ലേഖനം:വാതിൽ തുറക്കാത്തവനും വാ തുറക്കുന്നവനും | പാസ്റ്റർ ജോൺ കോന്നി

പ്രതികൂലത്തിന് പേര് കേട്ട സ്ഥലമാണ് യെരിഹോ. പണ്ട് യോശുവയുടെ നേതൃത്വത്തിൽ ഒരു രാജ്യം മുഴുവനും പറഞ്ഞു നോക്കി; ഇല്ല, അവർ വാതിൽ തുറന്നില്ല. ദൈവം യോശുവയ്ക്ക് “വാതിൽ തുറക്കാത്തവനെ വാ തുറന്ന് തോല്പിക്കാൻ” നിയോഗം കൊടുത്തു. അന്ന് തൊട്ട് ആ ദേശത്തിന് “ഉച്ചത്തിൽ സംസാരിക്കുന്നതിനോട് ” എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് സംശയിച്ചു പോകുന്നു. അതുകൊണ്ട് ആയിരിക്കാം ബർത്തിമായിയോട് അവർ മിണ്ടാതിരിക്കുവാൻ പറഞ്ഞത്. ഉച്ചത്തിൽ ആർത്തപ്പോൾ അനുഗ്രഹത്തിന് തടസമായിരുന്ന മതിൽ വീണ ചരിത്രം, ഒരിക്കൽ കൂടി ഉച്ചത്തിൽ വിളിക്കുന്നതിലൂടെ കാഴ്ചയ്ക്കു തടസമായിരിക്കുന്ന അന്ധത വീഴുന്നതിലൂടെ വീണ്ടും ആവർത്തിക്കപ്പെടാതിരിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരിക്കൽ വീണു നിലംപതിച്ച യരിഹോമതിൽപോലെ, യേശുവിലേക്ക് അവൻ എത്താതിരിക്കുവാൻ നിരോധനവുമായി അനേകർ വന്നെങ്കിലും അവൻ അത്യുച്ചത്തിൽ യേശുവിനെ വിളിച്ചത് അവന്റെ വിടുതലിന് കാരണമായി. മറ്റുള്ളവരുടെ ഇഷ്ടത്തിന് ചിലപ്പോൾ നമുക്ക് യേശുവിന്റെ അരികിലെത്താൻ കഴിഞ്ഞെന്നു വരില്ല. ഹൃദയത്തിന്റെ ആഴത്തിൽ ആഗ്രഹം ഉണ്ടെങ്കിൽ യരിഹോവിന്റെ നിരോധനങ്ങളെ ദൈവം തകർത്തുകളയും.

അപ്പന്മാരുടെ പേരിന് കളങ്കം

ഇന്നും അന്നും മക്കൾ അപ്പന്മാരുടെ പേരിൽ അറിയപ്പെടുന്നത് അപ്പന്മാരുടെ പ്രശസ്തരായതുകൊണ്ടാണ്.
അപ്പന്മാരുടെ പേരിൽ യരിഹോവിനെ ബന്ധപ്പെടുത്തി ഒരുത്തനെ മാത്രമേ അറിയപ്പെടാനും ഓർമ്മിക്കപ്പെടാനും വഴിയുള്ളു -തിമായിയും മകനായ ബർത്തിമായിയും. എന്നാൽ യരിഹോവിന്റെ ചരിത്രത്തിൽ ഒരു അപ്പന്റെ പേരും കൂടെ മകൻ കാരണം അപമാനിക്കപ്പെട്ട ഗണത്തിൽ ഉണ്ടായിരുന്നു. യരിഹോവിലെ ശപഥാർപ്പിതം മോഷ്ടിച്ച ആഖാന്റെ അപ്പൻ കർമ്മി. നിസഹായനായ കർമ്മി തെറ്റിൽ പിടിക്കപ്പെട്ട മകനെ നോക്കി പറഞ്ഞു കാണും; ‘എനിക്ക് നിന്റെ മുഖം കാണണ്ട.’ എന്നാൽ കാഴ്ച കിട്ടിയ ബർത്തിമായി ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ‘അപ്പനേയോ അമ്മയേയോ ഒരുനോക്ക് കാണുവാൻ പോകാതെ യേശുവിനെ അനുഗമിക്കും ‘ എന്ന തീരുമാനം അന്നും ഇന്നും ഏവരേയും അതിശയിപ്പിക്കുന്നതാണ്. സ്വർഗത്തിലെ അപ്പനാൽ അയക്കപ്പെട്ടവനെ കണ്ടതിനു ശേഷം അവൻ ലോകത്തിലുള്ളതിനെ മറന്നു കാണും. യരിഹോവിൽ യേശു മുഖാന്തിരം ഒരു അപ്പന്റെ തല ഉയരാൻ ഇടയായതു തലമുറകളെക്കുറിച്ച് വിചാരപ്പെടുന്ന അനേകം പിതാക്കന്മാർക്ക് യേശുവിനരികിലേക്ക് ധൈര്യത്തോടെ ചെല്ലുവാൻ ഇത് ഊർജ്ജമായിത്തീരട്ടെ.

യരിഹോവിലെ നേതൃത്വം

‘പാപത്തിലും, പാപത്തിന്റെ ഫലമായ ശാപത്തിലും അകപ്പെട്ടു പോയവനെ’ കൈവിടാൻ മാത്രമേ യോശുവയുടെ നേതൃത്വത്തിന് (leadership) നിർവ്വാഹമുണ്ടായിരുന്നുള്ളു. ഇന്നത്തെയും പല നേതൃത്വങ്ങളും ഈ കാര്യത്തിൽ ഇതിന്റെ പിൻതുടർച്ചക്കാരാണെന്നുള്ളത് വളരെ പരിതാപകരമായ വസ്തുതയാണ്. എന്നാൽ സാക്ഷാൽ ദൈവമായവൻ “അകപ്പെട്ടു” പോയ ബർത്തിമായിയെ കൈപിടിച്ച് ആഖാന് നഷ്ടപ്പെട്ട വാഗ്ദത്ത നാടിന്റെ അനുഗ്രഹത്തിലേക്ക് നയിക്കുന്നു… ശപിക്കപ്പെട്ട പട്ടണത്തിൽ നിന്ന് സ്വാതന്ത്ര്യവും അനുഗ്രഹവുമുള്ള യെരുശലേമിലേക്ക്.

പ്രിയരെ, നിങ്ങളുടെ വാഗ്ദത്തങ്ങളിലേക്കും നന്മകളിലേക്കും നിരോധനങ്ങളെ തകർത്തു മുന്നേറുവാൻ യേശുവിന്റെ നാമം വിളിക്കുന്നതു മുഖാന്തിരവും അവനിലുള്ള വിശ്വാസവും ആരാധനയും മൂലവും ഇടയായിത്തീരട്ടെ. ദൈവത്തിൽ വിശ്വാസമില്ലാതെ ആഖാൻ നഷ്ടപ്പെടുത്തിയ ജീവനും വാഗ്ദത്തനാടും ബർത്തിമായിയെപ്പോലെ വിശ്വാസത്താൽ ഉപരിയായി നേടുവാൻ യേശു നിങ്ങളെ സഹായിക്കട്ടെ. നിരോധിത മേഖലകളിൽ നിശബ്ദരും നിരാശിതരും ആയിത്തീരാതെ നിരന്തരം ദൈവത്തെ സ്തുതിക്കുന്നവരായി നിലകൊള്ളാം.

സർവ്വശക്തൻ ഏവരേയും സഹായിക്കട്ടെ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.