റ്റിപിഎം കോഴിക്കോട് സെന്റർ കൺവൻഷൻ സമാപിച്ചു
കോഴിക്കോട്: ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ കൺവൻഷൻ സമാപിച്ചു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവനെ എതിരേല്പാൻ ഒരുങ്ങി നിൽക്കുന്നതാണ് വീണ്ടും ജനിച്ച ഒരോ ക്രിസ്ത്യാനിയുടെയും പ്രത്യാശ എന്ന് റ്റിപിഎം അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജയം പ്രസ്താവിച്ചു. സമാപനദിന സംയുക്ത സഭായോഗത്തിൽ ലൂക്കോസ് 17: 26-30 വരെ ഉള്ള വേദവാക്യങ്ങൾ ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങളെ ദൈവ ഭക്തിയിൽ വളർത്തേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി സഭയെ പ്രബോധിപ്പിച്ചു. സമാപനദിന സ്തോത്ര പ്രാർത്ഥന ശുശ്രൂഷക്ക് കോഴിക്കോട് സെന്റർ പാസ്റ്റർ എം.സി ബാബുക്കുട്ടി നേതൃത്വം നൽകി.
ഫെബ്രുവരി 15ന് കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൺവൻഷൻ നടക്കുന്ന കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിലേക്ക് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.
ഫെബ്രുവരി 15 മുതൽ 18 വരെ നടന്ന കൺവൻഷനിലെ രാത്രി യോഗങ്ങളിൽ പാസ്റ്റർ തോമസ് വൈദ്യൻ (എറണാകുളം സെന്റർ പാസ്റ്റർ),പാസ്റ്റർ യൂനിസ് മസി (മുംബൈ സെന്റർ പാസ്റ്റർ) എന്നിവരും പകൽ നടന്ന യോഗങ്ങളിൽ പാസ്റ്റർ വി.ജോർജ്കുട്ടി (റാന്നി സെന്റർ പാസ്റ്റർ), പാസ്റ്റർ സണ്ണി ജോർജ് (തൃശൂർ സെന്റർ പാസ്റ്റർ) എന്നിവരും പ്രസംഗിച്ചു.
ബൈബിൾ ക്ലാസ്, പൊതുയോഗം,യുവജന സമ്മേളനം, കാത്തിരിപ്പ് യോഗം എന്നിവ വയനാട് റോഡിൽ ഡിസിസി ഓഫീസിനു എതിർവശം ഉള്ള സെന്റർ ഫെയ്ത്ത് ഹോമിലും സുവിശേഷ പ്രസംഗവും സംയുക്ത സഭായോഗവും കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിലും നടന്നു.
ഞായറാഴ്ച രാവിലെ ജലസ്നാന ശുശ്രൂഷയും തുടർന്ന് നടന്ന സംയുക്ത സഭായോഗത്തിൽ കോഴിക്കോട്,മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തമിഴ്നാട് നീലഗിരിയിലെ ദേവാല, കയ്യുന്നി, കർണാടക കുടകിലെ സിദ്ധാപുർ, മടിക്കേരി എന്നിവിടങ്ങളിലെ പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.