- Advertisement -

മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോൾ നിര്യാതനായി

തിരുവനന്തപുരം: ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്കാരിക, ആത്മീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന ഡോ. ഡി. ബാബു പോൾ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലിൽ ഉണ്ടായ മുറിവിൽനിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് അസുഖം.

Download Our Android App | iOS App

പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരൻ, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകൻ, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവർത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകൻ… കേരളത്തിന് ഇങ്ങനെ പലതുമായിരുന്നു അദ്ദേഹം.
എൻജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേൽ ബാബു പോൾ നാൽപ്പതുവർഷത്തോളം ഭരണ രംഗത്ത് പ്രഗത്ഭനായിനിന്നു.

post watermark60x60

അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ അംഗം, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ, കേരള സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിർണായക പദവികൾ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാർഥ്യമായത് ബാബു പോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.
മുപ്പതോളം പുസ്തകങ്ങൾ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി 22 വർഷം ഗവേഷണം ചെയ്ത് തയ്യാറാക്കിയ വേദശബ്ദ രത്നാകാരം മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവാണ്. ഒമ്പതുവർഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്. 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ നിഘണ്ടു നേടുകയുണ്ടായി.

ഇടുക്കി ജില്ല നിലവിൽ വന്ന 26-01-1972 മുതൽ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു.

നവകേരള നിർമാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്ടറുമായി 08-09-1971 മുതൽ പ്രവർത്തിച്ചു.

1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലെ അറിയപ്പെടുന്ന പൗരോഹിത്യ കുടുംബത്തിൽ ആയിരുന്നു ബാബു പോളിന്റെ ജനനം.

കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്‌, തിരുവനന്തപുരം എൻജിനീയറിംങ്ങ്‌ കോളെജ്‌, മദ്രാസ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്‌സി. എൻജിനീയറിങ്ങ്‌, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ഐ.എ.എസിൽ പ്രവേശിച്ചു.

ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ), കഥ ഇതുവരെ (അനുഭവകുറിപ്പുകൾ), രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...