ദൈവസഭ വളര്‍ച്ചയുടെ പടവുകളില്‍ ; (ഇന്ത്യാ പൂർണ സുവിശേഷ ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ -അവലോകനം)

ഡെൻസൺ ജോസഫ് നേടിയവിള & ജോ തോമസ്‌ പത്തനാപുരം

വളര്‍ച്ചയുടെ പടവുകളില്‍ ദൈവസഭ ദ്രുതഗതി പ്രാപിക്കണം: റവ. സി.സി. തോമസ്‌!!

ത്മാവില്‍ എരിവുള്ളവര്‍ ദൈവസഭയുടെ വളര്‍ച്ചയ്ക്ക് നിദാനമെന്നു റവ. സി.സി. തോമസ്‌ ഉദ്ബോധിപ്പിച്ചു. ഇന്ത്യാ പൂർണ സുവിശേഷ ദൈവസഭയുടെ 95-)മത് ജനറല്‍ കണ്‍വന്ഷന്‍റെ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദമസ്ക്കൊസിന്‍റെ പടിവാതിലിനു മുന്‍പുള്ള പൌലോസിന്റെ എരിവ് സഭയെ വളര്‍ത്തുവാനല്ല പ്രത്യുത തളര്‍ത്തുവാനാണ് കാരണമായതെങ്കില്‍ താന്‍ ഉപദ്രവിച്ച അതേ യേശുവിന്‍റെ ശബ്ദം പടിവാതിലില്‍ ശ്രവിച്ച പൌലോസ് സഭയെക്കുറിച്ച് എരിവുള്ളവനായി മാറുകയും പരിശുദ്ധാത്മ പ്രചോദിതനായ പൌലോസിന്‍റെ എരിവ് സഭയുടെ ഉദ്ഗതിക്കു കാരണമായി ഭവിക്കുകയും ചെയ്തു. അപ്രകാരം ദൈവസഭയുടെ ശുശ്രൂഷകവൃന്ദങ്ങളും വിശ്വാസസമൂഹവും ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി നിത്യതയെ കാംഷിച്ചു കര്‍ത്താവിനെ സേവിക്കുവാന്‍ ജനസഞ്ചയങ്ങളെ സാക്ഷി നിര്‍ത്തി താന്‍ ആഹ്വാനം ചെയ്തു.. തന്മൂലം വളര്‍ച്ചയുടെ പടവുകളില്‍ ദൈവസഭ ദ്രുതതഗതി പ്രാപിക്കുമെന്ന് താന്‍ വിശ്വാസം പ്രകടിപ്പിച്ചു !!

ജനുവരി 22 ന് ബഹുമാനപ്പെട്ട ദൈവസഭ സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്ത ഇന്ത്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭ, കേരള സ്റ്റേറ്റ് 95 – മത് ജനറൽ കൺവൻഷൻ ജനുവരി 28, ഞായറാഴ്ച സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി സമാപിച്ചു. തിരുവല്ല രാമഞ്ചിറയിലുള്ള ദൈവസഭാ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ട ഈ മഹാസമ്മേളനത്തില്‍ സ്വദേശത്തും വിദേശത്തും നിന്നുള്ള അനേകായിരം ദൈവമക്കള്‍ സാന്നിദ്ധ്യമരുളി. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് കണ്‍വന്‍ഷന് കടന്നു വന്നു സംബന്ധിക്കുവാന്‍ സാങ്കേതികപ്രയാസം നേരിട്ട ദൈവജനങ്ങള്‍ക്ക് തത്സമയം വീക്ഷിക്കുവാന്‍ Powervision tv, Vsquare TV യും കൂടാതെ Sarafane tv, Middle East Youth Ministries തുടങ്ങിയ ദൃശ്യമാധ്യമങ്ങളും സംപ്രേഷണം ഒരുക്കി. എല്ലാ വര്‍ഷങ്ങളിലേക്കാളും അധികം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ മഹാസംഗമം.

എഴുദിവസങ്ങള്‍ നീണ്ടു നിന്ന മഹാസമ്മേളനത്തിന്റെ ചിന്താവിഷയം “ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ” (റോമർ : 12:11) എന്നതായിരുന്നു. വിവിധയോഗങ്ങളില്‍ കര്‍ത്താവില്‍ പ്രസിദ്ധരായ സുവി. കാനം അച്ചൻ, പാസ്റ്റർ പ്രിൻസ് തോമസ്, Y. റെജി, എം. കുഞ്ഞപ്പി, , പി. ആർ. ബേബി, പി. സി. ചെറിയാൻ, ടി. എം. മാമച്ചൻ, റെജി മാത്യു, അനീഷ് ഏലപ്പാറ, വി. ഓ. വര്‍ഗ്ഗീസ് എന്നിവര്‍ വചന പ്രഘോഷണം നടത്തി. സുവിശേഷീകരണത്തില്‍ എരിവുള്ളവരായി നാം ഓരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വേള്‍ഡ് മിഷന്‍ പ്രതിനിധികളായ റവ. കെന്‍ ആന്റേഴ്സന്‍, റവ. ആന്‍ഡ്രൂ ബിന്‍ഡേ തുടങ്ങിയവര്‍ ആഹ്വാനം ചെയ്തു. പവർ കോൺഫറൻസുകൾ, ലേഡീസ് മീറ്റിംഗ്, സൺഡേ സ്കൂൾ, YPE വാർഷിക സമ്മേളനം, മിഷനറി സമ്മേളനം, ബൈബിൾ കോളേജുകളുടെ ബിരുദദാനം, വിവിധ ഡിപ്പാർട്ടുമെന്റുകളുടെ യോഗങ്ങൾ, സ്നാനശുശ്രുഷ, ഉണർവ് യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവ ക്രമീകരിക്കപ്പെട്ടു.

തികച്ചും ആത്മീയാന്തരീക്ഷത്തില്‍ നടത്തപ്പെട്ട യോഗങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ കവിഞ്ഞൊഴുക്ക് ദൃശ്യമായിരുന്നു. ദൈവത്തിന്റെ ആത്മാവ് മനുഷ്യനെ വിട്ട് മാറി കഴിഞ്ഞാൽ നാം വെറും ജഡമായി തീരുമെന്ന് സുവി : പി. ഐ. എബ്രഹാം (കാനം അച്ചൻ) ഓർമിപ്പിച്ചു. സഭയുടെ ഏക പ്രത്യാശ യേശുക്രിസ്തു മാത്രമാണ്. അതിനാൽ ധാർമികത നഷ്ട്ടപെട്ട ഈ ലോകത്തിൽ നാം ഭയത്തോടെയും, ഭക്തിയോടെയും കർത്താവിനെ സേവിക്കണമെന്ന് ഡോ. ഷിബു കെ. മാത്യുവും ദൈവത്തിന്റെ മനസ്സലിവാണ് നമ്മുടെ രക്ഷയുടെ ആധാരം“ എന്ന് പാസ്റ്റർ അനീഷ് ഏലപ്പാറയും പ്രസ്താവിച്ചു. “നമ്മളെ മടുപ്പിച്ചു, നന്മകളെ നശിപ്പിക്കുന്ന പിശാചിന്റെ തന്ത്രങ്ങളെ നാം അറിഞ്ഞിരിക്കണം“ എന്ന മുന്നറിയിപ്പ് പാസ്റ്റര്‍. പി. ആർ. ബേബി നല്‍കി. അനുതാപത്തിന്റെയും സമര്‍പ്പണത്തിന്റെയും നിമിഷങ്ങളായി കണ്‍വന്‍ഷന്റെ അഞ്ചാംരാത്രി വഴിമാറി. ആലയത്തിന് അനുയോജ്യമാല്ലാത്തവ അകത്ത് പ്രവേശിച്ചത്‌ കണ്ടപ്പോള്‍ എരിഞ്ഞ നാഥന്റെ എരിവ്, മാനവജാതിയോടു ദൈവത്തിനുള്ള എരിവ്, മഹത്വം പൊയ്പോകുന്ന അപജയങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നഷ്ടമായ മഹത്വത്തെ തിരിച്ചു കൊണ്ടുവരുവാന്‍ ആത്മാവില്‍ എരിവുണ്ടാകണമെന്നു പാസ്റ്റര്‍ റെജി ശാസ്താംകോട്ട ആഹ്വാനം ചെയ്യുമ്പോള്‍, കണ്ണീരോടെ ജനം സമര്‍പ്പിക്കുന്ന കാഴ്ച്ച വേറിട്ട അനുഭവമായി…

കാലങ്ങളായി പണപ്പിരിവിനു വേണ്ടി മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്ന പ്രവണത ഈ കണ്‍വന്‍ഷന് ഇല്ലായിരുന്നുവെന്നത് എടുത്തുപറയേണ്ടുന്ന വസ്തുതയാണ്. രാഷ്ട്രീയപ്രതിനിധികളുടെ അതിപ്രസരമില്ലാതിരുന്നത് വചനപ്രഘോഷണത്തിനു അധികസമയം ലഭിക്കുവാന്‍ കാരണമായി. എന്നാല്‍ നന്ദി പ്രകടനത്തിനു അധികസമയമെടുത്തത് ജനങ്ങള്‍ക്കിടയില്‍ അല്‍പം അപസ്വരം ഉയരുവാന്‍ ഇടയായെങ്കിലും അനിവാര്യമായത് ജനങ്ങളെ ബോധിപ്പിക്കുവാന്‍ ബ്ര. ജോസഫ് മറ്റത്തുകാലയ്ക്ക് കഴിഞ്ഞു. മ്യൂസിക് കൺവീനർ പാ. Y. ജോസിന്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. ക്വയര്‍ ഭംഗിയായി ഗാനം ആലപിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതിന്‍റെ നിറം മങ്ങിയതായി പരാതികള്‍ ഉയര്‍ന്നു. എങ്കിലും അവരുടെ പരിശ്രമങ്ങളെ മാനിക്കുന്നു. അപാകതകള്‍ പരിഹരിച്ച് ക്വയര്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താല്‍ ശ്രമിക്കുമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ അറിയിച്ചു. പോയവര്‍ഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പരാതിയാണ് പൊടിപടലങ്ങള്‍ മൂലമുണ്ടായ ശല്യം. അതിനാല്‍ വിപുലമായപന്തല്‍ പൂര്‍ണ്ണമായും പരവതാനി വിരിച്ച് അതിനു പരിഹാരം കാണുകയുണ്ടായി. പാസ്റ്റര്‍മാരുടെ താമസസൗകര്യം വളരെ മെച്ചപ്പെടുത്തിയെങ്കിലും ചില പോരായ്മകള്‍ കൂടി പരിഹരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

യുവജനസമ്മേളനത്തില്‍ പങ്കെടുത്ത ഒരു ബാലകന്റെ പ്രസംഗം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. പാസ്റ്റര്‍ സാംകുട്ടി മാത്യുവിന്റെയും ഷൈജു ഞാറയ്ക്കലിന്റെയും നേതൃത്വത്തില്‍ മീഡിയാ ഡിപ്പാര്‍ട്ട്മെന്റ് ഉണര്‍ന്നുപ്രവര്‍ത്തിച്ചത് മറ്റൊരു പ്രത്യേകതയാണ്. സ്വദേശീയരും വിദേശീയരുമായ അനേക അഥിതികള്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.

ദൈവസഭയുടെ ഓവര്‍സീയര്‍ റവ. സി. സി. തോമസിന്‍റെയും അസ്സിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര്‍ പാസ്റ്റര്‍ വൈ. റെജിയുടേയും കൌണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫിന്റെയും കൌണ്‍സിലിന്റെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് കണ്‍വന്‍ഷന് ഒരുക്കിയത്. വിമതശബ്ദങ്ങള്‍ അധികം കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്നുള്ളത് ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ്. കടന്നുവന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കുവാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ക്രമീകരിച്ചു. എല്ലാംകൊണ്ടും തികച്ചും മാതൃകാപരമായ പൊതുയോഗം എന്ന നിലയില്‍ 95-൦മതു ദൈവസഭാ കണ്‍വന്ഷന് അനുഗ്രഹമാക്കി മാറ്റിയ സര്‍വ്വശക്തന് നന്ദി അര്‍പ്പിക്കുന്നു. ദൈവസഭാ മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ കെ. സി. ജോണിന്‍റെ പ്രാത്ഥനയോടും ആശീര്‍വാദത്തോടും കണ്‍വന്‍ഷന് തിരശീല വീണു.

ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ എന്ന സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങി കര്‍ത്താവിന്റെ വരവ് താമസിച്ചാല്‍ വീണ്ടും കാണാം അല്ലായെങ്കില്‍ നിത്യതയില്‍ ഒരുമിക്കാം എന്ന പ്രത്യാശയോടെ വിശുദ്ധചുംബനം നല്‍കി ജനസഹസ്രങ്ങള്‍ അവരുടെ ഭവനങ്ങളിലേക്ക് യാത്രയായി.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.