എ.ജി. മിഡിൽ ഈസ്റ്റ് റീജന് പുതിയ നേതൃത്വം

റിയാദ്: സൗദി അറേബ്യയിലെ റിയാദും സമീപ നഗരങ്ങളും കേന്ദ്രമാക്കി ആത്മീയ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന എ.ജി. മിഡിൽ ഈസ്റ്റ് റീജന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.ജി. മലയാളം ഡിസ്ട്രിക്ടിനോടുള്ള ശുശ്രൂഷാ ബന്ധത്തിലാണ് സൗദിയിലെ ഏ.ജി.പ്രവർത്തനങ്ങൾ ആരംഭകാലം മുതൽ തുടർന്നു വരുന്നത്. എ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ. പി.എസ്. ഫിലിപ്പ് അവറുകളുടെ സൗദി അറേബ്യൻ സന്ദർശനത്തോടനുബന്ധിച്ചാണ് റീജന്റെ പുതിയ ചുമതലക്കാരെ തെരഞ്ഞെടുത്തത്.

റീജന്റെ ആരംഭം മുതൽ
പ്രസിഡൻറായിയിരിക്കുന്ന പാസ്റ്റർ C.T. വർഗ്ഗീസാണ് ഇത്തവണയും തത്സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. മുപ്പത്തഞ്ചിൽ പരം വർഷമായി സൗദിയിലായിരിക്കുന്ന പാസ്റ്റർ വർഗ്ഗീസ് മാവേലിക്കര, നൂറനാട് സ്വദേശിയാണ്. ഔദ്യോഗികവൃത്തിയോടുള്ള ബന്ധത്തിൽ റിയാദ്,അൽ-ഖർജിലാണ് പാർക്കുന്നത്. കേരളത്തിലെ എ.ജി. പ്രവർത്തനങ്ങളോടു ബന്ധത്തിൽ ആത്മാർത്ഥമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന പാസ്റ്റർ വർഗ്ഗീസ് ജീവകാരുണ്യ-സേവന രംഗത്തും അത്യുത്സാഹിയാണ്.
2015 ലെ മലയാളം ഡിസ്ട്രിക്ട് സി.എ. ക്യാമ്പിൽ പ്രധാന പ്രസംഗകരിൽ ഒരാളായിരുന്ന താൻ ഒരു തികെഞ്ഞ പ്രാർത്ഥനാ മനുഷ്യനാണ്.
ഭാര്യ:സൂസൻ വർഗ്ഗീസ്

റിയാദിലെ എ.ജി. പ്രവർത്തങ്ങളിൽ പലവർഷങ്ങളായി കർമ്മനിരതനായിരിക്കുന്ന പാസ്റ്റർ ബിജു ബേബിയാണ് വൈസ് പ്രസിഡന്റായി ഐകകണ്ഠേനെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജു കൊട്ടാരക്കര എന്ന പേരിൽ സൗദിയിലെ മലയാളി പെന്തെകോസ്തർക്കിടയിൽ ചിരപരിചിതനായ ഇദ്ദേഹം എ.ജി. മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ സി.എ.യുടെ സംസ്ഥാന ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇതര സാമൂഹിക സേവനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പാസ്റ്റർ ബിജു, ഗുഡ്ന്യൂസ് ബാലലോകത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. അതോടൊപ്പം മലയാള മനോരമ ബാലജനസഖ്യം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അനുഗ്രഹീത ശുശ്രൂഷകനും മികെച്ച സംഘാടകനുമായ പാസ്റ്റർ ബിജു കേരളക്കരയിലെ എ.ജി. സഭാംഗങ്ങൾക്ക് സുപരിചിതനാണ്. പ്ലാപ്പള്ളി എ.ജി. സഭയുടെ ആരംഭത്തിന് നിമിത്തമായത് പാസ്റ്റർ ബിജുവിന്റെ ഭവനമാണ്.
കൊട്ടാരക്കര, തൃക്കണ്ണമംഗൽ സ്വദേശിയായ പാസ്റ്റർ ബിജു കുടുംബമായി റിയാദിൽ പാർക്കുന്നു. ഭാര്യ:ലീന ബിജു

സെക്രട്ടറിയായി ചുമതലയേറ്റ പാസ്റ്റർ സാംസൺ സാമുവൽ കായംകുളം, കറ്റാനം സ്വദേശിയാണ്.
മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസ് ശുശ്രൂഷകനായിരിക്കുന്ന കറ്റാനം, തഴവാമുക്ക് എ.ജി.സഭാംഗമാണ് പാസ്റ്റർ സാംസൺ. ആംഗലത്തിലും രാഷ്ട്ര ഭാഷയിലും പ്രാവീണ്യമുള്ള പാസ്റ്റർ സാംസൺ അനുഗ്രഹീതമായി ആരാധന നയിക്കാൻ കഴിവുള്ളയാളുമാണ്.
ഭാര്യ:ജൂലിയ സാംസൺ

ഖജാൻജിയായി വീണ്ടും ചുമതലയേറ്റ പാസ്റ്റർ തോമസ് ജോസഫ് പുനലൂർ സ്വദേശിയാണ്. മുൻ കാലങ്ങളിൽ ഏറ്റെടുത്ത ഉത്തരവാദിത്തം വിശ്വസ്തതയോടെ ചെയ്ത പാസ്റ്റർ തോമസ് പുനലൂർ ടൗൺ എ.ജി. സഭാംഗമായ ഇദ്ദേഹം എ.ജി. പ്രവർത്തനങ്ങളിൽ വളരെ ശുഷ്കാന്തിയുള്ള വ്യക്തിയാണ്.
ഭാര്യ:ലിസിയാമ്മ തോമസ്

കമ്മറ്റിയംഗമായി ചുമതലയേറ്റ പാസ്റ്റർ സ്റ്റാൻലി പോൾ കായംകുളം, ഞക്കനാൽ സ്വദേശിയാണ്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളക്കരയിലെ പ്രവർത്തനങ്ങൾക്ക് ആരംഭകാലത്ത് നേതൃത്വം നൽകിയ പരേതനായ പാസ്റ്റർ സോളമൻ ഡേവിഡിന്റെ ചെറുമകനാണ് പാസ്റ്റർ സ്റ്റാൻലി. പിതാവ് പാസ്റ്റർ പോൾസൺ സോളമൻ എ.ജി. ദൂതൻമാസികയുടെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്; കൂടാതെ ജിദ്ദയിലെ എ.ജി. പ്രവർത്തനങ്ങളുടെ ആരംഭകനും സൗദിയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അത്യദ്ധ്വാനം ചെയ്ത വ്യക്തിയുമാണ്. നിയമത്തിൽ ബിരുദം നേടിയ പാസ്റ്റർ സ്റ്റാൻലി മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ആലപ്പുഴ കോടതികളിൽ വക്കീലായി പ്രവർത്തിച്ചിട്ടുണ്ട്. പുനലൂർ, ബെഥേൽ ബൈബിൾ കോളെജ് അഡ്വൈസറി ബോർഡംഗമായ പാസ്റ്റർ സ്റ്റാൻലി ഇപ്പോൾ ചെങ്ങന്നൂർ എ.ജി. സഭാംഗമാണ്.
ഭാര്യ:ബ്ലെസി സ്റ്റാൻലി

മാവേലിക്കര,വള്ളികുന്നം സ്വദേശിയ പാസ്റ്റർ സജി മാത്യു കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ചില വർഷങ്ങളായി റീജന്റെ കമ്മറ്റിയംഗ സ്ഥാനത്ത് തുടരുന്ന പാസ്റ്റർ സജി വള്ളികുന്നം എ.ജി. സഭാംഗമാണ്. ഇദ്ദേഹം റിയാദിൽ പാർത്തുകൊണ്ടു കർത്തൃ വേല ചെയ്യുന്നു.
ഭാര്യ: കുഞ്ഞുമോൾ സജി

കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റെജി ജോർജ് പത്തനാപുരം, പുന്നല സ്വദേശിയാണ്. കഴിഞ്ഞ ടേമിലും കമ്മറ്റിയംഗമായി സ്തുത്യർഹമായി സേവനം ചെയ്ത പാസ്റ്റർ റെജി പത്തനംതിട്ട, വകയാർ എ.ജി.സഭാംഗമാണ്. റിയാദിലെ എ.ജി. പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ കർമ്മനിരതനായിരിക്കുന്ന ഇദ്ദേഹം കഴിവുറ്റ നേതൃപാടവത്തിനുടമയാണ്.
ഭാര്യ: ഗ്രേസി റെജി

റവ.ഡോ. പി.എസ്. ഫിലിപ്പ് നിയമന പ്രാർത്ഥനക്ക് നേതൃത്വം നൽകി.അസംബ്ലീസ് ഓഫ് ഗോഡിന് റിയാദ് കേന്ദ്രമാക്കി മിഡിൽ ഈസ്റ്റ് റീജനും ദമാം കേന്ദ്രമാക്കി ഈസ്റ്റേൺ റീജനും ജിദ്ദ കേന്ദ്രമാക്കി വെസ്റ്റേൺ റീജനും നിലവിലുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.