ഡാളസ്: മറുനാട്ടിലെ മലയാളികള്‍ക്ക് മാതൃഭാഷയില്‍ ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007-ല്‍ ഡാളസില്‍ ആരംഭിച്ച ഡാളസ് സ്കൂള്‍ ഓഫ് തിയോളജിയുടെ അഞ്ചാമത് ഗ്രാജുവേഷന്‍ സര്‍വീസ് ആഗസ്റ്റ് 6-ന് മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ വച്ച് നടക്കുന്നതാണ്. പ്രമുഖ ബൈബിള്‍ പണ്ഡിതനും എഴുത്തുകാരനുമായ കാനം അച്ചനാണ് മുഖ്യാതിഥി. വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് സ്റാന്‍ലി ഉമ്മനാണ്. ‘സുവിശേഷീകരണം ധൈര്യത്തോടെ’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.
ആറു വിദ്യാര്‍ഥികളാണ് ഈ വര്‍ഷം B A in Theology (ബി എ ഇന്‍ തിയോളജി) ബിരുദം കരസ്ഥമാക്കുന്നത്. ഇതിനോടകം തന്നെ 42-ഓളം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തീകരിച്ച് വിവിധ മണ്ഡലങ്ങളില്‍ സുവിശേഷീകരണ രംഗത്ത് സജീവമായിട്ടുണ്ട്.
ബൈബിളിന്‍റെ ചരിത്രം, വ്യാഖ്യാനം, ദൈവ ശാസ്ത്രം, വിവിധ മതങ്ങള്‍ എന്നിങ്ങനെ 36-ഓളം വിഷയങ്ങളാണ് ഇവിടെ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പഠിപ്പിക്കുന്നത്. പാസ്റ്റര്‍മാരായ എബ്രഹാം തോമസ് (പ്രിന്‍സിപ്പാള്‍), ഡോ. ജോസഫ് ഡാനിയേല്‍ (പ്രസിഡന്‍റ്), തോമസ് മുല്ലയ്ക്കല്‍(അക്കാദമിക്ക് ഡീന്‍), കെ കെ മാത്യു(രജിസ്ട്രാര്‍) എന്നിവര്‍ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നു. ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിലാണ് ബൈബിള്‍ സ്കൂള്‍ ഇപ്പോള്‍ നടന്നു വരുന്നത്. എന്നാല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ ഗാര്‍ലെന്റിലുള്ള പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡിലും കൂടി ഒരു പഠനകേന്ദ്രം ആരംഭിക്കുന്നതാണ്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകുന്നേരം 6-മണി മുതല്‍ 9-മണി വരെയാണ് പഠന സമയം.
അടുത്ത അദ്ധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ ആഗസ്റ്റ് 14-ന് ആരംഭിക്കുന്നതാണ്. സഭാ വിഭാഗ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും അഡ്മിഷന്‍ നല്‍കുന്നു. ഞായറാഴ്ച വൈകുന്നേരം 6:30-ന് നടക്കുന്ന ഗ്രാജുവേഷന്‍ സര്‍വ്വീസിലേക്ക് പൊതുജനങ്ങള്‍ കടന്നുവരുന്നത് ബൈബിള്‍ സ്കൂള്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 469 682 5031/ 214 223 1194
Graduation venue: Metro Church of God, 13930 Distribution Way, Farmers Branch, TX 75234