ലേഖനം:നിറഞ്ഞൊഴുകട്ടെ വരട്ടാറുകൾ | ജോൺസൺ കുമ്പനാട്
“അവിടെ നിന്ന് അസൂസാ സ്ട്രീറ്റിലേക്കും ലോസാഞ്ചല
സിലേക്കും ഒഴുകിയ നദി അമേരിക്കയിൽ മാത്രം ഒതുങ്ങിയില്ല 1904ൽ ഇംഗ്ലണ്ടിലെ വെയിത്സിലേക്ക് ഒഴുകി. ഇവാൻറോബർട്ട് എന്ന യൗവ്വനക്കാരനിൽ കൂടി വെയിത്സിനെ നനച്ച ആത്മ നദി ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ സ്വർഗീയ അനുഭവത്തിന്റെ പരമ കോടിയിലെത്തിച്ചു.പത്തു വർഷം കൊണ്ട് നാടകശാലകൾ ഒഴിഞ്ഞു. തിയേറ്ററുകൾ പൂട്ടി… “
ഈ അടുത്ത കാലത്ത് പ്രകൃതി സ്നേഹികൾക്ക് ഏറ്റവും അംഗീകാരം നേടിക്കൊടുത്ത ഒരു സംരംഭമായിരുന്നു വരട്ടാറിന്റെ പുനരുജ്ജീവനപ്രവർത്തനം.രാഷ്ട്രീയ സാംസ്കാരിക മത വർഗ്ഗ വ്യത്യാസമെന്യേ തോളോടുതോൾ ചേർന്ന് ഏവരും ആ പ്രയത്നത്തിൽ പങ്കാളികളായപ്പോൾ അതൊരു സംസ്കാരത്തിന്റെ തന്നെ പുനർ നിർമ്മിതിയായി മാറി.
മനുഷ്യന്റെ അത്യാർത്തി മണ്ണിന്റെ മനസ്സിനെ മുറിവേൽപ്പിച്ചപ്പോൾ മാറി ഒഴുകിയ ആദി പമ്പ! (അതോ മാറിയൊഴുകാൻ നിർബന്ധിക്കപ്പെട്ടതോ?) വിറങ്ങലിച്ച ശവങ്ങൾ പേറുന്ന ചുടലക്കാട് പോലെയായ ആദി പമ്പയുടെ കൈവഴിയായ വരട്ടാറിനെ നോക്കി അവളുടെ സമൃദ്ധി കണ്ട എത്രയോ പേർ സങ്കടപ്പെട്ടിട്ടുണ്ടാവും? ഒരിക്കൽ കുലുങ്ങി ചിരിച്ച് പതഞ്ഞൊഴുകി അലരിയെയും കൈതയെയും തഴുകി തലോടി നിറഞ്ഞൊഴുകിയിരുന്ന നാടിന്റെ ‘രക്തധമനി’ വറ്റിവരളുന്ന കാഴ്ച കണ്ട് വേദനയോടെ എത്രയോ തലമുറകൾ കടന്നു പോയി…
എന്നാലിപ്പോൾ വീണ്ടും അവൾ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുന്നു. ഒരു നാടിന്റെ ഒത്തൊരുമിച്ചുള്ള പ്രയത്നത്തിനു മുമ്പിൽ സ്വാർത്ഥതയുടെ പടുമുളകൾ മണ്ണിട്ടു മൂടപ്പെട്ടു. വരട്ടാറിന്റെ കെട്ടിയടച്ച കൈവഴികൾ സ്വാതന്ത്ര്യത്തിന്റെ മധുരം അനുഭവിച്ചു! പ്രകൃതിയും ഈ നന്മ പ്രവർത്തിക്ക് പച്ചക്കൊടി കാട്ടി ആകാശത്തിന്റെ കിളിവാതിൽ തുറന്നപ്പോൾ നിറഞ്ഞൊഴുകിയ പമ്പ വരട്ടാറിന് ജലസമൃദ്ധി നൽകി. ഇനി ഈ കരകളിൽ വസന്തം വിരുന്നെത്തും… പൂക്കളും കിളികളും പൂത്തുമ്പിയും അണ്ണാറക്കണ്ണനും ഇവിടെ വിരുന്നുകാരായെത്തും…
മദ്ധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂരിൽ വറ്റിവരണ്ടു കിടന്ന ഒരു നദിയെ മനുഷ്യന്റെ കൂട്ടായ പ്രയത്നത്താൽ പുരരുജ്ജീവിപ്പിക്കപ്പെട്ട വാർത്ത കഴിഞ്ഞ ചില മാസങ്ങളിൽ ദേശീയ ശ്രദ്ധയാകർഷിക്കപ്പെട്ടത് നാം കണ്ടു.
ഈ വാർത്തകൾ സന്തോഷത്തോടെ കേട്ടു കൊണ്ടിരുന്നപ്പോൾ മനസിൽ ചിന്തിക്കയും ആഴമായ വേദന ഉളവാക്കുകയും ചെയ്ത ഒന്നാണ് വറ്റി വരണ്ട ആത്മ നദിയെക്കുറിച്ചുള്ള ഭാരം. ഏദൻ തോട്ടത്തെ നനയ്ക്കുവാനായി നാല് ശാഖകളായി പിരിഞ്ഞ് കഴുകായിരുന്ന ആത്മ നദി സെഹിയോൻ മാളികമുറിയിൽ പാഞ്ഞൊഴുകിയപ്പോൾ ആ നിറവേറ്റെടുത്ത അപ്പോസ്തലൻമാർ ലോകത്തെ കീഴ്മേൽ മറിച്ചത് ചരിത്ര സത്യം .ആ നദിയുടെ പാച്ചിലിൽ പാതാളഗോപുരങ്ങൾ നിലംപരിചായി…. സാമ്രാജ്യശക്തികൾ തകർന്നടിഞ്ഞു. യെരീഹോ കോട്ടകൾ സമഭൂമിയായി… കോടികൾ വിലമതിക്കുന്ന മാന്ത്രിക ഗ്രന്ഥങ്ങൾ അഗ്നിക്കിരയായി… യെഹൂദന്റെ പൗരോഹിത്യ ആണിക്കല്ലുകൾ ഇളകി തെറിച്ചു.കുടിൽ തൊട്ട് കൊട്ടാരം വരെ ആ നദിയുടെ നനവിനാൽ ആർദ്രമായപ്പോൾ മതമേലധ്യക്ഷന്മാർ നോക്കുകുത്തികളായി..! ആദിമസഹസ്രാബ്ദത്തിന്റെ മൂന്നാം ശതകം വരെ നിറഞ്ഞൊഴുകിയിരുന്ന സ്വർഗ്ഗീയ നദി മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കു മുമ്പിൽ മണ്ണിട്ട് നികത്തപ്പെട്ടു. കുത്സന്തീനോസ് എന്ന കൈസർ മനപരിവർത്തമില്ലാത്ത മതപരിവർത്തനത്തിന് വിധേയനായപ്പോൾ ദൈവത്തിന്റെ നദിയെ യവനായ മതത്തിലെ മൃതശരീരങ്ങൾ കൊണ്ട് പങ്കിലമാക്കി. പിന്നെ പറയാനുണ്ടായിരുന്നത് വറുതിയുടെ പതിനഞ്ച് നൂറ്റാണ്ടുകളുടെ കഥകൾ..! ചെറിയ ചെറിയ ഉറവകളായി നിയന്ത്രിക്കപ്പെട്ടു പോയി ഈ നദി.
എന്നാൽ അണപൊട്ടിയൊഴുകുന്നതു പോലെ മനുഷ്യാത്മാവിലേക്ക് ഈ നദി വീണ്ടും പാഞ്ഞൊഴുകിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം.. അമേരിക്കയിലുള്ള ചെർഹാമിന്റെ ബൈബിൾ കോളേജിൽ ആഗ്നസ് എൻ ഉസ്മാൻ എന്ന സഹോദരി മൂന്ന് ദിവസം തന്റെ മാതൃ ഭാഷ മറന്നു പോയ സംഭവത്തിന് ലോകം സാക്ഷിയായത്. അവൾ അക്ഷരം പോലും പഠിക്കാതെ ചൈനീസ് ഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്തതിന് ലോകം സാക്ഷി. അന്ന് അവൾ എഴുതിയ ചീനാരേഖകളുടെ ഫോട്ടോ പ്രിന്റ് ഇന്നും അവിടുത്തെമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. 1901 ജനുവരി ടോപ്പിക്കാ ക്യാപിറ്റോൾ എന്ന പത്രത്തിൽ വന്ന വാർത്ത ഇങ്ങനെ
“അപ്പസ്തോലിക വിശ്വാസികൾ ദൈവനിശ്വാസിതരായി പുതു ഭാഷകൾ സംസാരിക്കുകയും അത്ഭുതവിശ്വാസമുള്ളവരായിരിക്കയും ചെയ്യുന്നു. തങ്ങളുടെ ആവിശ്യങ്ങൾ മറ്റുള്ളവരോട് അറിയിക്കാതെ ദൈവത്തോട് പ്രാർത്ഥിക്ക മാത്രം ചെയ്യുന്നു പ്രാർത്ഥനാനിരതരായിരിക്കുന്നവരിൽ ആദിമ അപ്പോസ്തലൻമാരുടെ എല്ലാ ഗുണങ്ങളും കാണുന്നു. ഏറ്റവും പ്രത്യേകമായ കാര്യം അവർ അന്യഭാഷകളിൽ സംസാരിക്കുന്നു എന്നതാണ്.”
അവിടെ നിന്ന് അസൂസാ സ്ട്രീറ്റിലേക്കും ലോസാഞ്ചലസിലേക്കും ഒഴുകിയ നദി അമേരിക്കയിൽ മാത്രം ഒതുങ്ങിയില്ല 1904ൽ ഇംഗ്ലണ്ടിലെ വെയിത്സിലേക്ക് ഒഴുകി. ഇവാൻറോബർട്ട് എന്ന യൗവ്വനക്കാരനിൽ കൂടി വെയിത്സിനെ നനച്ച ആത്മ നദി ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ സ്വർഗീയ അനുഭവത്തിന്റെ പരമകോടിയിലെത്തിച്ചു. പത്തു വർഷം കൊണ്ട് നാടകശാലകൾ ഒഴിഞ്ഞു. തിയേറ്ററുകൾ പൂട്ടി… കുറ്റകൃത്യങ്ങൾ നടക്കാത്തതിനാൽ പോലിസുകാർ വെറുതെയിരുന്നിട്ട് ആ ജോലി ഉപേക്ഷിക്കുവാൻ പോലും അനേകർ ഒരുങ്ങി.ഇംഗ്ലണ്ടിനെ മുഴുവൻ നനച്ച ആ നദി ഇങ്ങ് ഭാരതത്തിലും ഒഴുക്കാരംഭിച്ചു. പൂനായിലെ പണ്ഡിതരമാഭായിയുടെ മുക്തിമിഷനിലാണ് ആദ്യമായി ഈ അനുഭവം രേഖപ്പെടുത്തപ്പെട്ടത്.
1908 ൽ യൂറോപ്യൻ രാജ്യങ്ങളെ ഇളക്കി മറിച്ചു കൊണ്ട് ആത്മ നദി ഴുകുവാനാരംഭിച്ചു.ധന്യനായ പൗലോസ് ശ്ലീഹായുടെ പാദസ്പർശനമേറ്റ മണ്ണ് വീണ്ടും ആത്മാവിന്റെ നനവ് അനുഭവിക്കുവാൻ തുടങ്ങി. നോർവ്വേ, സ്വീഡൻ, ഡെൻമാർക്ക്, ഫിൻലാന്റ്, ജർമ്മനി, സ്വിറ്റ്സർലന്റ്, ആസ്ട്രിയ, യുഗോസ്ലാവ്യ, പോളണ്ട്, റഷ്യ, ഫ്രാൻസ്, ഇറ്റലി, പോർട്ടുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെ ഇംഗ്ലണ്ടിൽ നിന്നുള്ള മിഷനറിമാർച്ചെ ഉഴുതുമറിച്ചു.അതേ കാലഘട്ടത്തിൽ തന്നെ അമേരിക്കൽ മിഷനറിയായ ജോർജ്ജ് എസ് ബെൽഫോർഡ് ആഫ്രിക്കൻ വൻകരകളിൽ ഈ നദിയും വഹിച്ച് ചെന്നു. 1915ൽബർട്ടനും ബാർട്ടറും എത്തിയതോടെ ആഫ്രിക്കയിൽ ഒഴുക്കിന് ശക്തി കൂടി. ബോവർ യുദ്ധത്തിൽ (ദക്ഷിണാഫ്രിക്കയിലെ ) പങ്കെടുത്ത ആർച്ചിബാൾഡ് അവിടെ വച്ച് രക്ഷിക്കപ്പെട്ട് അവിടെ തന്നെ താമസിച്ച് ഒരു സുവിശേഷ പടയാളിയായി സേവനം തുടർന്നു.1910 ൽ അദ്ദേഹം സ്ഥാപിച്ചതാണ് ഇന്ന് 128 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ്.
1921ൽ സ്മിത്ത് വിഗിൾസ്വർത്തിലൂടെ ഈ നദി ആസ്ത്രേലിയയിലും ന്യൂസിലാണ്ടിലുമെത്തി. ചൈനയിൽ 1910 ൽ നെറ്റി മൂമോ എന്ന സഹോദരിയിൽ കൂടിയാണ് നദി ഒഴുക്കാരംഭിച്ചത്.
1913 ൽ ജപ്പാനിലും 1931 ൽ ഇന്തോനേഷ്യയിലും ഒഴുകുവാനാ
രംഭിച്ചു. പണ്ഡിതരമാഭായിയിലൂടെ ഇന്ത്യയിൽ ഒഴുകുവാനാരംഭിച്ച ആത്മ നദി ജോർജ്ജ് ബർഗ്ഗ് എന്ന മിഷനറിയിലൂടെ കേരളത്തിൽ വ്യാപിച്ചു.1913 ൽ മിഷനറിവീരനായ കുക്കു സായിപ്പിന്റെ വരവോടെ സാമുദായിക കോട്ടകൾ ഇടിയാൻ തുടങ്ങി.1923 ൽ സാറപ്പച്ചന്റെ എഴുന്നേൽപോട്ടെ ഈ നദി പരന്നൊഴുകുവാൻ തുടങ്ങി..” ഇങ്ങനെ പോയാൽ നമ്മുടെ സഭകൾ ആളില്ലാ കെട്ടിടങ്ങളാകും ” എന്ന ആശങ്ക സമുദായസ്ഥരിൽ ഉടലെടുക്കത്തക്ക നിലയിൽ ദൈവാത്മാവിന്റെ നദി കേരളക്കരയെ നവചൈതന്യത്താൽ പോഷിപ്പിച്ചു.
ആത്മനദിയിൽ മുങ്ങിനിവർന്നവർ കേരളത്തിന്റെ പൈതൃക നദികളെ സ്നാന കടവുകളാക്കി മാറ്റി. സ്വർഗ്ഗീയ നദിയും ഭൗമീക നദിയും ചരിത്ര സത്യങ്ങൾക്ക് സാക്ഷികളായി. തകർക്കാൻ പറ്റാത്ത ദൈവീക സത്യങ്ങളായി സഭകൾ മാറിയപ്പോൾ സാത്താന്യ കേന്ദ്രങ്ങൾ ഒന്നായി വിറപൂണ്ടു. പിന്നെ ഈ നദിയുടെ ഒഴുക്കു തടയാൻ സ്വാർത്ഥതയുടെ തടയണകൾ ഒന്നൊന്നായി മനുഷ്യ മനസു
കളിൽ അവൻ പണിതുറപ്പിച്ചു. വിഭാഗീയതയുടെയും, വർഗ്ഗീയതയുടെയും, സാമ്പത്തീക അസമത്വത്തിന്റെയും നടുച്ചുമരുകൾ വീണ്ടും പണിതുറപ്പിക്കപ്പെട്ടു. പഞ്ഞൊഴുകുവാൻ വെമ്പൽ കൊണ്ടആത്മ നദി ഈ യെരീഹോ കോട്ടകളിൽ തട്ടി വഴിമുട്ടി നിന്നു. ഫലം കായ്ക്കുന്ന വൃക്ഷങ്ങൾ മാത്രം നിന്നിരുന്ന നദിക്കരകൾ പടുമുളകളുടെ ഊഷരഭൂമിയായി മാറി…! പ്രസ്ഥാനങ്ങൾ അവിടെ അനവധി മുളച്ചുപൊന്തിയപ്പോൾ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും തനിമ നഷ്ടപ്പെട്ടു. എന്റെ സഭ – നിന്റെ സഭ എന്ന വ്യക്തികേന്ദ്രീകൃത വ്യവസ്ഥിതി ആത്മ മണ്ഡലത്തെ മരുഭൂമി
യാക്കി മാറ്റി. പുതുതലമുറ ഇത് കണ്ട് വിറങ്ങലിച്ച് നിൽക്കുന്നു. ഇനി സമയം കളയാനില്ല കൃപയുടെ കൈക്കോട്ടും മൺവെട്ടിയുമായി ഇറങ്ങണം…. അത് മണ്ഡലത്തിലെ ‘വരട്ടാറുകളെ’ വീണ്ടെടുക്കണം.
ഒരു ജനതതിയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ സ്വാർത്ഥത കടപുഴകിയ പോലെ നമുക്കും തോടുകൾ വെട്ടാം… കടപുഴകട്ടെ പടുമരങ്ങൾ….. ഒഴുകട്ടെ ആത്മാവിന്റെ തെളിനീരുറവ…
അത് തലമുറകൾക്ക് വീണ്ടും സ്വർഗ്ഗീയ സന്തോഷത്തിന്റെ നനവായ് മാറട്ടെ… ഇല്ലെങ്കിൽ രണ്ടുരുവ് ചത്തും വേരറ്റും പോയ ഒരു തലമുറയെയായിരിക്കും കാലം നമുക്ക് സമ്മാനിക്കുന്നത്. അവിടെ ആരാധനാലയങ്ങൾക്ക് മുമ്പിൽ ‘ വിൽപ്പനക്ക് ‘ എന്ന ബോർഡ് തൂക്കേണ്ട ഗതികേട് നമ്മെ കാത്തിരിക്കുന്നു…..!
-Advertisement-