ലേഖനം: നാം എന്തിനു വിധിക്കണം?? | ഷൈനി ജേക്കബ്, ഡാളസ്
“നീതിമാനാരുമില്ല ഒരുത്തൻ പോലുമില്ല” ഈ ദൈവവചനം മറക്കാതിരുന്നെങ്കിൽ അന്യനെ വിധിക്കുവാൻ നാം മുതിരില്ലാരുന്നു. ഈ വിധം നീതിമാന്മാർ ആരുമില്ല എന്നത്തിൽ നാമും ഒഴിവുള്ളവരല്ല.
ഇന്നു സ്വന്തം കുറ്റം കാണുവാൻ കഴിയാതെ അപരന്റെ കുറ്റങ്ങൾ കണ്ടുപിടിച്ചു വിധിക്കുവാൻ ശ്രമിക്കുന്ന അനേകരെ കാണുവാൻ സാധിക്കും… അന്യനെ വിധിക്കുവാനും വിചാരണ നടത്തുവാനും നമുക്കു എന്ത് അവകാശം ആണുള്ളത്? ഇങ്ങനെ സ്വയം ന്യാധിപന്മാരായി അവരോധിക്കുവാൻ നാം ആരാണ്? ദൈവത്തിന്റെ കനിവിൽ അൽപ കാലം ഈ ഭൂമിയിൽ കൂടി സഞ്ചരിക്കുന്ന യാത്രികർ മാത്രം അല്ലേ? ദൈവവചനം ഇതിനെ നിർവചിക്കുന്നത് നോക്കുക “നീതിമാനാരുമില്ല ഒരുത്തൻ പോലുമില്ല” ഈ ദൈവവചനം മറക്കാതിരുന്നെങ്കിൽ അന്യനെ വിധിക്കുവാൻ നാം മുതിരില്ലാരുന്നു. ഈ വിധം നീതിമാന്മാർ ആരുമില്ല എന്നത്തിൽ നാമും ഒഴിവുള്ളവരല്ല.
ഒരിക്കൽ നാം വെറും പാപികൾ എന്ന മേലെഴുത്തിൻ കീഴിൽ ആയിരുന്നു. നമ്മുടെ പാപത്തിന്റെ പരിഹാരത്തിനായി, പാപം ഇല്ലാത്തവൻ നിന്ദ, പഴി, ദുഷി,വേദന, പരിഹാസം എല്ലാം സഹിച്ചു, ക്രൂശിലെ മരണത്തോളം താണു. അവന്റെ ക്രൂശീകരണത്താൽ നമ്മുടെ നീതീകരണം സംഭവിച്ചു. നാമോ, അവനെ വീണ്ടും ദുഖിപ്പിച്ചും വേദനിപ്പിച്ചും നാളുകൾ കഴിക്കുന്നു.
എന്നാൽ അവൻ നമുക്കായി പകർന്ന സ്നേഹത്ത മറന്നുപോകുന്നു. ആ സ്നേഹത്തിന്റെ ആഴം വർണ്ണിക്കുവാൻ, അഥവാ അതിന്റെ വലിപ്പം ചിന്തിക്കുവാൻ പോലും സാധിച്ചിട്ടുണ്ടോ? ഇല്ലാ, എന്ന് മാത്രമേ നമുക്ക് ആത്മാർത്ഥമായി പറയാൻ സാധിക്കൂ. നാമോ കർത്താവിനെയും താൻ രക്തം കൊടുത്തു വിലക്ക് വാങ്ങിയ തിരുസഭയെയും കുറ്റം വിധിക്കുന്നു. അതിനെ ആവും വിധം പ്രചരിപ്പിക്കുന്നു.
വ്യസനകരമായ ഒരു സത്യം നമുക്ക് ആ അതുല്യ സ്നേഹത്തെ നമ്മുടെ സമൂഹത്തിൽ പോലും വിവരിക്കുവാൻ കഴിയുന്നില്ല. പകരം കർണരസം ആകുന്ന രീതിയിൽ ഏതൊക്കെയോ വിളിച്ചു പറഞ്ഞു മൃദുല വികാരങ്ങളെയും സ്വയ ന്യായീകരണത്തെയും ഇക്കിളിപ്പെടുത്തുന്നു. സാത്താനെയും അവന്റെ ശക്തിയെയും വിവരിച്ചു, ദൈവശക്തിയെ പറ്റി ഉരിയാടാതിരിക്കുന്നു. നാം മടങ്ങിവരേണ്ടിയിരിക്കുന്നു. നമുക്കു നമ്മെത്തന്നെ വിധിക്കാം.. മറ്റുള്ളവരുടെ കുറ്റങ്ങൾ കുറവുകൾക്കും നേരെ വിരൽ ചൂണ്ടുമ്പോൾ നമ്മുടെ ജീവിതം ശരിയാണോ എന്നുകൂടി ചിന്തിക്കുന്നത് അഭികാമ്യം അല്ലേ? അതിനു നാം നാം മനസുവെക്കുന്നെങ്കിൽ വിപ്ലവകരമായ ഒരു മാറ്റം നമ്മിൽ നിന്ന് ആരംഭിക്കും.
ഒരിക്കൽ ന്യായപ്രമാണത്തിൽ വിധി നടപ്പാക്കാൻ ഒത്തുകൂടിയ കപട ന്യായാധിപ ഹൃദയരായ ജനത്തോടു യേശു ഇപ്രകാരം പറഞ്ഞു. “നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ ആദ്യം കല്ലെറിയട്ടെ”. എന്നാൽ മനസാക്ഷിയുടെ വിചാരണ കാരണം ആർക്കും ആ വാക്കുകൾക്കു മുൻപിൽ നില്പാൻ കഴിഞ്ഞില്ല. മനസാക്ഷി എന്ന ന്യാധിപൻ ഇന്നും നമ്മുടെ ഉള്ളിൽ ഉണ്ട്. ആ വിധികേൾക്കണമെങ്കിൽ നമ്മുടെ കാതുകൾ ഇന്നും മുഴങ്ങുന്ന” നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം” എന്ന ശബ്ദം കേൾക്കണം. ഇന്നും ആ ശബ്‍ദം മുഴങ്ങുന്നുണ്ട്. അത് കേൾക്കാൻ നാം മനസു വക്കണം.
പാപം ഇല്ലാത്ത, നീതി ചെയ്യുന്ന പരിപൂർണ വിശുദ്ധജീവിതം നയിക്കുന്ന, പൂർണരായ ആരെങ്കിലും ഉണ്ടെങ്കിൽ അവര്ക്ക് വിധിക്കാം. അത്ര യോഗ്യരായ ആരെയും ഈ ലോകത്തിൽ കാണാൻ കഴിയില്ല. അതിനു യോഗ്യൻ നമ്മുടെ കർത്താവു മാത്രം. അവനു മാത്രമേ അതിനു യോഗ്യത ഒള്ളു, വിധിപ്പാൻ അധികാരവും ഉള്ളു.
“കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച സ്നേഹം നിമിത്തം, അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട്കൂടെ ജീവിപ്പിച്ചു”.
ഭൂമിയിൽ നമ്മുടെ സമശിഷ്ടങ്ങളോട് ക്ഷമിക്കുവാനോ, അവരെ സ്നേഹിക്കുവാനോ കഴിയാത്തവർ എങ്ങനെ സ്വർഗത്തിൽ ചെല്ലുവാൻ സാധിക്കും? (ഇങ്ങനെയാണ് നമ്മുടെ ജീവിതം എങ്കിൽ അങ്ങ് ചെല്ലുകയില്ല എന്നത് നഗ്നമായ സത്യമാണ്).
ഇത് അന്ത്യാകാലം ആകയാൽ സമയം തക്കത്തിൽ ഉപയോഗിക്കാം. അവന്റെ പൂണിയിലെ നല്ല അമ്പാകാം..
പാട്ടുകാരനോട് നമുക്കും ചേർന്നുപാടാം…
“കാലം കഴിയുന്നു നാളുകൾ പോയി..
കർത്താവിൻ വരവ് സമീപമായി..
മഹത്വ നാമത്തെ കീർത്തിപ്പാനയി..
ശക്തികരിക്ക നിൻ ആത്മാവിനാൽ!”
അവന്റെ വേലയെ തികക്കാം. വിശ്വസ്തരായി നിൽക്കാം. അവന്റെ വരവിനായിഒരുങ്ങാം.. നമ്മുടെ പ്രിയപ്പെട്ടവരേ കൂടി ഒരുക്കാം. എല്ലാ ദുഷ്ടതയും ചതിവും വ്യാജഭാവവും ജീവിതത്തിൽ നിന്നും അകറ്റാം.. വിധിക്കുവാനോ വിധിക്കപെടുവാനോ ഇടകൊടുക്കാതെ ദൈവീക പാതയിൽ മുന്നേറാം… കർത്താവിന്റെ വരവിൽ അവനോടു കൂടെ എടുക്കപെടുവാൻ, ആ നിത്യതയുടെ അവകാശി ആകുവാൻ സ്വയം ഒരുങ്ങാം .
ലൂക്കോസ് 6:37;
വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.
-ഷൈനി ജേക്കബ്, ഡാളസ്