പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൃദ്ധയെ മർദ്ദിച്ചു കൊലപ്പെടുത്തി

പ്രകാശം: പ്രാർത്ഥനാവരമുള്ള മാതാവിനെ ആന്ധ്രയിൽ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രകാശം ജില്ലയിലെ ചദരജ്ജുപള്ളി സുബ്ബരവമ്മ (65) എന്ന ക്രിസ്തീയ മാതാവാണ് ധാരുണ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

ബോള്ളാപ്പള്ളി ഗ്രാമത്തിൽ താമസിച്ചിരുന്ന സുബ്ബരവമ്മ വൈകിട്ട് 5.30ന് പതിവുപോലെ തന്റെ വീടിന്റെ മുകളിലെ നിലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി സുബ്ബരവമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്ന ഈ മാതാവിനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.

പ്രതി രാമുവിനെ (20) നാട്ടുകാര്‍ പിടികൂടി പോലീസിനെ വരുത്തി കൈമാറി. 2008-ല്‍ കുമ്മര ആദിവാസി വിഭാഗത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്നതായിരുന്നു സുബ്ബരവമ്മ. അന്നു മുതല്‍ വളരെ പ്രാര്‍ത്ഥനാ ജീവിതം നയിച്ചു വരികയായിരുന്നു. സുബ്ബരവമ്മ ദിവസവേതന ജോലിക്കാരിയായിരുന്നു. തന്റെ താമസസ്ഥലത്തിനു സമീപമുള്ള മലയുടെ മുകളില്‍ ഒരു ക്ഷേത്രമുണ്ട്. ധാരാളമാളുകള്‍ ഈ ക്ഷേത്രത്തോടനുബന്ധിച്ച് ദിവസ വേതനത്തില്‍ ജോലി ചെയ്തു വരുന്നുണ്ട്.

സുബ്ബരവമ്മയുടെ ആത്മീയ ജീവിതവും പ്രാര്‍ത്ഥനാ ജീവിതവും നിരീക്ഷിച്ചു വന്നിരുന്ന പ്രതി അപായപ്പെടുത്തുവാന്‍തന്നെ കരുതികൂട്ടിയായിരുന്നു ആക്രമണം നടത്തിയത്. സുബ്ബരവമ്മ തന്റെ ഭര്‍ത്താവ് ജയരാമയ്യ, മകന്‍ സുബ്ബറാവു, മരുമകള്‍ എന്നിവരോടൊപ്പമായിരുന്നു താമസം. ദേശത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചതിനായിരിക്കാം കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി സഭാ പാസ്റ്റര്‍ മോഹന്‍ റാവു പറഞ്ഞു.

പ്രതി രാമു കിഴക്കന്‍ ഗോദാവരി ജില്ലക്കാരനാണ്. സമീപ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ അടുത്ത സുഹൃത്താണ് പ്രതിയെന്ന് സുബ്ബരവമ്മയുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. എന്നാല്‍ പ്രതിയെ പോലീസ് പിടികൂടിയെങ്കിലും ‘ഭ്രാന്തന്‍ ‍’ എന്ന് ആരോപിച്ച് ആദ്യം കേസെടുക്കാന്‍ വിമുഖത കാട്ടിയിരുന്നതായി അറിയുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like