2005 ലെ വിവരാവകാശ നിയമത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഡോക്ടർ ജോൺസൻ വി ഇടിക്കുള

തിരുവനന്തപുരം: ഒരു വ്യാഴവട്ടം പിന്നിട്ട വിവരവകാശ നിയമം അറിയുവാൻ ഉള്ള അവകാശത്തിനു വേണ്ടി പൊരുതാൻ പൗരന് ലഭിച്ച പടവാൾ ആണ്. ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005).

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള നിയമമാണ് വിവരാവകാശ നിയമം 2005. നിയമനിര്‍മാതാക്കളുടെ ചിന്താമണ്ഡലത്തില്‍പ്പോലും ഇതുപോലൊരു നിയമത്തെ സംബന്ധിച്ച് ആലോചിച്ചിട്ടില്ലാത്ത കാലത്താണ് 1975-ല്‍ സുപ്രസിദ്ധമായ രാജ്‌നാരായണന്‍ കേസില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ സംബന്ധിച്ച് പരമോന്നത നീതിപീഠത്തില്‍നിന്നും ആദ്യമായി ആ ശബ്ദം ഉണ്ടായത്. ഭരണതലത്തില്‍ രഹസ്യം എന്നത് വളരെ കുറച്ചുമാത്രമുള്ളതാണെന്നും എല്ലാ പൊതുപ്രവൃത്തികളും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നുമാണ് പരമോന്നത നീതിപീഠത്തില്‍നിന്നും അന്ന് ഉയർന്ന ധ്വനി.
2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമലംഘകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.
വിവരാവകാശ നിയമം ഇന്ത്യന്‍ പൗരന് ലഭിച്ച രണ്ടാം സ്വാതന്ത്ര്യമാണെന്നാണ് ജസ്റ്റീസ് ബി. കെമാല്‍ പാഷ അഭിപ്രായപെട്ടത്. ജനാധിപത്യത്തിന്റെ താക്കോല്‍ സര്‍ക്കാര്‍ ജനങ്ങളെ ഏല്പിക്കുന്നുവെന്നാണ് അന്നത്തെ കേന്ദ്രസഹമന്ത്രി സുരേഷ് പച്ചൗരി വിവരാവകാശ ബില്‍ സംബന്ധിച്ച് ലോക്‌സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. പാര്‍ലമെന്റിനും നിയമസഭയ്ക്കും നിഷേധിക്കാന്‍ പറ്റാത്ത ഒരു വിവരവും രാജ്യത്തെ ഒരു പൗരനും വിവരാവകാശ നിയമമനുസരിച്ച് നിഷേധിക്കാന്‍ പാടില്ലെന്നാണ് വിവരാവകാശ നിയമത്തില്‍ത്തന്നെ വ്യക്തമായി വ്യവസ്ഥചെയ്തിട്ടുള്ളത്.
വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം സ്വീഡനും വിവരാവകാശ നിയമം നടപ്പിലാക്കിയ 55-ാം രാജ്യം ഇന്ത്യയുമാണ്.
10 രൂപ ഫീസ് അടച്ച് സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകൾക്ക് ചീഫ് ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനകം മറുപടി നല്കണം. ഒരു വ്യക്തിയുടെ ജീവനെയോ ,സ്വത്തിനേയോ ഹനിക്കുന്ന വിഷയമാണെങ്കിൽ‌ 48 മണിക്കൂറിനുള്ളിൽ അടിയന്തിര സ്വഭാവത്തിൽ മറുപടി നല്കണം.
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ 2005 ഡിസംബർ 19 ന് നിലവിൽ വന്നു. പാലാട്ട് മോഹൻദാസ് ആയിരുന്നു ആദ്യത്തെ അധ്യക്ഷൻ. ദീപക് സന്ദൂർ ആണ് മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത.

ഡോ.ജോൺസൺ വി. ഇടിക്കുള, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, ദേശിയ മനുഷ്യാവകാശ സമിതി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.