ഗര്‍ഭഛിദ്രം വാടകക്കൊലയെന്ന് പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം ജീവനെ ഇല്ലാതാക്കാന്‍ വാടകക്കൊലയാളിയെ ആശ്രയിക്കുന്നതിനു തുല്യമാണെന്നും ലോകത്തില്‍ സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രതിവാര പൊതുദര്‍ശന പരിപാടിയിലാണ് ഗര്‍ഭഛിദ്രത്തിനെതിരേ മാര്‍പാപ്പ ശബ്ദമുയര്‍ത്തിയത്. ഗര്‍ഭഛിദ്രമെന്നാല്‍ മനുഷ്യ ജീവനെ ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ആശ്രയിക്കലാണെന്നും മനുഷ്യ ജീവന്‍, അത് എത്രതന്നെ ചെറുതാണെങ്കിലും ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലായെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

post watermark60x60

ലോകത്തില്‍ സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നു പറയാം. യുദ്ധങ്ങളാലും മനുഷ്യനെ ചൂഷണം ചെയ്യുന്ന സംഘടനകളാലും ജീവന്‍ ആക്രമിക്കപ്പെടുന്നു. പത്രങ്ങളില്‍ നാം നിരവധികാര്യങ്ങള്‍ വായിക്കുന്നു, ടെലിവിഷന്‍ വാര്‍ത്തകളി‍ല്‍ നാം കാണുന്നു. നിരവധിപ്പേര്‍ മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്ന അപകീര്‍ത്തികരമായ അവസ്ഥ നിലനില്ക്കുന്നു. ഇത് ജീവനെ നിന്ദിക്കലാണ്, അതായത്, ഇത് ഒരു തരത്തില്‍ കൊല്ലുന്ന പ്രവൃത്തിയാണ്. മറ്റു അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേനയാണ് മാതാവിന്‍റെ ഉദരത്തില്‍ വച്ചുതന്നെ മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത്.

ഒരു പ്രശ്നം പരിഹരിക്കുന്നതിന് മനുഷ്യ ജീവനെ നശിപ്പിക്കുന്നത് ശരിയാണോ? നിങ്ങളു‌ടെ അഭിപ്രായം എന്താണ്? പ്രശ്ന പരിഹൃതിക്ക് കൊലയാളിയെ വാടകയ്ക്കെടുന്നത് ഉചിതമാണോ? പ്രശ്നനിവാരണത്തിന് ഒരു മനുഷ്യവ്യക്തിയെ ഇല്ലായ്മ ചെയ്യാന്‍ പാടില്ല, അത് ശരിയല്ല. ഇതിന്‍റെയൊക്കെ ഉത്ഭവം എവിടെയാണ്? അതിക്രമവും ജീവന്‍റെ തിരസ്കരണവും ജന്മംകൊള്ളുന്നത് എവിടെ നിന്നാണ്. അത് ഭയത്തില്‍ നിന്നാണ്. ഉദാഹരണമായി ഒരു ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്നു കരുതുക.

വേദനാപൂര്‍ണ്ണമായ ഇത്തരം അവസ്ഥകളില്‍ മാതാപിതാക്കള്‍ക്ക്, ആ അവസ്ഥയില്‍ അടങ്ങിയിട്ടുള്ള ഭയങ്ങളെ അതിജീവിച്ച്, യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് യഥാര്‍ത്ഥ സ്നേഹ സാമീപ്യവും എൈക്യദാര്‍ഢ്യവും ആവശ്യമായിവരുന്നു. എന്നാല്‍ അവര്‍ക്ക് പലപ്പോഴും ലഭിക്കുക ഭ്രൂണത്തെ നശിപ്പിക്കുകയെന്ന തിടുക്കത്തിലുള്ള ഉപദേശമായിരിക്കും. ഗര്‍ഭം അലസിപ്പിക്കുകയെന്നാണ് പ്രയോഗമെങ്കിലും അതിനര്‍ത്ഥം ഒരാളെ നേരിട്ടു ഇല്ലാതാക്കുകയെന്നു തന്നെയാണ്. ജീവനെ നിന്ദിക്കരുതെന്നും അപരന്‍റെ ജീവനെ മാത്രമല്ല സ്വന്തം ജീവനെയും നിന്ദിക്കരുതെന്നുമുള്ള ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.

- Advertisement -

You might also like
Comments
Loading...