ഭാവന: ദൈവത്തിന്റെ ‘വിലയേറിയ’ അഭിഷക്തനോ അതോ ‘അത്യുന്നതനായ’ ദൈവത്തിന്റെ ദാസനോ?

റോജി ഇലന്തൂർ

ചാക്കോച്ചനു പെന്തക്കൊസ്തുകാരുടെ കൺവൻഷനു പോകാൻ‌ വല്യ താൽപര്യമൊന്നുമുണ്ടായിട്ടല്ല, പിന്നെ ചിന്നമ്മയുടെ നിർബന്ധത്തിനു ഒരുങ്ങിപ്പിടിച്ച്‌ മനസ്സില്ലാമനസ്സോടെ കാറിൽ കയറി കൺവൻഷനു വന്നതാണ്. പ്രവാസിമലയാളിയായ ചാക്കോച്ചനെ ഒരു തികഞ്ഞ ആത്മീയനാക്കിയെടുക്കാൻ ചിന്നമ്മ പ്രാർത്ഥിച്ച പ്രാർത്ഥന ഉണ്ടാരുന്നേൽ നമ്മുടെ ഭാരതം പണ്ടേ വിടുവിക്കപ്പെട്ടേനേം. ഗൾഫിലെ മണലാരണ്യത്തിൽ ഒറ്റയ്ക്കുള്ള ചാക്കോച്ചന്റെ വാസത്തിൽ ചിന്നമ്മയ്‌ക്കത്ര അങ്ങട്‌ തൃപ്തിയില്ല. കാരണം മറ്റൊന്നുമല്ല, വീക്കെൻഡിൽ ചാക്കോച്ചൻ കൂട്ടുകാരും കൂടി ‘രണ്ടെണ്ണം വീശും’. ‘വീശാത്ത’ ചാക്കോച്ചനെയാണ് ചിന്നമ്മയ്‌ക്കിഷ്ടം. ചിന്നമ്മ പണ്ടേ മാനസാന്തരപ്പെട്ടു മുങ്ങിയെങ്കിലും ചാക്കോച്ചൻ വെള്ളത്തിൽ നിന്നൊന്നു കേറീട്ടു വേണ്ടേ ‘മുങ്ങാൻ’. ഇപ്രാവശ്യം ചാക്കോച്ചനെ മാനാസാന്തരപ്പെടുത്തി മുക്കിപ്പൊക്കീട്ടു തന്നെ കാര്യമെന്നു ചിന്നമ്മ. അങ്ങനെയാണു മനസ്സില്ലാമനസ്സുള്ള ചാക്കോച്ചനേം ചുമ്മി ചിന്നമ്മ കൺവൻഷനു വന്നത്‌.

കൺവൻഷൻ ഗ്രൗണ്ടിൽ വന്നതും പഴയ സുഹൃത്തുക്കൾ വല്ലവരുമുണ്ടൊ എന്നാരുന്നു ചാക്കോച്ചന്റെ നോട്ടം. ചിന്നമ്മ നല്ല ചുണക്കുട്ടിയായി സ്റ്റേജിന്റെ തൊട്ടടുത്തു തന്നെ ഇരിപ്പിടം പിടിച്ചു, അനുസരണയുള്ളൊരു കുട്ടിയെന്നവണ്ണം ചാക്കോച്ചനും. ചാക്കോച്ചനു പണ്ടേ പാട്ടും പ്രാർത്ഥനയും ‘കുരിശുകണ്ട ചെകുത്താനെപ്പോലെ’ ആയതുകൊണ്ട്‌ കുളിച്ചൊരുങ്ങി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും പാട്ടും ആരാധനയും ഒരു കര പറ്റിയിരുന്നു. ചിന്നമ്മ അതിന്റെ കലിപ്പിലാണ്. എന്നിട്ടും ചാക്കോച്ചനു പത്തുമിനിട്ടൂടെ കഴിഞ്ഞിരുന്നെങ്കിൽ ‘സ്തോത്രകാഴ്ചയും കൂടെ അങ്ങു തീർന്നേനേം’ എന്നു ചിന്നമ്മയോടു പറയാൻ മറന്നില്ല. അതിനുള്ള മറുപടി പറഞ്ഞത്‌ ചിന്നമ്മയുടെ ഉണ്ടക്കണ്ണുകളാണ്! അതു കണ്ടപ്പളേ ചാക്കോച്ചൻ ‘നല്ലകുട്ടിയായി’ സ്റ്റേജിലേക്കും നോക്കിയിരുന്നു. അൽപം കൊണ്ടും അധികം കൊണ്ടും ദൈവം പ്രവർത്തിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ചിന്നമ്മ. ഒരുവാക്കെങ്കിൽ ഒരുവാക്ക്‌ ചാക്കോച്ചനെ മാനസാന്തരപ്പെടുത്തിയെങ്കിലോ എന്നാണ് ചിന്നമ്മയുടെ ചിന്ത. സ്തോത്രകാഴ്ചയുടെ പാട്ടു തുടങ്ങിയപ്പോൾ ചാക്കോച്ചൻ പഴ്സ്‌ എടുത്തു. മോദിസർക്കാർ മോഡിയോടുകൂടെ പുറത്തുവിട്ട പളപളപ്പൻ രണ്ടായിരത്തിന്റെ താളുകളും പച്ചപിടിച്ച അഞ്ഞൂറിന്റെ താളുകളും അടുക്കിയിരുപ്പുണ്ടായിരുന്നേലും ചാക്കോച്ചനു പഴയ പത്തിന്റെ ഗാന്ധിയോടെന്തോ വൈരാഗ്യമുള്ളപോലെ ഞെരുടിച്ചുരുട്ടി സ്തോത്രകാഴ്‌ചസഞ്ചിയിൽ ഇട്ടു!! ചിന്നമ്മ ചാക്കോച്ചന്റെ പോക്കറ്റിൽനിന്നു തന്നെ മാറ്റിവെച്ചിരുന്ന രണ്ടായിരത്തിന്റെ താളു ചാക്കോച്ചന്റെ കണ്ണുവെട്ടിച്ച്‌ സ്തോത്രകാഴ്ച സഞ്ചിയിലേക്ക്‌ ചാക്കോച്ചൻ കാണാതിരിക്കാൻ കൈ ഇറക്കിയിട്ടു. ചിന്നമ്മെ പറ്റിച്ച ചാക്കോച്ചൻ ദൈവത്തെ പറ്റിച്ച സംതൃപ്തിയോടെ ഞെളിഞ്ഞിരുന്നു. ദൈവത്തെ പറ്റിച്ച ചാക്കോച്ചൻ, ചാക്കോച്ചനെ പറ്റിച്ച കാര്യം അറിഞ്ഞതുമില്ല.

അദ്ധ്യക്ഷപദവി അലങ്കരിച്ച മഹത്‌വ്യക്തി പ്രാസംഗികനെ സ്വാഗതം ചെയുന്ന കർമ്മമാണ് അടുത്തത്‌. ചാക്കോച്ചൻ എല്ലാം സസൂക്ഷ്മം ശ്രദ്ധിക്കാൻ തുടങ്ങി. പ്രഭാഷകനായ കർത്തൃദാസനെക്കുറിച്ച്‌ ‘ദൈവത്തിന്റെ വിലയേറിയ അഭിഷക്തൻ’ എന്നു തുടങ്ങിയ പദപ്രയോഗത്തോടു ചാക്കോച്ചനു തീരെ യോജിക്കാൻ കഴിഞ്ഞില്ല. കാരണം അന്നു രാവിലേം കൂടെ വേദപുസ്തകത്തിലെ അപ്പൊസ്തലപ്രവർത്തികളുടെ പുസ്തകത്തിലെ പതിനാറാം അധ്യായം പതിനേഴാം വാക്യം ചിന്നമ്മ ഉറക്കെ വായിച്ചുകേൾപ്പിച്ചത്‌ ‘അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോട്‌ അറിയിക്കുന്നവർ’ എന്നുള്ളതു സുവിശേഷയോഗത്തിനു ആദ്യമായി വന്ന ചാക്കോച്ചനു മനസ്സിലായി. ചാക്കോച്ചൻ ചിന്തിച്ചതിലും തെറ്റു പറയാൻ പറ്റില്ല. ഏതു കാരണം ചൊല്ലിയും കൺവൻഷൻ മുടക്കാൻ നോക്കിയിരുന്ന ചാക്കോച്ചൻ ദൈവത്തെക്കാൾ ദൈവദാസന്മാർക്കു പ്രാമുഖ്യം കൊടുക്കുന്ന സമൂഹത്തെ നോക്കി പുച്ഛിച്ചുകൊണ്ട്‌ ഇരിപ്പിടം വിട്ടെഴുന്നേറ്റു. ചിന്നമ്മയും ചാക്കോച്ചന്റെ പിന്നാലെ മനസ്സില്ലാമനസ്സോടെ അവിടെ‌ നിന്നും യാത്രയായി. ഒരു പരുവത്തിലാണ് ചാക്കോച്ചനെ അവിടെ വരെ ചിന്നമ്മ കൊണ്ടെത്തിച്ചത്‌. എന്നാൽ ‘വിലയേറിയ കർത്തൃദാസന്മാർ’ സ്വാഗതം കൊഴുപ്പിച്ച്‌ ചാക്കോച്ചനെ തിരിച്ചയച്ചത്‌ അദ്ധ്യക്ഷനുണ്ടോ അറിയുന്നു? അങ്ങനെ കാലങ്ങളായ ചാക്കോച്ചന്റെ മാനസാന്തരത്തിനുവേണ്ടിയുള്ള ചിന്നമ്മയുടെ പ്രാർത്ഥന പിന്നെയും തുടർന്നുകൊണ്ടേയിരുന്നു..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.