ഇനി ഇരുമ്പല്ലിയൂരിൽ ആത്മീയസംഗമത്തിന്റ അഞ്ചുദിനങ്ങൾ
റ്റി.പി.എം ചെന്നൈ സർവ്വദേശീയ കൺവൻഷന് നാളെ തുടക്കം
ചെന്നൈ: ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനും ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമവും ആയ ചെന്നൈ സർവ്വദേശീയ കൺവൻഷൻ നാളെ മുതൽ 11 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റിപിഎം സഭ ആസ്ഥാനത്ത് നടക്കും.
നാളെ മുതൽ ശനിയാഴ്ച വരെ വൈകിട്ട് 6ന് സുവിശേഷ പ്രസംഗവും വ്യാഴാഴ്ച മുതൽ രാവിലെ 4ന് സ്തോത്ര പ്രാർത്ഥന, 7ന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗവും വൈകിട്ട് 3നും രാത്രി 10നും യുവജന മീറ്റിംഗ് എന്നിവ നടക്കും.
ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 118 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
ഇന്ന് രാവിലെ ആരംഭിച്ച ശുശ്രൂഷക സമ്മേളനം നാളെ ഉച്ചയ്ക്ക് സമാപിക്കും.
മാർച്ച് 12ന് രാവിലെ സഭയുടെ വാർഷിക ജനറൽബോഡി യോഗവും വൈകിട്ട് പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
കൺവൻഷനു മുന്നോടിയായി ഫെബ്രുവരി 25ന് അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ ശുശ്രൂഷകരും വിശ്വാസികളും വിവിധ സ്ഥലങ്ങളിലേക്ക് സുവിശേഷ വിളംബര റാലി നടത്തി. രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റിപിഎം സഭകളിൽ ഫെബ്രുവരി 28ന് പ്രത്യേക ഉപവാസ പ്രാർത്ഥനയും നടന്നു. മാർച്ച് 4ന് ഇരുമ്പല്ലിയൂർ സഭ ആസ്ഥാനത്ത് നിന്നും ആരംഭിച്ച സുവിശേഷ വിളംബര റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.
വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനും സമീപം ക്രമീകരിച്ചിട്ടുണ്ട്.
കൺവൻഷന് പങ്കെടുക്കുന്നവർക്ക് ഭക്ഷണം, താമസം സൗജനൃമായി ഒരുക്കിട്ടുണ്ട്. കൺവൻഷൻ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ തമിഴ്നാട് സർക്കാര്‍ ക്രമീകരിച്ചു. ബസ്, റെയിൽവേ, എയർ ടിക്കറ്റ് എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭ ആസ്ഥാനത്ത് ഒരുക്കിട്ടുണ്ട്. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
1924ൽ തൃശ്ശൂർ സ്വദേശിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സഭയാണ് ഇന്ന് ലോകത്തിലെ പ്രധാന പെന്തെക്കൊസ്ത് സമൂഹമായി മാറിയത്.