ലേഖനം: കാലുകഴുകൽ എന്ന കർമ്മവും കർതൃമേശ എന്ന മർമ്മവും | പാസ്റ്റർ ബെൻസൺ വി യോഹന്നാൻ

തിരുവെഴുത്തിലെ സാരാംശങ്ങളെ വേണ്ടുംപോലെ തിരിച്ചറിയുക എന്നത് ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ലഭിക്കുന്ന മഹാഭാഗ്യങ്ങളിൽ ഒന്നാണ്. അനേകരും ഉപദേശ സത്യങ്ങളിൽ നിന്ന് വ്യതിചലിച്ചു പോകുന്നതിന്റെ പ്രധാന കാരണവും തിരുവെഴുത്തിനെ അതിന്റെ അർത്ഥ തലങ്ങളിൽ മനസ്സിലാക്കുന്നില്ല എന്നതാണ്. ആത്മീയ ഉപദേശങ്ങൾ നാം ഉൾക്കൊള്ളേണ്ടത് വികാരങ്ങളിൽ നിന്ന് കൊണ്ട് ആകരുത് പ്രത്യുത വിശുദ്ധ വേദപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ നിന്ന് കൊണ്ട് തന്നെയായിരിക്കണം.

അടുത്ത കാലത്തായി ഉയർന്നു വരുന്ന ആശയ കുഴപ്പങ്ങളിൽ ഒന്നാണ് കർതൃമേശക്കു മുൻപ് കാലുകഴുകൽ നടത്തണമോ വേണ്ടയോ എന്നത്. ചിലർ നിർബന്ധമായും വേണമെന്ന് ശഠിക്കുമ്പോൾ മറ്റു ചിലർ വേണ്ട എന്നും വേറൊരു കൂട്ടം വേണമെങ്കിൽ ആവാം വേണ്ടെങ്കിൽ വേണ്ട എന്ന നിലപാടിലും ആണ്. എന്നാൽ വിശുദ്ധ തിരുവെഴുത്തും പ്രസ്തുത വിഷയത്തിന്റെ പശ്ചാത്തലവും എന്ത് പറയുന്നു എന്നത് പരിശോധിക്കുവാൻ ക്രിസ്തുയേശുവിൽ ശരണപ്പെടുന്നു.

തിരുവെഴുത്തിൽ ഒട്ടനവധി ഭാഗത്തു കർത്തൃമേശയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് കാണുവാൻ സാധിക്കും, എന്നാൽ കാലുകഴുകൽ പറഞ്ഞിരിക്കുന്നത് ഒരൊറ്റ ഭാഗത്തു മാത്രമാണ്. (യോഹന്നാൻ അ. 13) അപ്പോൾ തന്നെ അത് നടത്തുന്നതു യേശുവാണെന്നതും ശ്രദ്ധേയമാണ്, കൂടാതെ ഇതു ചെയ്‍വിൻ എന്ന് യേശു ആഹ്വാനം ചെയ്യുന്നെന്നും നാം കാണുന്നു. എന്നാൽ എന്ത് ചെയ്യുവിൻ എങ്ങനെ ചെയ്യുവിൻ ആര് ചെയ്യുവിൻ എന്ന് നാം ശ്രദ്ധിക്കുന്നില്ല, പഠിക്കാൻ ശ്രമിക്കുന്നുമില്ല, പലപ്പോഴും ഇതിന്റെ സാരാംശങ്ങൾക്കു വില നൽകുന്നുമില്ല.

⏺ കാലു കഴുകലും യഹൂദ മര്യാദയും
യോഹന്നാൻ സുവിശേഷം പ്രധാനമായും യഹൂദരെ കേന്ദ്രീകരിച്ചുള്ളതാണ്, എന്ന് കരുതി നമുക്ക് വായിക്കാൻ പാടില്ല എന്നല്ല, പിന്നെയോ യഹൂദരായവർക്കു യേശുവിനെ കൂടുതൽ വ്യക്തതയോടെ വെളിപ്പെടുത്തുക എന്നതായിരുന്നു ഈ സുവിശേഷത്തിന്റെ പ്രധാന ഉദ്ദേശം, ആകയാൽ യോഹന്നാൻ യേശുവിൽ കൂടി നിറവേറിയ യഹൂദ സംസ്കാരങ്ങളെ പല വിഷയങ്ങളിലും മുൻ നിർത്തിയിട്ടുണ്ട്, യേശുവിന്റെ മരണത്തിലും അടക്കത്തിലും പോലും “ യഹൂദ മര്യാദ പ്രകാരം” എന്ന വാക്ക് യോഹന്നാൻ ചേർത്തത് ശ്രദ്ധേയമാണ് (യോഹന്നാൻ 19:40). ഇതേ പോലെ യഹൂദർക്കിടയിൽ നിലനിന്നുപോന്ന ഒരു സമ്പ്രദായമാണ്..അല്പം കൂടി വ്യക്തമാക്കിയാൽ മര്യാദയുടെ ഭാഗമാണ് കാലുകഴുകൽ. ഒരു അതിഥി വീട്ടിൽ വന്നാൽ അവരുടെ കാൽ കഴുകുന്നത് യഹൂദരുടെ മര്യാദയുടെ ഭാഗമായിരുന്നു, അതിനു ചില മാനദണ്ഡങ്ങളും ഉണ്ട്, വരുന്ന അതിഥി വീട്ടുടയവനെക്കാൾ ബഹുമാനം ഏറിയവനോ, സമനോ ആയാൽ വീട്ടുടയവൻ തന്നെ അദ്ദേഹത്തെ കാലുകഴുകി സ്വീകരിക്കും, എന്നാൽ വീട്ടുടയവനെക്കാൾ ബഹുമാനം അല്പം കുറഞ്ഞവൻ ആണെങ്കിൽ ആ വീട്ടിലെ ദാസനോ /വേലക്കാരനോ കാലുകഴുകി സ്വീകരിക്കും, ഇനിയും ഏറെ ബഹുമാനം കുറഞ്ഞവനാണ് അതിഥി എങ്കിൽ വെള്ളം വെറുതെ കൊടുക്കുകയെ ഉള്ളൂ വരുന്നവൻ തനിയെ കഴുകേണം, കഴുകാൻ വെള്ളം പോലും നൽകാതിരിക്കുന്നത് അപമര്യാദയുമത്രെ.
പുകഴ്ചയുടെ അതിർ വരമ്പുകൾ സൃഷ്ടിക്കുന്ന ഈ പ്രവണതയെയാണ് യേശു തകർത്തത് … അത് കൊണ്ടാണ് യേശു പറഞ്ഞത് “ദാസൻ യജമാനനേക്കാൾ വലിയവനല്ല, ദൂതൻ തന്നെ അയച്ചവനെക്കാളും വലിയവനുമല്ല” (യോഹന്നാൻ 13:16) ഇതോടൊപ്പം യേശുവിന്റെ ഈ വാക്കുകളും മനസ്സിലാക്കേണ്ടതാണ് “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹന്നാൻ 13:14) ശിഷ്യന്മാരുടെ മനോഭാവത്തെയാണ് യേശു ഖണ്ഡിച്ചത്, അത് അവർ മനസ്സിലാക്കാൻ വേണ്ടി യേശു ഇങ്ങനെയും പറഞ്ഞു, “ ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.( യോഹന്നാൻ 13:17)
പെസഹ കഴിപ്പാൻ ഒത്തുകൂടുമ്പോഴും യഹൂദർ കാലുകഴുകൽ നടത്തിയിരുന്നു എന്നാലത് പ്രമാണത്തിന്റെ ഭാഗമായല്ല മര്യാദയുടെ ഭാഗമായാണ് ചെയ്തിരുന്നത്. യേശുവും ശിഷ്യന്മാരും ഒത്തുകൂടുമ്പോൾ അവരിൽ ആർ വലിയവൻ എന്ന ചിന്ത നടക്കുകയാണ് ( ലൂക്കോസ് 22: 24 ) ആകയാൽ അവരെ മര്യാദ പഠിപ്പിക്കാൻ യേശുവിനു തുവർത്തെടുത്തു അരയിൽ ചുറ്റേണ്ടി വന്നു . യേശു പാലിച്ചു പോന്ന യഹൂദ മര്യാദകൾ നാം പിൻപറ്റുക എന്നൊരു എന്നൊരു ഉപദേശം വിശുദ്ധ തിരുവെഴുത്തിൽ ഇല്ല, മാത്രമല്ല യേശുവിൽ കൂടി പുതിയ നിയമ സഭ വെളിപ്പെടുന്നതും തന്റെ ക്രൂശു മരണത്തിനും അനന്തരമാണ്, ആ നാൾ വരെയും യേശു പഠിപ്പിച്ചതോരോന്നും അതിന്റെ അർത്ഥ തലങ്ങളിൽ ആണ് എടുക്കേണ്ടത്, അല്ലാതെ കർമ്മമാർഗ്ഗങ്ങൾക്കായുള്ള അക്ഷരീക തലങ്ങളിൽ അല്ല.

⏺ പരീശൻ മറന്നു പോയ വെള്ളവും പാപിനി സ്ത്രീയുടെ കണ്ണുനീരും
ലൂക്കോസ് ഏഴാം അദ്ധ്യായത്തിൽ വിശദീകരിച്ചിരിക്കുന്ന ഈ വസ്തുത ഏറെ അർത്ഥപൂർണ്ണമാണെന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യേശു പരീശന്റെ വീട്ടിൽ പോയത് അവന്റെ വിരുന്നോ, കാലുകഴുകലോ ആഗ്രഹിച്ചിട്ടല്ല, എന്നാൽ കണ്ണുനീരോടെ തന്റെ പാദാന്തികെ വീഴുവാൻ മനസുള്ള ഒരുവളെ യേശു മുൻകണ്ടിരുന്നു, അവളുടെ കണ്ണുനീർ ഇന്നും ലോകത്തിനു സന്ദേശം നൽകുമ്പോൾ, പരീശന്റെ മറന്നുപോയ വെള്ളം അവന്റെമേൽ ഇനിയും അപമാനഭാരം കുന്നിക്കുന്നു. നാം പ്രത്യേകം ചിന്തിക്കേണ്ടത് യേശു ആ വസ്തുത എടുത്തു പറഞ്ഞു എന്നതാണ് “ശിമോനെ എന്ന് എന്നുവിളിച്ചു രണ്ടു വിധത്തിലുള്ള കടം ഉള്ളവരുടെ ഉദാഹരണ സഹിതം യേശു അവനു വ്യക്തമാക്കി കൊടുത്തത് ചില അടിസ്ഥാന പ്രശ്നങ്ങളെയാണ് :-
?നീ എന്നോട് മര്യാദ കാണിക്കാൻ മറന്നു (“നീ എന്റെ കാലിന് വെള്ളം തന്നില്ല” [പാപിനിസ്ത്രീയും വെള്ളം കൊടുത്തില്ല]” ഇവളോ കണ്ണുനീർ കൊണ്ട് എന്റെ കാൽ നനച്ചു, തലമുടി കൊണ്ട് തുടച്ചു”. (ലൂക്കോസ് 7:44)
?നീ എന്നെ സ്നേഹിച്ചില്ല (“നീ എനിക്ക് ചുംബനം തന്നില്ല ഇവളോ ഞാൻ അകത്തു വന്നത് മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു”) (ലൂക്കോസ് 7: 45 )
?നീ എന്നെ ബഹുമാനിച്ചില്ല “എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി”. (ലൂക്കോസ് 7:46)
യേശു പരീശന്റെ വീട്ടിൽ വന്നു, പാപിനി സ്ത്രീയുടെ ഹൃദയത്തിലും….. എല്ലാറ്റിന്റെയും സാരം അഥവാ ഫലം യേശു ചൂണ്ടിക്കാണിച്ചത് അവളുടെ അനേകമായ പാപങ്ങൾ മോചിക്കപ്പെട്ടു എന്നതാണ്
കാലുകഴുകിയതല്ല പാപമോചനത്തിന്റെ കാരണം പ്രത്യുത ആ ഹൃദയമാണ് വേണ്ടത്. ആകയാൽ അക്ഷരീക കർമ്മങ്ങളിൽ വൃഥാ ഓടാതെ ആത്മീക അന്തസത്തകളിലേക്കു നാം അടുത്ത് ചെല്ലുക.

⏺ യേശു കാലു കഴുകിയത് കർത്തൃമേശക്കു മുൻപോ ?
യേശു കാലു കഴുകൽ നടത്തിയ ശേഷമാണ് തിരുവത്താഴം നടത്തിയത് എന്ന് കരുതുന്നവരുണ്ട്, അങ്ങനെ കരുതുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ യേശു കാലു കഴുകൽ നടത്തിയത് കേവലം തിരുവത്താഴത്തിനു വേണ്ടിയാണ് എന്ന് കരുതുന്നു എങ്കിൽ ആ അത്താഴം എന്തെന്ന് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്..
യോഹന്നാൻ സുവിശേഷത്തിലാണല്ലോ പ്രസ്തുത ഭാഗം വിശദീകരിക്കുന്നത്, എന്നാൽ അവിടെ കർത്തൃമേശക്കു ആധാരമായ സംഭവം നടന്നതായി നാം വായിക്കുന്നതേയില്ല, അവിടെ അവർ ഒത്തു കൂടിയത് പെസഹാ കഴിപ്പാൻ വേണ്ടിയാണ് (യോഹന്നാൻ 13:1) , ഇസ്‌കാരിയൊത്ത് യൂദാക്കു യേശു മുക്കി കൊടുത്തതും പെസഹാ അപ്പത്തിന്റെ കഷണം ആണ്, അത് വാങ്ങിയ ശേഷം അവൻ അവിടെ നിന്നും ഇറങ്ങിപ്പോയി (യോഹന്നാൻ 13:30) എന്നാൽ തുടർന്ന് എപ്പോളാണ് കർത്തൃമേശക്കു സാരാംശമായ അപ്പം നുറുക്ക് നടത്തിയതെന്ന് ആ അധ്യായത്തിൽ പറഞ്ഞിട്ടേയില്ല, അതിനാൽ തന്നെ കർത്തൃമേശക്കു മുൻപ് കാലുകഴുകൽ നിർബന്ധമായും നടത്തണം എന്നത് സ്ഥാപിക്കുവാൻ യോഹന്നാൻ സുവിശേഷം പതിമൂന്നാം അദ്ധ്യായം ആശ്രയിക്കുന്നവർക്കു പെസഹാ ആചരിക്കുവാൻ കൂടി നിര്ബന്ധിതരാകേണ്ടി വരും. മറ്റു സുവിശേഷങ്ങളിലാകട്ടെ – യൂദായെ തന്നെ ഒറ്റികൊടുക്കുന്നവൻ എന്ന് യേശു തന്നെ വെളിപ്പെടുത്തി കഴിഞ്ഞാണ് കർത്തൃമേശക്കു ആധാരമായ അപ്പംനുറുക്ക് നടത്തുന്നതും, യേശു അവനോട് അതെ നീ തന്നെ എന്ന് പറഞ്ഞ ശേഷം യൂദാ അവിടിരുന്നു കർത്തൃമേശയിലും പങ്കാളിയായി എന്ന് കരുതുവാൻ തരമില്ല, കാരണം അത് പറഞ്ഞ വിധം യോഹന്നാൻ വ്യക്തമാക്കുന്നത് അപ്പക്കഷ്ണം മുക്കികൊടുത്തുകൊണ്ട് എന്നതാണ്, അതിനു അതിനുശേഷം യൂദാ എണീറ്റു പോവുകയാണുണ്ടായത് മാത്രമല്ല കർത്തൃമേശക്കു ആധാരമായ സംഭവം യേശു കാണിച്ചതിൽ അപ്പം നുറുക്കികഴിഞ്ഞാണ് പാനപാത്രം എടുത്തു നൽകുന്നതും, എന്നാൽ യൂദാക്കു ഖണ്ഡംമുക്കി കൊടുക്കുകയായിരുന്നു, അതായത് തികച്ചും പെസഹായുടെ രീതി.
കാലുകഴുകൽ യേശു നടത്തിക്കഴിഞ്ഞ ഉടൻ നേരെ കർത്തൃമേശക്കു ആധാരമായ അപ്പംനുറുക്കൽ നടത്തുകയല്ലായിരുന്നു എന്ന് സാരം, പ്രത്യുത അവർ ഒത്തു കൂടിയതും ചെയ്തതും പെസഹക്ക് വേണ്ടിയായിരുന്നു, പിന്നെ എപ്പോഴാണ് അവർ കർത്തൃമേശക്കു ആധാരമായ അപ്പം നുറുക്ക് നടത്തിയത് എന്നത് മനസ്സിലാക്കാൻ യഹൂദ വിശ്വാസങ്ങളിലേക്കു വീണ്ടും കടന്നു ചെല്ലേണ്ടതുണ്ട്.

⏺ പെസഹായും കർത്തൃമേശയും
യഹൂദർ പെസഹാ കഴിപ്പാനായി 12 അപ്പം എടുത്ത് വയ്ക്കുമ്പോൾ ആറാറെണ്ണം വച്ച ശേഷം അവർ ഒരെണ്ണം അധികം വച്ചിരുന്നു, ആ അപ്പം അവർ എടുത്ത് ഭക്ഷിച്ചിരുന്നില്ല, അവരുടെ വിശ്വാസം തങ്ങളുടെ വാഗ്‌ദത്ത മിശിഹാ വരുമ്പോൾ ഈ അപ്പം മുറിച്ചു നൽകും എന്നതായിരുന്നു.
പെസഹായുടെ പന്തിക്ക് അനന്തരം യേശു ചെയ്തതും ഈ അപ്പം മുറിച്ചു നൽകുകയായിരുന്നു എന്ന് കരുതുവാൻ അവകാശമുണ്ട്. എന്നാൽ മതിയായ വചന ധോരണികൾ ഇല്ല, ഒരുപക്ഷെ അതിന്റെ കാരണവും മർമ്മം അതിന്റെ മൂല്യം ശോഷിച്ചു കർമ്മം എന്നതിൽ ഒതുങ്ങിപോകാതിരിക്കാൻ വേണ്ടിയാകും. (അഥവാ ഇത് കൂടി രേഖപെടുത്തിയിരുന്നെങ്കിൽ കാലുകഴുകലിന് വേണ്ടി വാദിക്കുന്നവരെ പോലെയുള്ളവർ 13 അപ്പത്തിന്റെ കണക്കും ഉയർത്തിപ്പടിക്കുവാൻ സാധ്യത ഏറെയാണ്.) അതിനി എന്ത് തന്നെ ആയാലും പെസഹായോട് കൂട്ടിക്കലർത്തി പഠിക്കേണ്ട ഒന്നല്ല കർതൃമേശ, അതുകൊണ്ട് തന്നെ പെസഹാക്ക് മുൻപ് നടത്തിയതും യഹൂദാ മര്യാദയുടെ ഭാഗവുമായ കാലുകഴുകലും കർത്തൃമേശയുമായി ബന്ധിപ്പിച്ചു പഠിക്കുന്നത് തിരുവെഴുത്തിന്റെ ആധികാരികതയിൽ നിന്നുള്ളതാകില്ല എന്നതിൽ സംശയം വേണ്ട. ഒന്നാമതായി പെസഹായിൽ ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ തന്നെ നോക്കൂ.. കൈപ്പുചീര, ആട്ടിറച്ചി, പുളിപ്പില്ലാത്ത അപ്പം, ഇവയിൽ അപ്പമല്ലാതെയുള്ളവ തിരുവത്താഴത്തിൽ നാം ഉപയോഗിക്കുന്നില്ല. വീഞ്ഞാകട്ടെ അവർ പെസഹയുടെ ഭാഗമായും ഉപയോഗിക്കുന്നില്ല., മറ്റൊന്ന് അത് തിന്നുന്ന വിധം:- അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. (പുറപ്പാട് 12:11), ഇതൊന്നും നാം ചെയ്യുന്ന തിരുവത്താഴത്തിന്റെ രീതികൾ അല്ല, പിന്നെ എങ്ങനെയാണ് യഹൂദ മര്യാദയുടെ ഭാഗമായ കാലുകഴുകൽ മാത്രം കർത്തൃമേശയോട് ബന്ധം സ്ഥാപിച്ചത് ?
പുതിയ നിയമത്തിന്റെ ഏറ്റവും മർമ്മപ്രധാനമായ ശുശ്രൂഷകളിൽ ഒന്നായ കർത്തൃമേശ പെസഹായുടെ രീതികളോട് ബന്ധപെട്ടു നിൽക്കുന്ന കേവലം ഒരു കർമ്മം അല്ല എന്ന് നാം കണ്ടു, പിന്നെയോ അവർ പെസഹായിൽ ആനന്ദത്തോടെ ഇരിക്കുമ്പോൾ ആ പന്തിയിൽ നിന്ന് നിന്നുതികച്ചും വ്യത്യസ്തമായി യേശു ഒരു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി അവർക്കു നൽകി “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു. (മത്തായി 26:26) പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ.ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (മത്തായി 26:27-29)
ഇത് തന്നെ പിന്നീട് കർത്താവിൽ നിന്ന് പ്രാപിച്ചു എന്നത് വ്യക്തമാക്കി പൗലോസ് രേഖപ്പെടുത്തുമ്പോൾ അവിടെ പെസഹായുമില്ല കാലുകഴുകലുമില്ല, കർത്താവിന്റെ കഷ്ടാനുഭവങ്ങളെ ഓർക്കുന്ന അപ്പം നുറുക്കും അത് പങ്കിടാൻ വേണ്ട തന്നെത്താൻ ശോധന ചെയ്ത ഹൃദയവുമാണ് വേണ്ടതെന്നു താൻ സുവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. (1കൊരിന്തിയൻസ് 13:23-29)

⏺ കർമ്മവും മർമ്മവും
പുതിയനിയമ സഭ യാതൊരു വസ്തുതകളും കേവലം കർമ്മത്തിലധിഷ്ഠിതമായി ചെയ്യുവാൻ പഠിപ്പിക്കുന്നില്ല, എന്നാൽ വിശുദ്ധ തിരുവെഴുത്തു നമ്മെ പഠിപ്പിക്കുന്ന മർമ്മങ്ങൾ ഉണ്ട് – സ്നാനം അതിലൊന്നിന് ഉദാഹരണമാണ്- കർത്താവിന്റെ മരണ പുനരുദ്ധാനങ്ങളോട് ഏകീഭവിക്കുക എന്നതാണ് സ്നാനത്തിന്റെ മർമ്മം, അതുപോലെ സഭ ക്രിസ്തുവിന്റെ ശരീരം എന്ന മർമ്മം, ക്രിസ്തു സഭയാം ശരീരത്തിന്റെ തല എന്ന മർമ്മം, ഇങ്ങനെ വിവിധ മർമ്മങ്ങൾ തിരുവെഴുത്തിൽ കാണാം, അത് പൈശാചിക തലങ്ങളിലുമുണ്ട്.. ഉദാഹരണമാണ് മർമ്മം മഹതിയാം ബാബിലോൺ.
നാം തിരിച്ചറിയേണ്ടത് സഭയോട് ബന്ധപ്പെട്ട മർമ്മാധിഷ്ഠിതമല്ലാത്ത ഒരു പ്രവർത്തി തുടരുവാൻ നാം പഠിപ്പിക്കുന്നു എങ്കിൽ അത് സമുദായക്കാരന്റെ മല ചവിട്ടലും മെഴുകുതിരി കത്തിക്കലും പോലെ മാത്രമാണ്. തീർത്തു പറയട്ടെ കാലുകഴുകൽ സഭയുമായി ബന്ധപ്പെട്ട യാതൊന്നിന്റെയും മർമ്മമല്ല. വിശുദ്ധ തിരുവെഴുത്തു പഠിപ്പിക്കുന്നത് ഇതൊരു ദൃഷ്ടാന്തം എന്നാണു, ഇംഗ്ലീഷ് വാക്കു നമുക്ക് വേഗത്തിൽ മനസ്സിലാകും Example എന്നത്രെ (For I have given you an example, that ye should do as I have done to you.( John13:15)) ആ ദൃഷ്ടാന്തത്തിന്റെ അർത്ഥമാണ് നാം തിരിച്ചറിയേണ്ടത്, അത് കേവലം കാലു കഴുകി വെളുപ്പിക്കുകയല്ല പ്രത്യുത ഗുരുവും ശിഷ്യനും/ ദാസനും യജമാനനും എന്ന ബന്ധത്തിനപ്പുറമുള്ള സമഭാവം നമ്മിൽ ഉണ്ടാകുക എന്നതാണ്, ഇത് ഇതുമനസ്സിലാക്കുവാൻ യേശു പഠിപ്പിച്ച പാഠങ്ങളെ ഉൾക്കൊള്ളുവാൻ തക്കതായി നമ്മുടെ ഹൃദയദൃഷ്ടികളെ തുറക്കേണ്ടതുണ്ട്.

⏺ കാലുകഴുകൽ എന്ന ദൃഷ്ടാന്തം
യേശു വിവിധ കാര്യങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്, ഉപമകളായും കല്പനകളായും ദൃഷ്ടാന്തങ്ങളായും ഉപദേശങ്ങളായുമൊക്കെ .. അവയെല്ലാം നാം പാലിക്കേണ്ടത് തികച്ചും അതിന്റെ പരിപൂർണ്ണമായ അർത്ഥതലങ്ങളിൽ നിന്നുകൊണ്ടായിരിക്കണം, അതിനു കഴിയാതെ പോയാൽ യേശുവിന്റെ വാക്കുകളെ വികലമാക്കുന്നതോടൊപ്പം തിരുവെഴുത്തിനെ പരിഹസിക്കുന്ന ഉപദേശങ്ങളും ഉരുത്തിരിയും എന്നതറിയുക.
വലങ്കണ്ണ് നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്തു കളക എന്ന് യേശു പറയുന്നത് അക്ഷരാർത്ഥത്തിൽ എടുക്കാത്തവർ കാലുകഴുകലിന്റെ കാര്യത്തിൽ യേശു പറഞ്ഞു എന്ന വാക്കുകളെ മാത്രം ഉയർത്തിപ്പിടിച്ചു വാദിക്കുന്നത് ബുദ്ധിശൂന്യതയെക്കാൾ ഇരട്ടത്താപ്പ് എന്നേ പറയാനാകൂ.
സ്വർഗ്ഗസ്ഥനായ പിതാവേ.. നിന്റെ രാജ്യം വരേണമേ.. എന്ന് തുടങ്ങുന്ന യേശു പഠിപ്പിച്ച പ്രാർത്ഥന മറ്റൊരു ഉദാഹരണമാണ് – നാം അക്ഷരം പ്രതി ആ വാക്കുകളെ അല്ല ആവർത്തിക്കുന്നത്
വലങ്കൈ ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടിയാൽ മാത്രം പോരാ, എറിഞ്ഞും കളയണ്ടേ ? (മത്തായി 5:30)
നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. (മത്തായി 6:6)
നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. (മത്തായി 6:17)( ഉപവാസം ആയതു കൊണ്ട് മാത്രം എണ്ണ തലയിൽ തേക്കുകയാണോ തേച്ചവർ എത്രപേരുണ്ട് നമ്മിൽ ?)
എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് യേശു പറഞ്ഞവയിൽ.. അവയൊക്കെ നിഷേധിക്കുക എന്നല്ല പിന്നെയോ അവയുടെ സാരാംശങ്ങളെ ഉൾക്കൊള്ളുക, ജീവിതത്തിൽ പ്രയോഗികമാക്കുക എന്നുള്ളതാണ് നാം ചെയ്യേണ്ടത്.

⏺ കാലുകഴുകലും സമഭാവത്വവും
കാലുകഴുകൽ കൊണ്ട് യേശുപഠിപ്പിച്ചത് എന്തെന്ന് നാം കണ്ടു, അത് യഹൂദന്മാരുടെ മര്യാദകളിൽ ഒന്നായി നിൽക്കുമ്പോൾ തന്നെ ചില ദുഷ്പ്രവണതകൾക്കു വഴി തെളിക്കുന്നു, അതിൽ പ്രധാനമായത് വലിയവനും ചെറിയവനും എന്ന മനോഭാവമാണ്. അതിനെ ഖണ്ഡിക്കുന്നതിനോടൊപ്പം ഏവരും സമഭാവം ഉള്ളവരായിരിക്കേണം എന്ന യേശു പഠിപ്പിച്ചു. എന്നാൽ യേശു സ്വയം താഴ്ത്തികൊണ്ടാണ് ഇത് ചെയ്തത്. ഇന്ന് ചിലർക്ക് അവനെക്കൊണ്ട് എന്റെ കാലു കഴുകിക്കണമെന്ന മനോഭാവമാണുള്ളത്, ഇത് സഭകൾക്ക് ഭൂഷണമല്ല, സഭയിൽ സമഭാവത്വം ഉണ്ടെന്ന തെളിവ് ആയിട്ട് കാലുകഴുകൽ അവരോധിക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്നത് ജഡത്തിന്റെ വാഴ്ച മാത്രമായിരിക്കും, ദൈവസ്നേഹത്തിനു വിള്ളൽ ഉണ്ടാക്കുന്ന കർമ്മ മാർഗ്ഗങ്ങളെ കാറ്റിൽ പറത്താം, ക്രിസ്തുയേശുവിൽ ഒന്നായി നിന്നുകൊണ്ട് സ്നേഹത്തിന്റെ കൊടി ഉയർത്താം, അതിനായി ഒരുങ്ങേണ്ടത് ദേഹമണ്ഡലത്തിൽ മാത്രമല്ല പിന്നെയോ ദേഹം ദേഹി ആത്മാവിൽ ആണ്. മറ്റൊരുവന്റെ ഒപ്പമെത്താൻ ശ്രമിക്കുന്നതല്ല യഥാർത്ഥ സമഭാവം ഉള്ളവർ ചെയ്യുക പിന്നെയോ ഒരുവന്റെ താഴ്ചകളിലേക്കു ഇറങ്ങിച്ചെല്ലുകയാണ്, അല്ലെങ്കിൽ അവനെ നമുക്കൊപ്പം വളർത്തിക്കൊണ്ടു വരികയാണ് ചെയ്യേണ്ടത്. ഇനി തിരിച്ചറിയേണ്ട ഏറ്റവും വലിയ വസ്തുത “ഏകമനസ്സുള്ളവരുടെ കൂട്ടമാണ് ദൈവസഭ എങ്കിൽ അവിടെ കാലുകഴുകലിന് യാതൊരു പ്രസക്തിയും ഇല്ല , ഇനി അഥവാ ഏകമനസ്സുള്ളവർ അല്ലെങ്കിൽ കാലുകഴുകിയതു കൊണ്ട് പ്രയോജനവുമില്ല ”

⏺ കർതൃമേശ എന്ന മർമ്മം
തിരുവത്താഴം, കർതൃമേശ, അപ്പം നുറുക്ക് എന്നിങ്ങനെയൊക്കെയുള്ള പദപ്രയോഗങ്ങളിൽ നാം മനസ്സിലാക്കുന്ന ഈ ശുശ്രൂഷ കർത്താവിന്റെ കഷ്ടാനുഭവങ്ങളുടെ ഓർമ്മയാണ്, അതിന്റെ മൂല്യം തിരിച്ചറിയുന്നവർ അതിനോടൊപ്പം മറ്റു കർമ്മ വിക്രിയകൾ ചേർത്ത് വൈകല്യങ്ങൾ സൃഷ്ടിക്കുകയില്ല, എന്നാൽ നിർഭാഗ്യവശാൽ കർത്തൃമേശയുടെ മൂല്യം ചോർത്തിക്കളയുന്ന വിവിധ വേഷം കെട്ടലുകൾ ഈ തലമുറയിൽ നാം കാണുന്നു. പദാർത്ഥത്തിന്റെ കാര്യത്തിൽ, പാത്രത്തിന്റെ കാര്യത്തിൽ, നടത്തുന്ന രീതിയുടെ കാര്യത്തിൽ, ചിലരുടെ വികല വ്യാഖ്യാനങ്ങളുടെ കാര്യത്തിൽ, തിരുവത്താഴത്തിനു മുൻപും പിമ്പുമുള്ള ചേഷ്ടകളുടെ കാര്യത്തിൽ… അങ്ങനെ നിരവധിയായ മൂല്യശോഷണകാരണങ്ങളായ പ്രവർത്തികൾക്കു നാം മൗനാനുവാദം നൽകുന്നു. എന്തിനേറെ നാം കർതൃമേശക്കു ശേഷം നടത്തുന്ന വിശുദ്ധചുംബനം പോലും ഈ ശുശ്രൂഷയുടെ ഭാഗമല്ലെന്നതാണ് സത്യം. പക്ഷെ അതോടെയാണ് തിരുവത്താഴം അവസാനിക്കുന്നതെന്നു കരുതുന്നവരാണ് ഭൂരിഭാഗവും. തിരിച്ചറിയുക കാലുകഴുകലോ വിശുദ്ധചുംബനമോ ഒന്നുമല്ല അപ്പം നുറുക്കലിന്റെ മൂല്യം വർദ്ധിപ്പിക്കുന്നത് കർത്തൃമേശ – കർത്തൃമേശ മാത്രമാണ്. അതിന്റെ അന്തസത്ത നമ്മുടെ പ്രാണപ്രിയന്റെ കഷ്ടാനുഭവങ്ങളുടെ ഓർമ്മയാണ്. അതിനെ നമ്മുടെ അറിവില്ലായ്മയുടെ ചേഷ്ടകളും, ആചാരങ്ങളും, അബദ്ധ ധാരണകളും കൊണ്ട് അശുദ്ധമാക്കരുത്, പിന്നെയോ തന്നെത്താൻ ശോധന ചെയ്ത ഹൃദയവുമായി കർത്താവ് നമുക്ക് വേണ്ടി സഹിച്ച പങ്കപ്പാടുകളെ ധ്യാനിക്കുകയത്രേ വേണ്ടത്. ആമേൻ

– Pr. Benson.V. Yohannan
  M.Div M.Th
 IPC Pandalam Centre Secretary
 Principal of Doulos Biblical Seminary

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.