പാക്കിസ്ഥാനിൽ ക്രൈസ്തവ യുവാവിനെ പോലീസുകാർ മർദ്ദിച്ചുകൊന്നു
റോജി ഇലന്തൂർ
പാക്കിസ്ഥാൻ: ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാൻ മുസ്ലിം സഹപാഠിയുടെ നിർബന്ധത്തിനു വഴങ്ങാതിരുന്നതിന്റെ പേരിൽ ഉണ്ടായ സംഘർഷത്തിൽ പാക്കിസ്ഥാനിൽ ഏഴു പോലീസുകാർ ചേർന്ന് പതിനാലുകാരനെ മർദ്ദിച്ചു കൊന്നു.
ഈ കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യയോടടുത്ത സമയത്താണ് അർസലൻ എന്ന പതിനാലുകാരനെ മതവെറി പൂണ്ട ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് താൻ പഠിച്ചുകോണ്ടിരുന്ന ട്യൂഷൻ സെന്ററിൽ കയറി ക്ലാസിനു പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വൻതോക്കുകൾ കൊണ്ട് തലക്കിടിച്ചും ബൂട്ടുകൾകൊണ്ടു മുഖത്തു ചവിട്ടിയും മൃഗീയമായി കൊലപ്പെടുത്തിയത്. അധ്യാപകനായ ഫർഹാൻ അലി ക്രൂരപീഢനം തടയാൻ ശ്രമിച്ചെങ്കിലും പോലീസുകാർ തന്നെയും മർദ്ദിക്കുകയായിരുന്നു എന്ന് അർസ്സലന്റെ പിതാവ് മുഷ്താഖ് മസിഹ് പറഞ്ഞു.
പോലീസുകാർ അർസ്സലനെ ബന്ധിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് അർസ്സലന്റെ ശരീരം വഴിയരികിൽ ഉപേക്ഷിച്ച് പോലീസ് കടന്നുകളയുകയായിരുന്നു എന്ന് അർസ്സലന്റെ പിതാവ് മുഷ്താഖ് മസിഹ് വാർത്താ മാധ്യമങ്ങളോടു പറഞ്ഞു.
നാലു മാസം മുൻപ് അർസ്സലനും പോലീസ് ബന്ധമുള്ള മുസ്ലീം ചെറുപ്പക്കാരനുമായി നടന്ന മതപരമായ വാക്കേറ്റവും പ്രശ്നങ്ങളും വഴക്കുമാണ് അരുംകൊലയിലേക്കു വഴി തെളിച്ചതെന്ന് പറയപ്പെടുന്നു.
മരണപ്പെട്ട അർസ്സലനലിന്റെ പിതാവ് ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസ് ഫയൽ ചെയ്തെങ്കിലും ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.