ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ പെരുകുന്നു എന്നു കണക്കുകൾ

കഴിഞ്ഞ മൂന്നര കൊല്ലം ഒരു ക്രൈസ്തവനും അക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വാദത്തിന്റെ മുനയൊടിയുന്നു

കഴിഞ്ഞ മൂന്നര വർഷങ്ങൾക്കിടയിൽ ക്രൈസ്തവർക്കെതിരെ ഒരു അതിക്രമവും നടന്നിട്ടില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഇന്ത്യയിൽ ഈ വർഷം മതപീഡനത്തിന് ഇരയായത് 15,000-ല്‍ അധികം ക്രൈസ്തവ വിശ്വാസികള്‍ എന്നു കണക്കുകൾ

ന്യൂഡല്‍ഹി: മോഡി സർക്കാർ അധികാരമേറ്റതിനെ തുടർന്ന് ഒരു കല്ലു പോലും ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ ആരും എറിഞ്ഞിട്ടില്ല എന്ന കേന്ദ്ര മന്ത്രി ശ്രീ. അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമാകുന്നു. ഗാന്ധിനഗർ ആർച്ച്ബിഷപ്പ് രാജ്യത്തെ വർഗീയശക്തികളിൽ നിന്നു മോചിപ്പിക്കണം എന്നു എഴുതിയ കത്തിനോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഭാരതത്തിൽ ഒരു ക്രൈസ്തവനും പീഡിപ്പിക്കപ്പെടുന്നില്ലെന്നും, ഒരു ദേവാലയം പോലും അക്രമിക്കപ്പെട്ടിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതെ സമയം ഈ വര്‍ഷം ഭാരതത്തില്‍ വിവിധതരം പീഡനങ്ങള്‍ നേരിടേണ്ടി വന്ന ക്രൈസ്തവരുടെ എണ്ണം 15,000-ല്‍ അധികമാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നു. കൊൽകത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യൻ യുണൈറ്റഡ് ഫോറമാണ് 2017-ലെ ക്രൈസ്തവരുടെ അനൗദ്യോഗിക പീഡനകണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതു 12,000 ആയിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നിരവധി വിശ്വാസികള്‍ തടവിലാക്കപ്പെടുകയോ, ബലാല്‍സംഘം ചെയ്യപ്പെടുകയോ, ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വരുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് പത്തിലധികം പേരാണ്. സുവിശേഷകരായ 500-ല്‍ അധികം ആളുകള്‍ക്ക് വിവിധ തരം ആക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. 899 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം തടവിലായത്. സുവിശേഷ പ്രവര്‍ത്തകരുമായ 40ൽ അധികം വനിതകള്‍ പോയവര്‍ഷം പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ഛത്തീസ്ഗഡിലാണ് പോയ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷമായ ആക്രമണമുണ്ടായത്. രണ്ടു ക്രൈസ്തവര്‍ കൊല്ലപ്പെട്ട സംസ്ഥാനത്ത്, ഒരു കന്യാസ്ത്രീ ക്രൂരമായ മാനഭംഗത്തിന് ഇരയാകുകയും ചെയ്തു.

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തൊഴില്‍രഹിതരായ ഏറ്റവും വലിയ മതസ്ഥര്‍ ക്രൈസ്തവരാണ്. ഗ്രാമപ്രദേശങ്ങളില്‍ 4.5 ശതമാനവും, നഗരങ്ങളില്‍ 5.9 ശതമാനവുമാണ് ക്രൈസ്തവരായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജയണിന്റെ കണക്കുകള്‍ പ്രകാരം മതസ്വാതന്ത്ര്യത്തിന് തടസം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.

കേന്ദ്ര മന്ത്രി വിവാദ പ്രസ്താവന പിൻവലിച്ചു, രാജ്യത്തു എല്ലാ മതവിശ്വാസികൾക്കും പരസ്പര സ്നേഹത്തോടെ വസിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചെയർമാൻ ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.