- Advertisement -

അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി. നേതാവും മുൻ ധനകാര്യ മന്ത്രിയുമായ അരുൺ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ശ്വസന പ്രശ്നങ്ങളെ തുടർന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആരോഗ്യനില കൂടുതൽ വഷളായതായി മെഡിക്കൽ ബുള്ളറ്റിനുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജെയ്റ്റ്ലിയെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Download Our Android App | iOS App

ചികിത്സാ രീതികളെല്ലാം പരാജയപ്പെട്ടു. പൂർണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലയോടെ അറിയിച്ചിരുന്നു. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായാണ് അരുൺ ജെയ്റ്റ്ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് 2018 ഏപ്രിൽ മുതൽ നാലുമാസം മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു. ഇതിനിടെ ഡൽഹി എയിംസിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായി. പിന്നീട് 2018 ഓഗസ്റ്റ് 23-നാണ് അരുൺ ജെയ്റ്റ്ലി മന്ത്രാലയത്തിൽ തിരികെയത്തി ചുമതല ഏറ്റെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ കാരണം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

post watermark60x60

1952 ഡിസംബർ 28-ന് ഡൽഹിയിലാണ് അരുൺ മഹാരാജ് കിഷൻ ജെയ്റ്റ്ലി എന്ന അരുൺ ജെയ്റ്റ്ലിയുടെ ജനനം. ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽനിന്ന് കൊമേഴ്സിൽ ഓണേഴ്സ് ബിരുദം നേടി. തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിയിൽ എൽ.എൽ.ബി.യും പൂർത്തിയാക്കി.

1970-കളിൽ ഡൽഹി സർവകലാശാലയിലെ പഠനകാലത്ത് എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം.1974-ൽ ഡൽഹി സർവകലാശാല യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്ത് 19 മാസം കരുതൽ തടങ്കലിലായിരുന്നു. എബിവിപിയുടെ ഡൽഹി പ്രസിഡന്റായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു.
മുതിർന്ന അഭിഭാഷകനായിരുന്ന അരുൺ ജെയ്റ്റ്ലി ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വി.പി. സിങ് സർക്കാരിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായും പ്രവർത്തിച്ചു.
18 വർഷത്തോളം രാജ്യസഭയിൽ ഗുജറാത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ഉത്തർപ്രദേശിൽനിന്നും രാജ്യസഭയിലെത്തി. 1999-ലെ വാജ്പേയി സർക്കാരിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രിയായി. പിന്നീട് നിയമകാര്യ മന്ത്രാലയത്തിന്റെയും കമ്പനി അഫേഴ്സ് വകുപ്പിന്റെയും ചുമതലയേറ്റെടുത്തു. ഗതാഗതമന്ത്രാലയത്തെ വിഭജിച്ച് ഷിപ്പിങ് വകുപ്പ് രൂപവത്കരിച്ചപ്പോൾ ആദ്യമായി ചുമതല വഹിച്ചതും അരുൺ ജെയ്റ്റ്ലിയായിരുന്നു.

രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം മികവ് തെളിയിച്ചു. സ്ത്രീ സംവരണ ബിൽ, ലോക്പാൽ ബിൽ തുടങ്ങിയവ സഭയിലെത്തിയപ്പോൾ ചർച്ചകളിൽ സജീവമായിരുന്നു.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ മത്സരിച്ചെങ്കിലും നവജ്യോത് സിങ് സിദ്ദുവിനോട് പരാജയപ്പെട്ടു. എന്നാൽ രാജ്യസഭാംഗമായ അദ്ദേഹത്തെ ആദ്യ മോദി സർക്കാരിൽ ഉൾപ്പെടുത്തി. ധനകാര്യ വകുപ്പിന് പുറമേ കോർപ്പറേറ്റ് അഫേഴ്സ്, പ്രതിരോധ മന്ത്രാലയം എന്നിവയുടെയും ചുമതല വഹിച്ചിരുന്നു. പിന്നീട് മനോഹർ പരീക്കറിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതോടെ പ്രതിരോധ വകുപ്പിന്റെ ചുമതലയൊഴിഞ്ഞു. പിന്നീട് 2017 മാർച്ച് 13 മുതൽ സെപ്റ്റംബർ മൂന്നുവരെയും പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചു. ഇതുവരെ ഒരു പൊതുതിരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലെന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ പ്രത്യേകതയാണ്.
ജമ്മു കശ്മീരിലെ മുൻ ധനമന്ത്രി ഗിർദാരി ലാൽ ദോഗ്രയുടെ മകൾ സംഗീത ജെയ്റ്റ്ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്ലി, റോഹൻ ജെയ്റ്റ്ലി എന്നിവർ മക്കളാണ്.

-ADVERTISEMENT-

You might also like
Comments
Loading...