പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവരെ സ്മരിച്ച് ചാൾസ് രാജകുമാരന്‍

ലണ്ടന്‍: പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവരെ സ്മരിച്ച് ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭയുടെ വെസ്റ്റ് മിനിസ്റ്റർ ദേവാലയത്തിൽ നടന്ന പ്രാർത്ഥന കൂട്ടായ്മയില്‍ പങ്കെടുത്ത് ചാള്‍സ് രാജകുമാരനും. ആംഗ്ലിക്കൻ പുരോഹിതൻ ജോൺ ഹാൾ നേതൃത്വം നൽകിയ കൂട്ടായ്മയിൽ പശ്ചിമേഷ്യയിലെ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ചാൾസ് രാജകുമാരൻ തന്റെ ചിന്തകൾ പങ്കുവച്ചു. പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ വിശ്വാസത്തെ പ്രകീർത്തിച്ച രാജകുമാരന്‍ ഏറ്റവും മൃഗീയമായ ശ്രമങ്ങൾക്കും വിശ്വാസത്തെ കെടുത്താനാവില്ല എന്നതാണ് മദ്ധ്യേഷ്യന്‍ ക്രൈസ്തവരുടെ അവസ്ഥ കാണിച്ചു തരുന്നതെന്നു പറഞ്ഞു.

വിശ്വാസത്തോടും ധൈര്യത്തോടുകൂടി പീഡനത്തിനും അടിച്ചമർത്തലിനെയും നേരിട്ട അനേകം ക്രൈസ്തവരെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കണ്ടുമുട്ടാൻ സാധിച്ചു. ഒരുപാട് സഹനം ഏറ്റെടുത്തവരുടെ അസാധാരണമായ കൃപയും, ക്ഷമിക്കാനുള്ള മനശക്തിയും തന്നെ ഒരുപാട് ചിന്തിപ്പിച്ചെന്നും ചാൾസ് രാജകുമാരൻ കൂട്ടിച്ചേർത്തു. വ്യത്യസ്ത വിശ്വാസമുള്ളവരാണെങ്കിലും സമാധാനത്തോടു കൂടി പരസ്പര സഹവർത്തിത്വത്തിലുളള ജീവിതം നയിക്കാൻ ക്രൈസ്തവ, യഹൂദ, മുസ്ലിം മത വിശ്വാസികളോട് രാജകുമാരൻ ആഹ്വാനം ചെയ്തു.

വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കാനായി വെസ്റ്റ് മിനിസ്റ്റർ ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.