ഹൂസ്റ്റണിൽ ശക്തമേറിയ ചുഴലിക്കാറ്റ്; 5 മരണം

ജെറ്റ്സൺ സണ്ണി

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും മണ്ണിടിച്ചിലും ടെക്‌സാസ് സംസ്ഥാനത്തുടനീളം കനത്ത നാശം വിതച്ചു. അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ പറഞ്ഞു. ഹൂസ്റ്റണ്‍ നഗരത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.

ഇന്ത്യക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ഭയത്തോടു കൂടിയാണ് ജനങ്ങൾ വീടുകളിൽ കഴിയുന്നതെന്നും ക്രൈസ്തവ എഴുത്തുപുര പ്രതിനിധി നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിരവധി മലയാളി കുടുംബങ്ങളും ഹൂസ്റ്റണിലുണ്ട്.

50 വര്‍ഷത്തിനിടെ ടെക്‌സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. 2,30,000 പേര്‍ക്ക് വൈദ്യുതിയില്ലാതായി. ടെക്‌സാസില്‍ ബുധനാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ടെക്‌സാസ് തീരത്തെത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഹൂസ്റ്റണ്‍ നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരത്തുകളെല്ലാം വെള്ളത്തിനടിയിലായി.

ടെക്‌സസിലെ ഒട്ടേറെ റിഫൈനറികളെ കാറ്റും മഴയും ബാധിച്ചതോടെ ഇന്ധനവില ഉയര്‍ന്നിട്ടുണ്ട്. ഹാര്‍വിയെ ദുരന്തമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് 1,800 സൈനികരെയും രക്ഷാപ്രവര്‍ത്തനത്തിന് ആയിരംപേരുടെ മറ്റൊരു സംഘത്തെയും നിയോഗിക്കുമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.

കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വിയെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മുന്‍പ് 2005ലാണ് യുഎസില്‍ ഇത്രയും കനത്ത ചുഴലിക്കാറ്റ് വീശിയിട്ടുള്ളത്. ടെക്‌സസിലാകട്ടെ, 1961നു ശേഷമുണ്ടായ ഏറ്റവും കനത്ത ചുഴലിക്കാറ്റാണിത്. മഴയും കാറ്റുമെത്തിയതോടെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വാര്‍ത്താവിനിമയ ബന്ധവും തകരാറിലാണ്. തെക്കന്‍ ടെക്‌സസില്‍ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്.
അമേരിക്കയേയും ഹൂസ്റ്റൺ പട്ടണത്തേയും ഓർത്ത് പ്രാർത്ഥിക്കണമെന്ന് ക്രിസ്തീയ സമൂഹം ആവശ്യപ്പെടുന്നു.

റിപ്പോർട്ട്: ജെറ്റ്സൻ സണ്ണി, ക്രൈസ്തവ എഴുത്തുപുര മീഡിയ മാനേജർ

-ADVERTISEMENT-

-ADVERTISEMENT-

You might also like