- Advertisement -

മാണി സാർ അന്തരിച്ചു

കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായകനും മുന്‍ മന്ത്രിയും എം.ൽ.എ യുമായ കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ കെ.എം. മാണി അന്തരിച്ചു. രാവിലെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു. വൈകിട്ട് 4.57 യോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. മരണസമയത്ത് മക്കളും കൊച്ചുമക്കളുമെല്ലാം സമീപത്തുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എണ്‍പത്തിയാറുകാരനായ മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Download Our Android App | iOS App

മദ്രാസ് ലോ കോളേജില്‍ നിന്ന് 1955 -ല്‍ നിയമ ബിരുദം നേടി. മദ്രാസ് ഹൈക്കോടതിയില്‍ 1956 ല്‍ എന്റോള്‍ ചെയ്തു. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. പാലാ സബ്‌കോര്‍ട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

post watermark60x60

1958 -ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1964 -ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ടിയിലെത്തി.

പിന്നീട് കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും. 1979ല്‍ പാര്‍ടിയില്‍ ആദ്യ ചേരിതിരിവ്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം രൂപീകൃതമായി. അന്നുമുതല്‍ ഇന്നുവരെ പാര്‍ടിയുടെ ചെയര്‍മാന്‍. ഇക്കാലത്തിനിടെ പല പിളര്‍പ്പുകളും ലയനങ്ങളും പാര്‍ടി കണ്ടു. വ്യക്തി പാര്‍ടിയെന്ന വിമര്‍ശനം നേരിടാന്‍ ‘അധ്വാനവര്‍ഗ സിദ്ധാന്തം’ രചിച്ച്‌ ആശയാവിഷ്‌ക്കാരം നല്‍കാനും അദ്ദേഹം ശ്രമിച്ചു.

പാലാ നിയമസഭാ നിയോജക മണ്ഡലം നിലവില്‍ വന്ന 1965 -നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎല്‍എ ആയി. തുടര്‍ച്ചയായി 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്.

അടിയന്തരാവസ്ഥക്കാലത്ത് 1975-ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. പിന്നീട് ആ സ്ഥാനത്തും റെക്കോര്‍ഡ്.

ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോര്‍ഡ് പേരുനേടി. 13 എണ്ണം. കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ്.

-ADVERTISEMENT-

You might also like
Comments
Loading...