ജീവിതം പാറമേൽ പണിത വീടുപോലെ ഈടുറ്റതായിരിക്കും; ആഴക്കടലിൽ നങ്കൂരമിട്ട കപ്പൽ പോലെ അചഞ്ചലവുമായിരിക്കും! നമ്മുടെ താലന്ത് പരിശോധനകൾ മിക്കപ്പോഴും കിടമത്സരങ്ങളായി മാറുന്നതു കൊണ്ട് വചനത്തിന്റെ ഉപരിപ്ളവമായ അറിവ് മാത്രമാണ് മിക്ക കുട്ടികൾക്കുമുള്ളത്. Knowledge ലവലിൽ നിന്ന് Understanding ലവലിലേക്കും പിന്നീട്
Application അഥവാ പ്രായോഗികതലത്തിലേക്കും എത്ര പേർ കയറുന്നുണ്ട്.
1 കൊരിന്ത്യർ 13 കാണാതെ പഠിയ്ക്കുന്നത് നല്ല കാര്യമാണ്. എന്നാൽ മറ്റുള്ളവരെ നിബന്ധനകളില്ലാതെ സ്നേഹിപ്പാൻ നാം പ്രാപ്തമാകുന്നതാണ് ആ വചനഭാഗത്തിന്റെ പ്രായോഗികതലം. ആരെയൊക്കെ സുഹൃത്തുക്കളാക്കാം, ഏത് കോഴ്സ് പഠിയ്ക്കണം, ആസക്തികളെയും പ്രലോഭനങ്ങളെയും എപ്രകാരം അതിജീവിക്കാം,വിവാഹ ജീവിതം എപ്രകാരമായിരിക്കണം തുടങ്ങി കൗമാരക്കാർ അഭിമുഖീകരിക്കുന്ന സകല വിഷയങ്ങൾക്കും ഉത്തരം തരുന്ന ആധികാരിക ഗ്രന്ഥം വിശുദ്ധ ബൈബിൾ മാത്രമാണ്.

2. ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം ക്രിസ്തുവിന്റെ സ്ഥാനം മനുഷ്യജീവിതത്തിൽ എവിടെയായിരിക്കണം? തിരുവചനപ്രകാരം അവന്റെ സ്ഥാനം മധ്യത്തിലാണ് – ബാല്യത്തിൽ അവൻ ഉപദേഷ്ടാക്കൻമാരുടെ മധ്യത്തിൽ, മരണത്തിൽ രണ്ട് കള്ളൻമാരുടെ മധ്യത്തിൽ, പത്മൊസിൽ നിലവിളക്കുകളുടെ മധ്യത്തിൽ തേജോമയനായി..!! പക്ഷെ നമ്മുടെ കൗമാരക്കാരുടെ ജീവിത കേന്ദ്രം എന്താണ്? പണമോ സ്ഥാനമാനങ്ങളോ അല്ലായിരിക്കാം.പക്ഷെ മിക്കവരുടെയും ജീവിതം കറങ്ങുന്നത് ചില ന്യൂക്ളിയസുകൾക്ക് ചുറ്റുമാണ്:

ഗ്രേഡ് /റാങ്ക് മത്സരങ്ങൾ
മാധ്യമങ്ങൾ
കൂട്ടുകെട്ടുകൾ
(ദു) ശ്ശീലങ്ങൾ
ലഹരി (?)
അശ്ളീലത (?)
ആൺ-പെൺ ബന്ധങ്ങൾ… പട്ടിക നീളുകയാണ്.

തലയിൽ നിന്ന് ശരീരം മുഴുവൻ നാഡി ഞരമ്പുകളാൽ ചൈതന്യം പ്രാപിക്കുന്നു. ഇതുപോലെ ക്രിസ്തുവിൽ നിന്ന് ചൈതന്യവും ജീവനും പ്രാപിച്ച് വളരുമ്പോൾ മാത്രമാണ് നമ്മുടെ ഇളം തലമുറ ശക്തരായി മാറുന്നത്, യോഹന്നാന്റെ ഭാഷയിൽ ‘ലോകത്തെ ജയിക്കുന്നത് ‘ . ക്രിസ്തു കേന്ദ്രീകൃതമായി ജീവിക്കാൻ തയ്യാറാവുന്ന ഒരു സമൂഹത്തിൽ വിശ്വാസത്യാഗികൾ ഉണ്ടാവുന്നില്ല; അവിശ്വാസികളുമായി വിവാഹം നടക്കുന്നില്ല; ഒളിച്ചോട്ടങ്ങളും ആത്മഹത്യകളും സംഭവിക്കുന്നില്ല. അവിടെയാരും സഭയിലും വീട്ടിലും പൊയ്മുഖങ്ങൾ അണിയുന്നില്ല. വിദ്യാലയങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരും ഉണ്ടാവുന്നില്ല!

ലോകത്തിനു മുമ്പിൽ കുനിഞ്ഞിരിക്കുന്നതലമുറയ്ക്ക് ഭാവിയില്ല. എന്നാൽ
ദൈവസന്നിധിയിൽ കുനിഞ്ഞിരിക്കുന്നവൻ ദൈവത്താൽ ഉയർത്തപ്പെടും – യോസേഫിനെയും ദാവീദിനെയും ദാനിയെലിനെയും ദൈവം ഉയർത്തിയതുപോലെ !! ദൈവം മുഖപക്ഷം കാണിക്കുന്നില്ല എന്ന സത്യം വിസ്മരിക്കാതിരിക്കാം. നമ്മുടെ കൗമാരക്കാരുടെ ആത്മീയഅവസ്ഥ ഇന്നത്തെപ്പോലെ തുടർന്നാൽ, വടക്കെ ഇന്ത്യയിൽ നിന്നും മിഷണറിമാർ നമ്മുടെ കൊച്ചു കേരളത്തിലെത്തി ഇവിടെ കൺവൻഷനുകളും ക്യാമ്പുകളും സംഘടിപ്പിക്കുന്ന കാലം അതിവിദൂരമല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.