രാജ്യഭാവിക്കായി പ്രാർഥിക്കണമെന്ന് ഡൽഹി ആർച്ച് ബിഷപ്; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കി നിൽക്കെ, രാജ്യത്തിനു വേണ്ടി പ്രാർഥനാ പ്രചാരണത്തിന് ഡൽഹി ആർച്ച് ബിഷപ് അനിൽ കൂട്ടോയുടെ ആഹ്വാനം. ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയായ പ്രക്ഷുബ്ധ കാലാവസ്ഥയിലൂടെയാണു രാജ്യം കടന്നുപോകുന്നതെന്നു മുന്നറിയിപ്പു നൽകിയ ആർച്ച് ബിഷപ്, രാജ്യഭാവിക്കു പ്രാർഥനയും ഉപവാസവും വേണമെന്ന് ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തു.

ഡൽഹി അതിരൂപതാ അധ്യക്ഷന്റെ നടപടിയെ കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾ വിമർശിച്ചപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സ്വാഗതം ചെയ്തു. മതത്തിന്റെ പേരിൽ രാജ്യത്ത് ആരെയും വിവേചനപരമായി കാണുന്നില്ലെന്നും അതനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. ഡൽഹി ആർച്ച്ബിഷപ് മുൻവിധികളിൽനിന്നു പുറത്തുകടക്കണമെന്നായിരുന്നു കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം.

രാജ്യം പ്രക്ഷുബ്ധ കാലാവസ്ഥയിലൂടെയാണു പോകുന്നതെന്ന ആർച്ച് ബിഷപ്പിന്റെ നിരീക്ഷണം യാഥാർഥ്യമാണെന്നു പറഞ്ഞാണു മമതാ ബാനർജി പിന്തുണ അറിയിച്ചത്. മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കുന്നതാണ് ആർച്ച്ബിഷപ്പിന്റെ ഇടയലേഖനമെന്ന് സീതാറാം യച്ചൂരി പ്രതികരിച്ചു. തിരഞ്ഞെടുപ്പു കാലത്ത് പ്രാർഥനയ്ക്ക് ആഹ്വാനം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ ന്യൂനപക്ഷത്തിനുള്ള ഏക സംരക്ഷണം ഭരണഘടനയാണ്. അത് എടുത്തുപറയുകയാണ് ആർച്ച്ബിഷപ് ചെയ്യുന്നതെന്നും അതിനെ വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും യച്ചൂരി പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.