പ്രസംഗവേദിയിലെ സ്ത്രീ ശബ്ദം സിസ്റ്റർ. മേരി കോവൂർ വിടവാങ്ങി

ദീർഘനാളായി അനാരോഗ്യം കാരണം വിശ്രമത്തിൽ ആയിരുന്നു. ഇന്ന് രാവിലെ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച.

തിരുവല്ല: അരനൂറ്റാണ്ടോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്ഷീണം ക്രിസ്‌തുവിനെ പ്രസംഗിച്ച അനുഗ്രഹീത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ മേരി കോവൂർ വിടവാങ്ങി. കേരളത്തിലെ പെന്തെകോസ്തു കൺവൻഷൻ വേദികളെ ഇളക്കിമറിച്ച വനിതാ പ്രഭാഷക ശബ്‌ദമായിരുന്നു സിസ്റ്റർ മേരി കോവൂർ.

 

തിരുവല്ലയിലെ പ്രസിദ്ധമായ കോവൂർ കുടുംബത്തിലെ പരേതനായ പാസ്റ്റർ ബാവച്ചൻ എന്നുവിളിക്കുന്ന കുരുവിള കോവൂരിന്റെ ഭാര്യയായിരുന്ന അവർ മാവേലിക്കര വെട്ടിയാർ റ്റി. റ്റി. മത്തായിയുടെ മകളായി 1932 ആണ് ജനിച്ചത്.

സി എസ് ഐ സഭയുടെ ബാല്യകാല ശിക്ഷണം സുവിശേഷവേലയിൽ അവരെ വളരെ തല്പരയാക്കി. തൃശൂർ കോളജ് വിദ്യാഭ്യാസകാലത്തു ആണ് പെന്തെക്കോസ്ത് അനുഭവങ്ങളിലേക്ക് പ്രീയ മാതാവ് എത്തുന്നത്. പിന്നീട് അധ്യാപികയായി ജോലിയിൽ പ്രേവേശിച്ചു എങ്കിലും വേഗത്തിൽ പ്രേഷിത പ്രവർത്തനങ്ങളിലേക്ക് എത്തുകയായിരുന്നു. പത്തൊൻപതാം വയസുമുതൽ സുവിശേഷ പ്രസംഗകയായിരുന്ന ഇവർ ആദ്യഘട്ടങ്ങളിൽ ബഥേൽ ആശ്രമത്തോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ബാംഗ്ലൂരിൽ വേദപഠനം പൂർത്തിയാക്കി1958 ൽ വിശ്വാസ സ്നാനം സ്വീകരിച്ചു. 1963 മുതൽ പൂർണസമയം സകുടുംബമായി കർത്തൃവേളയിൽ ആയിരുന്നു. തിരുവല്ല കാവുംഭാഗത്തു സ്വന്ത വീടിനോടു ചേർന്നുള്ള സഭാപ്രവർത്തനങ്ങൾ അനേകരെ ക്രിസ്തുവിലേക്കു നയിച്ചു. പ്രവർത്തനങ്ങൾ പിന്നീട് കേരളത്തിന്റെ പലയിടങ്ങളിലെക്കും വ്യാപിക്കുകയായിരുന്നു. പൂർണമായ പെന്തെകോസ്തു വിശ്വാസം നിലനിർത്തിയിരുന്ന സഭ ഇപ്പോഴും അതെ നിലപാടിൽ തന്നെയാണ് നിലനിൽക്കുന്നത്.

ദീർഘനാളായി അനാരോഗ്യം കാരണം വിശ്രമത്തിൽ ആയിരുന്നു. ഇന്ന് രാവിലെ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച.

മകൻ  ഡോ. ജോർജ് കോവൂർ കോവൂർ പ്രസിദ്ധ സുവിശേഷ പ്രാസംഗികനും ന്യൂറോ സർജനും ആണ്. സുവിശേഷ പ്രവർത്തനങ്ങളിൽ സജീവയായ മകൾ സാറാജോർജ് കുടുംബമായി അമേരിക്കയിൽ താമസിക്കുന്നു.

തന്റെ വേലതികച്ചു വിടപറഞ്ഞ ബഹുമാന്യ കർത്തൃദാസിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ ആദരവുകൾ…

-Advertisement-

You might also like
Comments
Loading...