ലേഖനം: ദൈവത്തിന്‍റെ സമയം | അലൻ പള്ളിവടക്കൻ

അടിമ ആക്കിയവരില്‍ നിന്നും രക്ഷപെട്ടു ഓടി എത്തിയ വഴി ഇതാ കണ്മുന്നില്‍ അവസാനിക്കുന്നു. മുന്‍പില്‍ ചെങ്കടല്‍ ആര്‍ത്തു ഇരമ്പുന്നു ഇരുവശത്തും പര്‍വതനിരകള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. പെട്ടന്നതാ ഈജിപ്ഷ്യന്‍ (മിസ്രയിം) പട്ടാളക്കാര്‍ പുറകില്‍ നിന്നും പാഞ്ഞുവരുന്നു. കൊല്ലാനോ അതോ വീണ്ടും അടിമകള്‍ ആക്കാനോ, അറിയില്ല!

കണ്ണുകള്‍ പരസ്പരം നോക്കി, മുന്നില്‍ മരണം, പിന്നില്‍ മരണം. ഓരോ മനസും തന്നോടായി മന്ത്രിച്ചു ഇനി രക്ഷയില്ല. ഒരു നിമിഷം കൊണ്ടു ആ ജനം ദൈവത്തെ മറന്നു, അതുവരെ ഉള്ള സന്തോഷം മറന്നു, തങ്ങള്‍ കണ്ട അത്ഭുതങ്ങള്‍ മറന്നു. നായകന്‍ മോശ ചോദ്യം ചെയ്യപെടുന്നു. “നീ ഞങ്ങളെ രക്ഷപെടുത്തി കൊണ്ടുവന്നത് വീണ്ടും അവരുടെ കയില്‍ എല്പ്പിക്കണോ? അതോ കൊല്ലാനോ? ഈജിപ്തില്‍ ശവകല്ലറകള്‍ ഇല്ലാത്തതുകൊണ്ടോ നീ ഞങ്ങളെ ഈ മരുഭൂമിയില്‍ മരിക്കാന്‍ കൊണ്ടുവന്നതു?”

നിര്‍വികാരമായ ആ കണ്ണുകളില്‍ ധൈര്യമോ, അനുകമ്പയോ, ഭീതിയോ അതോ തങ്ങളോടുള്ള പുച്ചമോ? ഒന്നും മനസിലാവാതെ വീണ്ടും അവര്‍ ആ മുഖത്ത് നോക്കി ആക്രോശിച്ചുകൊണ്ടേയിരുന്നു.

മോശെ ശാന്തമായി പറഞ്ഞു, “ഭയപ്പെടാതെ ഉറചിരിക്കു രക്ഷയുടെ ദൈവം ഇന്നു നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. ഇന്നു നീ കണ്ട ഈ മിസ്രയിമ്യ ശത്രുക്കളെ ഇനി ഒരിക്കലും നിങ്ങള്‍ കാണില്ല. ദൈവം നിങ്ങള്ക്കു വേണ്ടി യുദ്ധം ചെയും, നിങ്ങള്‍ മൌനമായിരിക്ക മാത്രം ചെയ്ക” .

മോശെ ദൈവത്തോടു ചോദിച്ചു, “ദൈവമേ, ഇനി എന്ത്?” .

ദൈവം മോശയോടു പറഞ്ഞു, “ നീ നിന്‍റെ വടി എടുത്തു ചെങ്കടലിന്മേല്‍ കരം നീട്ടി അതിനെ രണ്ടായി വിഭാഗിക്ക, യിസ്രായേല്‍ മക്കള്‍ അതിലൂടെ ഉണങ്ങിയ നിലത്തു കൂടെ കടന്നു പോകും. മിസ്രയിമ്യര്‍ അവരുടെ പിന്നാലെ ചെല്ലും, ഞാന്‍ യഹോവ എന്നു അവര്‍ അറിയും, എന്‍റെ നാമം മഹത്വപെടും”

മോശെ അതുപോലെ ചെയ്തു. ചെങ്കടല്‍ രണ്ടായി പിളര്‍ന്നു വെള്ളത്തിനു നടുവിലൂടെ ഉണങ്ങിയ ഒരു പാത രൂപപെട്ടു. മുകളില്‍ മേഘം തണലൊരുക്കി നിന്നു. ജനം ദൈവത്തെ സ്തുതിച്ചു മുന്നോട്ടു പോകുവാന്‍ തിരക്ക് കൂട്ടുന്നു.

യിസ്രായേല്‍ ജനം ചെങ്കടലിനു നടുവില്‍ ഉണങ്ങിയ നിലത്തൂടെ നടക്കുന്നു. ഇരുവശത്തും വെള്ളം മതില്‍ പോലെ നില്ക്കു ന്നു. അത്ഭുതം കണ്ട കൌതുകമോ, രക്ഷപെട്ട സന്തോഷമോ, ഭയമോ, ആ മനുഷ്യരില്‍ ഓരോ വികാരങ്ങള്‍ മാറിമറിഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം അവര്‍ ദൈവത്തെ മഹത്വപെടുത്തുന്നു.

ചില ആളുകള്‍ തങ്ങളോടു തന്നെ ചോദിച്ചു, ദൈവം എന്തുകൊണ്ട് ചെങ്കടലിനെ നേരത്തെ വിഭാഗിച്ചു തന്നില്ല? ഈ ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ വന്നു തങ്ങളെ ഭീതിപെടുതുന്നതിനു മുന്പേ‍ ദൈവത്തിനു തങ്ങളെ രക്ഷപെടുതയിരുന്നില്ലേ? അതോ ഞങ്ങള്‍ ഭയപെടുന്നതില്‍ ദൈവം സന്തോഷിക്കുന്നുവോ? ഉത്തരം കിട്ടാതെ മനസിലാവാതെ അവര്‍ നടന്നു…

ജനം ചെങ്കടലില്‍ പാതി വഴി പിന്നിട്ടപ്പോള്‍ ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ അവരെ പിന്തുടര്ന്നുന പിടിക്കുവാന്‍ പാഞ്ഞു വരുന്നു. ജനത്തിനിടയില്‍ മനുഷ്യരില്‍ ഭീതി വീണ്ടും നിഴലിക്കുന്നു. അവര്‍ ചെങ്കടല്‍ കടന്നു അക്കരെയെത്തി. ദൂരെ അവര്‍ രക്ഷപെട്ട അതെ പാതയിലൂടെ അതാ അവരുടെ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നു. കരയെത്തിയിട്ടും ഭീകരത വിട്ടുമാറാതെ അവര്‍ നിന്നു.

പെട്ടന്നതാ ചെങ്കടലിലെ വെള്ളം അവരുടെ കണ്മുന്നില്‍ വീണ്ടും യോജിക്കുന്നു. തങ്ങള്‍ രക്ഷപെട്ടു വന്ന ആ പാത വെള്ളത്തില്‍ അപ്രത്യക്ഷം ആകുന്നു. തങ്ങളെ ആക്രമിക്കാന്‍ ആക്രോശിച്ചുകൊണ്ടു വന്ന മിസ്രയിം പട്ടാളക്കാര്‍ ആ വെള്ളത്തില്‍ ചെങ്കടലില്‍ പെട്ടു നശിപ്പിക്കപെടുന്നു. തങ്ങള്‍ നോക്കി നില്കെ തങ്ങള്‍ രക്ഷപെട്ട പാതയില്‍ ആ ശത്രുക്കള്‍ ഇല്ലാതെയാകുന്നതു അവര്‍ കണ്ടു. നിങ്ങള്‍ ഇന്നു കണ്ട മിസ്രയിമ്യരെ ഇനി ഒരുനാളും കാണില എന്നു മോശെ പറഞ്ഞ വാക്കുകള്‍ അവിടെ നിവര്‍ത്തി ആയി. ഞാന്‍ യഹോവ എന്നു അവര്‍ അറിയും എന്ന ദൈവത്തിന്‍റെ വചനം അവിടെ നിവര്‍ത്തി ആയി.

ചെങ്കടലിനെ വിഭാഗിക്കാന്‍ ദൈവം എന്തുകൊണ്ട് വൈകി എന്ന അവരുടെ സംശയത്തിനും അവിടെ ഉത്തരം ഉണ്ടായി. അവന്‍ വൈകിയില്ല,
അതായിരുന്നു തക്കസമയം, ദൈവത്തിന്‍റെ സമയം.

വിശ്വാസയാത്രക്കാരാ, ചിലപ്പോള്‍ നിന്‍റെ തകര്‍ച്ചകളില്‍, വേദനകളില്‍ നിന്റെസ നിന്‍റെ രക്ഷക്കു ദൈവം എത്തുന്നില്ല എന്നു തോനുന്നുണ്ടോ? ഭയപെടെണ്ട, നിന്‍റെ തകര്‍ച്ച, നിന്‍റെ പ്രശ്നങ്ങള്‍, നിന്‍റെ ശത്രു ഇവയൊന്നും ഇനി നിന്നെ പിന്തുടരാതെ വണ്ണം നിന്നക്കു രക്ഷ ഒരുക്കാന്‍ ദൈവം നിന്റെപ അടുത്ത് തന്നെ ഉണ്ട്. ദൈവം അടുത്തുള്ളപ്പോള്‍ ശത്രു നിന്‍റെ അടുത്ത് വന്നേക്കാം, പക്ഷെ അവന്‍ നിന്നെ തൊടില്ല. നിന്നെ രക്ഷിക്കുന്ന ദൈവം ആ രക്ഷയില്‍ നിന്നെ വേട്ടയാടുന്ന നിന്‍റെ പ്രശ്നത്തിന്‍റെ നാശവും ഒരുക്കിയിരിക്കുന്നു.

തക്ക സമയത്ത്, ദൈവത്തിന്‍റെ സമയത്ത്…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.