പഞ്ചാബിൽ ട്രെയിൻ അപകടം: മരണം 50 കവിഞ്ഞു!

അമൃത്‌സർ: പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി അൻപതിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന് വൈകിട്ട് 6:45ഓടെ അമൃത്‌സറിനടുത്ത് ജോധ ഫടക്ക് മേഖലയിൽ ചൗര ബസാറിലായിരുന്നു സംഭവം. അന്‍പതോളം പേർ മരിച്ചതായി പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം രേഖപ്പെടുത്തി. ഹൃദയം തകർക്കുന്നതാണ് ഈ ദുരന്തം. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. സംസ്ഥാനത്തിനു വേണ്ട എല്ലാ അടിയന്തരസഹായവും നൽകാൻ നിർദേശിച്ചതായും മോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും എല്ലാ സഹായവും സംസ്ഥാനത്തിനു വാഗ്ദാനം ചെയ്തു. മന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപിയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സംഭവ സ്ഥലത്തു വേണ്ട സഹായങ്ങളെല്ലാം എത്തിക്കാൻ എഎപി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രവർത്തകരോട് പ്രദേശത്തെത്തി സഹായങ്ങൾ നൽകാൻ നിർദേശിച്ചിട്ടുണ്ട്.

ദസറയോടനുബന്ധിച്ചു രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തിൽ നിന്നവർക്കിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. പഠാൻകോട്ടിൽ നിന്ന് അമൃത്‌സറിലേക്കു വന്ന ജലന്തർ എക്സ്പ്രസാണ് (നമ്പർ 74943) അപകടത്തിനു കാരണമായത്. പാളത്തിൽ കയറി ഒട്ടേറെ പേർ മൊബൈലുകളിൽ കോലം കത്തിക്കല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്ന് പ്രചരിക്കപ്പെടുന്ന വിഡിയോകളിൽ നിന്നു വ്യക്തമാണ്.

പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വരുന്നത് അറിഞ്ഞില്ല. നൂറിലേറെ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 500-700 പേർ പാളങ്ങളിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പ്രദേശത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. കോലം കത്തിക്കുന്നതിനിടെ പരിസരം മുഴുവൻ പടക്കങ്ങൾ ചിതറിത്തെറിച്ചിരുന്നു. ഇതിനിടെ ഓടി മാറാൻ ശ്രമിച്ചവരും പാളത്തിലേക്കാണു കടന്നത്. ഇതായിരിക്കാം അപകട കാരണമെന്നും പറയപ്പെടുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി.

പാളത്തിലേക്ക് ആരും കടക്കാതിരിക്കാൻ സമീപത്തെ റെയിൽവേ ഗേറ്റും അടച്ചിട്ടിരുന്നു. ഇതും ആൾക്കൂട്ടം ചാടിക്കടന്നു. അപകടം നടക്കുന്ന സമയത്തെ വിഡിയോകളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.