ചെറുചിന്ത: ഒരു പഴഞ്ചന്‍ പുസ്തകത്തിനു ലഭിച്ച ലാഭം അഞ്ചുലക്ഷം | പാസ്റ്റർ കെ എസ് എബ്രഹാം

സ്റ്റാന്‍ കാഫി തന്റെ വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു. വീടെല്ലാം ഒരുക്കിയ ശേഷം സ്റ്റാന്‍ ഗാരേജില്‍ ദശാബ്ദങ്ങളായി കിടക്കുന്ന പാഴ്‌വസ്തുക്കള്‍ നീക്കാന്‍ ആരംഭിച്ചു. ആര്‍ക്കെങ്കിലും ഉപകരിക്കുമെന്ന് വിശ്വാസമുള്ളതെല്ലാം ഗുഡ്‌വില്‍ എന്ന ജീവകാരുണ്യ സംഘടനയ്ക്കു സംഭാവന നല്‍കി. അക്കൂട്ടത്തില്‍ ഒരു പഴഞ്ചന്‍ പുസ്തകമുണ്ടായിരുന്നു. സ്വാതന്ത്ര്യ-പ്രഖ്യാപനം! സ്റ്റാന്‍ തനിക്ക് ഉപയോഗമില്ലാത്തതായി കണ്ട ആ പുസ്തകം യഥാര്‍ത്ഥത്തില്‍ ഒരു അപൂര്‍വ്വ ഗ്രന്ഥമായിരുന്നു. 1848-ല്‍ പ്രസിദ്ധീകൃതമായ ആ കൃതിയുടെ മൂല്യം മനസ്സിലാക്കിയ മൈക്കിള്‍ സ്പാര്‍ക്ക്‌സ് എന്ന വ്യക്തി അത് രണ്ടര ഡോളറിനു സ്വന്തമാക്കി. നാളുകള്‍ക്കകം മൈക്കിള്‍ ആ ഗ്രന്ഥം ലേലത്തിനിട്ടു. അഞ്ചുലക്ഷം ഡോളറിനാണ് ആ അപൂര്‍വ്വഗ്രന്ഥം ഒരു ധനികന്‍ മൈക്കിളില്‍ നിന്നും സ്വന്തമാക്കിയത്. സ്റ്റാന്‍ കാഫിക്കു തന്റെ ഗാരേജില്‍ അവഗണിക്കപ്പെട്ടു കിടന്ന ഗ്രന്ഥം ഒരു അമൂല്യ നിധിയാണെന്നു മനസ്സിലായില്ല. ഇതുപോലെ, യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെുടുക്കപ്പെട്ട ദൈവമക്കളായ നമ്മില്‍ പലര്‍ക്കും നമ്മുടെ യഥാര്‍ത്ഥവില അറിയില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. നമ്മുടെ യഥാര്‍ത്ഥ വിലയുടെ മാനദണ്ഡം നാം പാര്‍ക്കുന്ന വീടോ നാം സഞ്ചരിക്കുന്ന വാഹനമോ നമ്മുടെ സമ്പത്തോ ഒന്നുമല്ല. നമ്മെ വീണ്ടെടുക്കുവാന്‍ ദൈവം ദാനമായി നല്‍കിയ യേശുക്രിസ്തുവിന്റെ രക്തത്തിന്റെ വിലയാണ്. മനുഷ്യന്റെ സമ്പൂര്‍ണ്ണ വീണ്ടെടുപ്പ് മനുഷ്യരാലാരാലും അസാധ്യമെന്ന് പഴയനിയമഭക്തന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്: (സങ്കീര്‍ത്തനം 49:7-9 സഹോദരന്‍ ശവക്കുഴി കാണാതെ എന്നന്നേക്കും ജീവിച്ചിരിക്കേണ്ടതിന് അവനെ വീണ്ടെടുക്കുവാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കുവാനോ ആര്‍ക്കും കഴിയുകയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല.) എന്നാല്‍, വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നമ്മുടെ നടപ്പില്‍ നിന്നും നമ്മെ വിലെയ്ക്കു വാങ്ങിയിരിക്കുന്നത് ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്‌കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നാം തിരിച്ചറിയണം (പത്രോസ് 1:18-19) അപ്പോളാണ് നാം നമ്മുടെ യഥാര്‍ത്ഥ വിലയെക്കുറിച്ചു ബോധമുള്ളവരാകുക. യെശയ്യാവ് 43:4 നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു എന്ന പ്രവാചകവാക്യവും അപ്പോള്‍ കൂടുതല്‍ വ്യക്തമാകും. –

പാസ്റ്റർ കെ എസ് എബ്രഹാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.