വാമൊഴി തിരുവചന പരിഭാഷ (Oral Bible Translation)
സ്വപ്ന അലക്സാണ്ടർ
ലോകജനതയുടെ എഴുപത് ശതമാനത്തോളം ജനങ്ങൾ സംസാരഭാഷകള്‍ മാത്രം ഉപയോഗിക്കുന്നവരാണ് എന്ന് അനുമാനിക്കപ്പെടുന്നു. ഈ ഭാഷകൾ സംസാരിക്കുന്ന ഭൂരിഭാഗം ജനങ്ങൾക്കും ദൈവവചനം അപ്രാപ്യമായി തന്നെ നിൽക്കും. ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ ജീവിതകാലത്ത് ദൈവവചനവുമായി ഇടപഴകുന്നതിനുള്ള മേൽപറഞ്ഞ തടസ്സങ്ങൾ മറികടക്കുന്നതിനുള്ള ഒരു നൂതന മാർഗ്ഗമാണ് “വാമൊഴി തിരുവചന പരിഭാഷ” (Oral Bible Translation)
ലോകജനതയുടെ എഴുപത് ശതമാനത്തോളം ജനങ്ങൾ സംസാരഭാഷകള്‍ മാത്രം ഉപയോഗിക്കുന്നവരാണ് എന്ന് അനുമാനിക്കപ്പെടുന്നു. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അവർക്ക് എഴുത്തുകയോ വായിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭങ്ങള്‍ തീരെയില്ല എന്നു തന്നെ പറയാം. തങ്ങളുടെ സമ്പന്നമായ വാമൊഴിയില്‍ അവര്‍ പാടുന്നു, കഥകൾ പറയുന്നു, പൂര്‍വകാല ചരിത്രം വരും തലമുറയ്ക്ക് കൈമാറുന്നു, തൊഴിലുകൾ പഠിപ്പിക്കുന്നു. ലോകമെമ്പാടും ഇന്ന് ആയിരത്തിലേറെ സംസാര ഭാഷകൾ ഉണ്ട്. ഇതു വരെയും എഴുതപ്പെടാത്ത ഭാഷകൾ! പൗലോസ് അപ്പോസ്തോലന്റെ വാക്കുകളിൽ പറഞ്ഞാൽ, “ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.” (1 കൊരിന്ത്യർ 14:10) അതെ, സംസാരഭാഷകളും അർത്ഥവത്താണ്, പ്രാധാന്യമുള്ളവയാണ്.
പരമ്പരാഗത രീതിയിൽ ഈ ഭാഷകളിൽ പരിഭാഷപ്പെടുത്തുന്നതിന് വർഷങ്ങൾ നീണ്ട ഭാഷാപഠനവും, വിശകലനവും ആവശ്യമാണ്. ദീർഘനാളത്തെ തയ്യാറെടുപ്പുകൾക്കു ശേഷം തിരുവചനം പരിഭാഷപ്പെടുത്തിയാൽ തന്നെ സാക്ഷരരായ ചുരുക്കം ചിലർ മാത്രമേ തിരുവചന പഠനത്താൽ അനുഗ്രഹിക്കപ്പെടുകയുള്ളു. ഈ ഭാഷകൾ സംസാരിക്കുന്ന ഭൂരിഭാഗം ജനങ്ങൾക്കും ദൈവവചനം അപ്രാപ്യമായി തന്നെ നിൽക്കും. ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ ജീവിതകാലത്ത് ദൈവവചനവുമായി ഇടപഴകുന്നതിനുള്ള മേൽപറഞ്ഞ തടസ്സങ്ങൾ മറികടക്കുന്നതിനുള്ള ഒരു നൂതന മാർഗ്ഗമാണ് “വാമൊഴി തിരുവചന പരിഭാഷ” (Oral Bible Translation)
നിരക്ഷരരും, വായിക്കുവാൻ ഇഷ്ടപ്പെടാത്തതുമായ ജനങ്ങൾക്ക് (ശവണ മാധ്യമങ്ങളിലൂടെ ദൈവവചനം ലഭ്യമാക്കുന്ന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന മിനിസ്ട്രിയാണ് ഫെയിത് കംസ് ബൈ ഹിയറിങ് (Faith Comes By Hearing). വിശ്വാസം കേൾവിയാൽ വരുന്നു എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ 1400-ൽ പരം ഭാഷകളിൽ തിരുവചനം റെക്കോർഡ് ചെയ്ത് സൗജന്യമായി ജനങ്ങളിൽ എത്തിക്കുന്ന ഈ സംഘടനയുടെ ആത്മീയ നേതൃത്വം വഹിക്കുന്നവരിൽ ഉയർന്ന ചോദ്യമാണ് “വാമൊഴിയായി തിരുവചനം പരിഭാഷപ്പെടുത്തുവാൻ സാധിക്കുമോ?” ഇതുവഴി അനേക വർഷങ്ങൾ ലാഭിച്ച് ദൈവവചനം ലോകത്തിലെ എല്ലാ ഭാഷകളിലും അതിവേഗം ലഭ്യമാക്കുവാൻ സാധിക്കുമല്ലോ. ഈ ചോദ്യത്തിൽ ഉറച്ചുനിന്ന നേതൃത്വം തിരുവചന പരിഭാഷയിൽ ഏർപ്പെടുന്ന പ്രമുഖ സംഘടനകളായ SIL, Pioneer Bible Translators, Seed Company എന്നീ സംഘടനകളോട് ചേർന്ന് 3 വർഷങ്ങൾ കൊണ്ട് Render എന്ന സോഫ്റ്റ്‌വെയർ നിർമ്മിച്ചു. ഏത് ഭാഷക്കാർക്കും അനായാസമായി ഉപയോഗിക്കുവാൻ കഴിയുന്ന ഒരു പ്രോഗ്രാം ആണ് Render (https://renderpartners.com/) . വിവിധ നിറത്തിലുള്ള ഐക്കണുകൾ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങളിലേക്ക് പരിഭാഷകരെ നയിക്കുന്നു. ഒരു പടി പോലും ഒഴിവാക്കാതെ വളരെ ഭംഗിയായി തിരുവചനം വാമൊഴിയായി പരിഭാഷപ്പെടുത്തുവാൻ Render സഹായിക്കുന്നു.
എന്താണ് വാമൊഴി പരിഭാഷ? ദൈവവചനം ശ്രവണ മാധ്യമങ്ങളിലൂടെ ശ്രവിച്ചു വാമൊഴിയായി പരിഭാഷപ്പെടുത്തുന്നു. സ്വാഭാവികമായും ഒരു ചോദ്യം നമ്മുടെ മനസ്സിൽ ഉണരാം. ഇങ്ങനെ ശ്രവിച്ച് പരിഭാഷ ചെയ്താൽ വേദപുസ്തകം ശരിയായ രീതിയിൽ തർജ്ജിമ ചെയ്യുവാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും! ഇതു മനസ്സിലാക്കുവാൻ വാമൊഴി തിരുവചന പരിഭാഷയുടെ വിവിധ ഘട്ടങ്ങളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം.
പരിഭാഷ ആവശ്യമുള്ള ഭാഷ സംസാരിക്കുന്ന ജനസമൂഹത്തിന് നന്നായി മനസിലാകുന്ന ഒന്നോ രണ്ടോ ഭാഷകളിലെ ഓഡിയോ ബൈബിൾ പരിഭാഷകർ ശ്രദ്ധിച്ചു കേൾക്കും. Render സോഫ്റ്റ്‌വെയറിൽ ഓരോ പുസ്തകവും ചെറിയ ചെറിയ അർത്ഥപൂർണ്ണമായ ഭാഗങ്ങളായി (sets) തിരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ലൂക്കോസിന്റെ സുവിശേഷത്തിലെ 24 അധ്യായങ്ങൾ 72 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വേദഭാഗം (ശദ്ധിച്ചു കേട്ടതിനു ശേഷം പരിഭാഷകർ സാക്ഷരരായ ഉപദേശകരുടെ (Translation Advisors) സഹായത്താൽ ആ ഭാഗത്തിന്റെ അർത്ഥം മനസ്സിലാക്കി പലതരം ആംഗ്യങ്ങൾ, അഭിനയം, ചിത്രങ്ങൾ തുടങ്ങിയ പഠനരീതികളിലൂടെ വേദഭാഗം ആന്തരികവൽക്കരിക്കുവാൻ (internalization) പ്രയത്നിക്കുന്നു. മനഃപാഠമാക്കുകയല്ല, എന്നാൽ വേദഭാഗം അതിന്റെ ശരിയായ അർത്ഥത്തിലും വികാരത്തിലും ഇറങ്ങിചെന്ന് തങ്ങളുടെ മനസ്സിൽ ഉൾക്കൊള്ളിക്കുന്നു. ഈ പ്രക്രിയയെ പറ്റി ആഫ്രിക്കയിലെ ഒരു പരിഭാഷകൻ ഇപ്രകാരം പറയുന്നു – “ഇന്ന് ഞാൻ ഒരു സഞ്ചരിക്കുന്ന വേദപുസ്തകമാണ്.”
വേദഭാഗം ആന്തരികവത്കരിച്ചതിനു ശേഷം പരിഭാഷകർ ആ ഭാഗം വാമൊഴിയായി തർജ്ജിമ ചെയ്തു റെക്കോർഡ് ചെയ്യുന്നു. തങ്ങൾക്ക് തൃപ്തിവരും വരെ പല തവണ റെക്കോർഡ് ചെയ്തതിനു ശേഷം ഉറവിട ഭാഷയിലുള്ള (Source Languge text) വേദഭാഗവുമായി താരതമ്യം ചെയ്തു പരിഭാഷയിലെ കൃത്യത ഉറപ്പാക്കുന്നു. ഈ ഭാഗം സോഫ്റ്റ്‌വെയറിലൂടെ ടീമിലെ മറ്റംഗങ്ങൾക്ക് ലഭിക്കുന്നു. അവർ കേട്ടതിനു ശേഷം അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും റെക്കോർഡ് ചെയ്തു തിരിച്ചു പരിഭാഷകർക്ക് അയക്കുന്നു. ടീമംഗങ്ങൾ എല്ലാവരും പരിഭാഷ അംഗീകരിക്കുന്നതു വരെ ഈ പ്രക്രിയ തുടരും.
ആദ്യഘട്ട പരിഭാഷയ്ക്കു ശേഷം അർത്ഥം വ്യക്തമാണോ, ഭാഷ സ്വാഭാവികവും മാധുര്യമുള്ളതുമാണോ, എന്ന് നിജപ്പെടുത്തുന്നതിനായി ഭാഷാസമൂഹത്തിലെ വിവിധ ആളുകളുടെ സഹായം തേടുന്നു. ഈ ഘട്ടത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ശേഷം പരിഭാഷ ഉറവിട ഭാഷയിലേക്ക് പുനഃവിവർത്തനം (Back Translation) ചെയ്ത് തിരുവചന പരിഭാഷ ഉപദേഷ്ടാകൾക്ക് (Bible Translation Consultants) സോഫ്റ്റ്‌വെയറിലൂടെ കൈമാറുന്നു. ഉപദേഷ്ടാവ് പുനഃപരിഭാഷയും, പരിഭാഷയും ശ്രവിച്ചു ടീമംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം തന്റെ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഉപദേഷ്ടാവിനും ടീമംഗങ്ങൾക്കും തൃപ്തിയാകും വരെ ഈ പ്രക്രിയയും തുടരും. ഉപദേഷ്ടാവ് വേദഭാഗ പരിഭാഷ അംഗീകരിച്ചാലുടൻ തന്നെ പരിഭാഷകർ വിവിധ ശ്രവണ മാധ്യമങ്ങളിലൂടെ വേദഭാഗം ജനങ്ങളിലേക്കെത്തിക്കുന്നു. മൊബൈൽ ഫോണിലൂടെയും, വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനങ്ങൾ വേദഭാഗങ്ങൾ ശ്രവിക്കുന്നു. തിരുവചന പരിഭാഷാ ഉപദേഷ്ടാവായ എവെലിൻ ഗ്യാൻ പറയുന്നത് പോലെ വാമൊഴി തിരുവചന പരിഭാഷ ജനങ്ങളുടെ കാതുകളിൽ മനോഹരമായ സംഗീതം പോലെ ചെന്ന് പതിക്കുന്നു.
ബംഗ്ലാദേശിലെ കോച്ച് ഭാഷ സംസാരിക്കുന്ന ജനങ്ങളോട് ചേർന്ന് തിരുവചന പരിഭാഷയിൽ ഉൾപ്പെടുവാൻ ദൈവം എനിക്ക് അവസരം നൽകിയിരിക്കുന്നു. കോച്ച് ജനതയോട് സുവിശേഷം അറിയിക്കുവാൻ പലരും ശ്രമിച്ചെങ്കിലും ജനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ വാമൊഴിയായി പരിഭാഷപ്പെടുത്തിയ തിരുവചനഭാഗങ്ങൾ ഇന്നവർ അതീവ താത്പര്യത്തോടെ ശ്രവിക്കുകയും, ഉത്സാഹത്തോടെ പരിഭാഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു. സ്വർഗത്തിൽ സകല ഭാഷയിലും, ജാതിയിലും ഉളള ജനങ്ങൾ കർത്താവിനെ സ്തുതിച്ചു പാടുന്ന ആ ദിനത്തിൽ കോച്ച് ഭാഷയിലെ അനേകം വിശ്വാസികൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു. കോച്ച് ഭാഷക്കാർ മാ(തമല്ല, വാമൊഴി മാത്രമായി ഭാഷ ഉപയോഗിക്കുന്ന എല്ലാ ഭാഷാ സമൂഹങ്ങളും കർത്താവിനെ സ്തുതിച്ചു പാടും.
(Faith Comes By Hearing-ൽ ലീഡ് ബൈബിൾ ട്രാൻസ്ലേഷൻ കൺസൽട്ടൻറ് ആയി സേവനം ചെയ്യുന്നു.